'ആരാധകർക്കായെങ്കിലും പാകിസ്ഥാനിലേക്ക് വരൂ'; ഇന്ത്യന്‍ ടീമിനോട് പാക് ക്രിക്കറ്റർ

Published : Jun 22, 2023, 10:33 PM ISTUpdated : Jun 22, 2023, 10:43 PM IST
'ആരാധകർക്കായെങ്കിലും പാകിസ്ഥാനിലേക്ക് വരൂ'; ഇന്ത്യന്‍ ടീമിനോട് പാക് ക്രിക്കറ്റർ

Synopsis

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ കാരണങ്ങളാല്‍ നിലവില്‍ ഇന്ത്യ-പാക് പരമ്പരകള്‍ നിർത്തിവച്ചിരിക്കുകയാണ്

ലാഹോർ: ഏഷ്യാ കപ്പ് വേദി സംബന്ധിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്‍റെ നാടകീയതകള്‍ തുടരുന്നതിനിടെ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് ക്ഷണിച്ച് ബാറ്റർ അഹമ്മദ് ഷെഹ്സാദ്. രാഷ്ട്രീയം മാറ്റിവച്ച് ക്രിക്കറ്റിന് ഇരു രാജ്യങ്ങളും തയ്യാറാകണമെന്നും ആരാധകർക്കായെങ്കിലും ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ മത്സരങ്ങള്‍ വീണ്ടും തുടങ്ങണമെന്നും ഷെഹ്സാദ് ഒരു പോഡ്കാസ്റ്റില്‍ ആവശ്യപ്പെട്ടു. 

'കായികരംഗത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിർത്തണം. ഇത് ഞാനെപ്പോഴും പറയാറുണ്ട്. രാജ്യങ്ങള്‍ പാകിസ്ഥാനോ ഇന്ത്യയോ ഏതുമാകട്ടെ. കായികയിനങ്ങള്‍ മനുഷ്യരെ ഒന്നിപ്പിക്കുന്നതും അസമത്വങ്ങള്‍ ഇല്ലാതാക്കുന്നതുമാണ്. ഈ ഒത്തുരമ ഏഷ്യക്ക് കരുത്താകും. ഇരു രാജ്യങ്ങളും മുഖാമുഖം കളിക്കുന്നത് ഇപ്പോഴോ പിന്നീടോ വീണ്ടും തുടങ്ങണം. ഇതിനായി ആരാധകർ കാത്തിരിപ്പിലാണ്. ലോക ക്രിക്കറ്റില്‍ ഇത്രയേറെ ആവേശമുള്ള മറ്റൊരു മത്സരമില്ല. മറ്റൊരു മത്സരത്തിനും ഇത്രയധികം കാഴ്ചക്കാരെ കിട്ടില്ല. ആരാധകർക്കായി പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീം കടന്നുവരണം' എന്നും അഹമ്മദ് ഷെഹ്സാദ് പറഞ്ഞു. 

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ കാരണങ്ങളാല്‍ നിലവില്‍ ഇന്ത്യ-പാക് പരമ്പരകള്‍ നിർത്തിവച്ചിരിക്കുകയാണ്. ഐസിസിയുടെയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെയും മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യ-പാക് ടീമുകള്‍ മുഖാമുഖം ഏറ്റുമുട്ടുന്നത്. പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യന്‍ ടീം സന്നദ്ധമല്ലാത്തതിനാല്‍ ഈ മത്സരങ്ങള്‍ക്ക് നിഷ്പക്ഷ വേദി ആവശ്യമാണ്. 

വേദിയെ ചൊല്ലി ഇത്തവണത്തെ ഏഷ്യാ കപ്പിന്‍റെ ആതിഥേയരായ പാക് ക്രിക്കറ്റ് ബോർഡുമായി ബിസിസിഐ നേർക്കുനേർ വന്നിരുന്നു. പാക് ബോർഡിന്‍റെ നാടകീയ നീക്കങ്ങളും പ്രശ്നം വഷളാക്കി. ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലില്‍ നടത്താനാണ് നിലവിലെ തീരുമാനം. സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെ പാകിസ്ഥാനിലും ശ്രീലങ്കയിലുമായി മത്സരം നടത്താന്‍ നിശ്ചയിക്കുകയായിരുന്നു. ടീം ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ലങ്കയാണ് വേദിയാവുക. ടൂർണമെന്‍റ് ഹൈബ്രിഡ് മോഡലില്‍ നടത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ പുതിയ ചീഫ് സാക അഷ്‌റഫ് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനകം വേദി നിശ്ചയിച്ചതിനാല്‍ ഇനി മാറ്റം വേണ്ടെന്ന് അദേഹം വിശദീകരിച്ചു. 

Read more: ഏഷ്യാകപ്പ്: ഹൈബ്രിഡ് മോഡല്‍ പാകിസ്ഥാന് നഷ്ടമെന്ന് പിസിബി ചീഫ്; പിന്നാലെ യു ടേണ്‍

PREV
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം
കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്