
ലണ്ടന്‍: പാകിസ്ഥാൻ ബാറ്റിംഗ് ഇതിഹാസം സഹീർ അബ്ബാസിനെ(Zaheer Abbas) ആരോഗ്യനില വഷളായതിനെത്തുടർന്ന് ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസം മുൻപ് ദുബായില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ന്യുമോണിയ സ്ഥിരീകരിച്ച സഹീർ അബ്ബാസിനെ പാഡിങ്ടണിലെ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ഏഷ്യന്‍ ബ്രാഡ്മാന്‍ എന്നായിരുന്നു സഹീർ അബ്ബാസിന്‍റെ വിളിപ്പേര്. 74കാരനായ സഹീർ അബ്ബാസ് പാകിസ്ഥാന് വേണ്ടി 78 ടെസ്റ്റും 62 ഏകദിന മത്സരങ്ങളും കളിച്ച താരമാണ്. രണ്ട് ഫോര്‍മാറ്റിലും 40ല്‍ കൂടുതല്‍ ബാറ്റിംഗ് ശരാശരിയുണ്ട് അദ്ദേഹത്തിന്. 78 ടെസ്റ്റില്‍ 44.79 ശരാശരിയില്‍ 5062 റണ്‍സും 62 ഏകദിനത്തില്‍ 47.62 ശരാശരിയില്‍ 2572 റണ്‍സും നേടി. ടെസ്റ്റില്‍ 274ഉം ഏകദിനത്തില്‍ 123ഉം ആണ് ഉയർന്ന സ്കോർ. ടെസ്റ്റില്‍ 12ഉം ഏകദിനത്തില്‍ ഏഴും സെഞ്ചുറികള്‍ പേരിലാക്കി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 100 സെഞ്ചുറികളുള്ള ഏക ഏഷ്യക്കാരനാണ് സഹീർ അബ്ബാസ്. 459 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 108 ശതകങ്ങളോടെ 34843 റണ്‍സ് അബ്ബാസിനുണ്ട്. 323 ലിസ്റ്റ് എ മത്സരങ്ങളില്‍ 19 സെഞ്ചുറികളോടെ 11240 റണ്‍സും പേരിലാക്കി. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി അഞ്ച് സെഞ്ചുറികള്‍ നേടിയ ആദ്യ താരവും അബ്ബാസ് തന്നെ. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്വസ് കാലിസ്, ഓസീസ് വനിതാ ഇതിഹാസം ലിസ സ്തലേക്കർ എന്നിവർക്കൊപ്പം 2020ല്‍ സഹീര്‍ അബ്ബാസിനെ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയിരുന്നു.