ഗില്ലിന് നല്‍കാനുള്ള ഒരേയൊരു ഉപദേശം, നിങ്ങള്‍ക്ക് ഇനി ഇതില്‍പ്പരം താഴാനില്ല എന്നതാണ്. അതുകൊണ്ട് തിരിച്ചുവരാനായി അസ്വസ്ഥനാവേണ്ട കാര്യമില്ല.

ലക്നൗ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും ഓപ്പണറെന്ന നിലയില്‍ നിരാശപ്പെടുത്തി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന് ഉപദേശവുമായി മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. കരിയറിലെ ഏറ്റവും മോശം ഫോമില്‍ നില്‍ക്കുന്ന ശുഭ്മാന്‍ ഗില്ലിന് ഇനി ഒന്നും നഷ്ടപ്പെടാനില്ലെന്നും കിട്ടുന്നതെല്ലാം ബോണസാണെന്ന് കരുതി വരാനുള്ള മത്സരങ്ങളെ സമീപിക്കണമെന്നും ശ്രീകാന്ത് സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ പറഞ്ഞു.

ഗില്ലിന് നല്‍കാനുള്ള ഒരേയൊരു ഉപദേശം, നിങ്ങള്‍ക്ക് ഇനി ഇതില്‍പ്പരം താഴാനില്ല എന്നതാണ്. അതുകൊണ്ട് തിരിച്ചുവരാനായി അസ്വസ്ഥനാവേണ്ട കാര്യമില്ല. നിങ്ങള്‍ ഇതുവരെ കാര്യമായി റണ്‍സടിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ആദ്യം ഉള്‍ക്കൊള്ളുക. അതിനുശേഷം അനിശ്ചിതത്വത്തിന്‍റെ കണികപോലും ബാക്കിവെക്കാതെ സ്വതന്ത്രനായി ബാറ്റ് ചെയ്യുക. കാരണം, ഇനി നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. കിട്ടുന്നതെല്ലാം നേട്ടമാണ്.

ക്രീസിലെത്തിയാല്‍ ആദ്യം ഒരു പന്തില്‍ ഒരു റണ്‍ വെച്ച് സ്കോര്‍ ചെയ്യാന്‍ ശ്രമിക്കുക. ആദ്യ 30 പന്തില്‍ ഒറു 30-40 റണ്‍സൊക്കെ എടുത്തശേഷം ആത്മവിശ്വസം തിരിച്ചുപിടിച്ച് സ്വതന്ത്രനായി കളിക്കുക. റണ്ണുകളെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കേണ്ട. കാരണം, മറുവശത്ത് അഭിഷേക് ശര്‍മയോ തിലക് വര്‍മയോ സ്കോറിംഗിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തോളുമെന്നും ശ്രീകാന്ത് പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആധ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ ഗില്‍ മൂന്നാം മത്സരത്തില്‍ 12 പന്തില്‍ 28 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും 28 പന്തില്‍ 28 റണ്‍സെടുത്ത് പുറത്തായിരുന്നു. ഏഷ്യാ കപ്പിലൂടെ ഇന്ത്യയുടെ ടി20 ടീമില്‍ തിരിച്ചെത്തിയശേഷം കളിച്ച 15 മത്സരങ്ങളില്‍ 24.25 ശരാശരിയിലും 137.26 സ്ട്രൈക്ക് റേറ്റിലും 291 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാനായത്. ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ ഗില്ലിനായിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക