
കറാച്ചി: പത്ത് വര്‍ഷത്തെ ഇടവേളക്കുശേഷം ശ്രീലങ്കക്കെതിരെ നാട്ടില്‍ പരമ്പര കളിക്കാനൊരുങ്ങുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം. പുതിയ പരിശീലകനും ചീഫ് സെലക്ടറുമായ മുന്‍ നായകന്‍ മിസബ ഉള്‍ ഹഖിന്റെ കീഴിലാണ് പാക്കിസ്ഥാന്‍ ഇറങ്ങുന്നത്. ലോകകപ്പ് തോല്‍വിയെത്തുടര്‍ന്ന് ഒഴിവാക്കപ്പെട്ട മുന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍ക്ക് പകരക്കാരനായാണ് മിസബ പാക് ടീമിന്റെ പരിശീലകനായത്.
ഒപ്പം മുന്‍ നായകന്‍ ഇന്‍സ്മാം ഉള്‍ ഹഖ് ഒഴിഞ്ഞ ചീഫ് സെലക്ടര്‍ പദവിയും മിസബയ്ക്ക് തന്നെയാണ്. പരിശീലകനും സെലക്ടറുമെന്ന നിലയില്‍ ഇരട്ട റോള്‍ വഹിക്കുന്ന മിസബ് തനിക്ക് ലഭിക്കുന്ന പ്രതിഫലം എത്രയാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കി.
ഈ ജോലി കിട്ടാന്‍ ഞാനെന്തെങ്കിലും അത്ഭുതം കാട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ ജോലി വാഗ്ദാനം ചെയ്തപ്പോള്‍ പാക് ബോര്‍ഡിന് മുന്നില്‍ ഒരു ആവശ്യവും ഞാന്‍ മുന്നോട്ടുവെച്ചിട്ടുമില്ല. മുന്‍ പരിശീലകന് എത്രയായിരുന്നോ പ്രതിഫലം അതുതന്നെ തനിക്കും നല്‍കിയാല്‍ മതിയെന്ന് മാത്രമെ ആവശ്യപ്പെട്ടിട്ടുള്ളു-മിസബ പറഞ്ഞു.
Also Read: ധോണിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗംഭീര്‍
ഇരട്ട റോള്‍ വഹിക്കുന്ന മിസബയുടെ പ്രതിഫലം എത്രയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പ്രതിമാസം 28 ലക്ഷം രൂപയും വര്‍ഷം 3.4 കോടി രൂപയുമായിരിക്കും മിസബയുടെ പ്രതിഫലമെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കാള്‍ വളരെ കുറവാണ് ഇരട്ടച്ചുമതലയുണ്ടായിട്ടും മിസബയുടെ പ്രതിഫലമെന്നതാണ് വസ്തുത.
ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ പ്രതിവര്‍ഷം 9.5 കോടി മുതല്‍ 10 കോടി രൂപവരെയാണ് ശാസ്ത്രിയുടെ പ്രതിഫലം. സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ച് ശ്രീലങ്കന്‍ ടീമിലെ 10 പ്രമുഖ താരങ്ങള്‍ പാക്കിസ്ഥാനെതിരായ പരമ്പരയില്‍ കളിക്കുന്നില്ല. 10 വര്‍ഷം മുമ്പ് പാക്കിസ്ഥാനില്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ ഭീകരാക്രമണമുണ്ടായശേഷം പ്രമുഖ ടീമുകളൊന്നും പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ ഇതുവരെ തയാറായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!