Latest Videos

ഫഖര്‍ സമാന്റെ പോരാട്ടം പാഴായി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന്‍ കീഴടങ്ങി

By Web TeamFirst Published Apr 4, 2021, 10:21 PM IST
Highlights

193 നേടിയ ഫഖര്‍ പാകിസ്ഥാന് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറിന്റെ ആദ്യ പന്തില്‍ റണ്ണൗട്ടായതോടെ പാകിസ്ഥാന്‍ തോല്‍വി സമ്മതിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി.

ജൊഹന്നാസ്ബര്‍ഗ്: പാകിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമാന്റെ വിരോചിത ഇന്നിങ്‌സ് അതിജീവിച്ച് രണ്ടാം ഏകദിനം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 341 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന്‍ അവസാന ഓവറില്‍ 17 റണ്‍സിനാണ് കീഴടങ്ങിയത്. 193 നേടിയ ഫഖര്‍ പാകിസ്ഥാന് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറിന്റെ ആദ്യ പന്തില്‍ റണ്ണൗട്ടായതോടെ പാകിസ്ഥാന്‍ തോല്‍വി സമ്മതിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി. 

ഫഖര്‍ ഒഴികെ മറ്റാര്‍ക്കും ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയ്‌ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. 155 പന്തില്‍ 18 ഫോറിന്റേയും 10 സിക്‌സിന്റേയും സഹായത്തോടെയാണ് ഫഖര്‍ ഇത്രയും റണ്‍സെടുത്തത്. ഏകദിനത്തില്‍ രണ്ടാം ഇരട്ട സെഞ്ചുറി നേടാനുള്ള അവസരമാണ് ഫഖര്‍ പാഴാക്കിയത്. 2018ല്‍ സിംബാബ്‌വെക്കെതിരെ താരം പുറത്താവാതെ 210 റണ്‍സ് നേടിയിരുന്നു. 31 റണ്‍സ് നേടി ബാബര്‍ അസമാണ് പാക് നിരയിലെ രണ്ടാമത്തെ മികച്ച സ്‌കോറര്‍.

ഇമാം ഉള്‍ ഹഖ് (5), മുഹമ്മദ് റിസ്‌വാന്‍ (0), ഡാനിഷ് അസീസ് (9), ഷദാബ് ഖാന്‍ (13), ആഫിഫ് അലി (19), ഫഹീം അഷ്‌റഫ് (11), ഷഹീന്‍ അഫ്രീദി (5), എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹാരിസ് റൗഫ്(1), മുഹമ്മദ് ഹസ്‌നൈന്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു. ആന്റിച്ച് നോര്‍ജെ ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഫെഹ്ലുക്വായോ രണ്ടും കഗിസോ റബാദ, ലുംഗി എന്‍ഗിഡി, തബ്രൈസ് ഷംസി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ  ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 341 റണ്‍സാണ് നേടിയത്. 92 റണ്‍സ് നേടിയ ക്യാപ്റ്റന്‍ തംബ ബെവൂമയാണ് ആതിഥേയരുടെ ടോപ് സ്‌കോററര്‍. മികച്ച തുടക്കമാണ് ക്വിന്റണ്‍ ഡി കോക്ക് (80)- എയ്ഡന്‍ മാര്‍ക്രം (39) സഖ്യം ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. 55 റണ്‍സ് നേടിയ സഖ്യത്തെ പിരിച്ചത് ഫഹീം അഷ്‌റഫാണ്. എന്നാല്‍ ബവൂമ- ഡി ഡോക്ക് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായി. ഇരുവരും 114 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

ഇതിനിടെ ഡി കോക്കിനെ ഹാരിസ് റൗഫ് മടക്കിയയച്ചു. എന്നാല്‍ വാന്‍ ഡര്‍ ഡസ്സനൊപ്പവും ബവൂമ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 101 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. കൂറ്റനടികള്‍ പുറത്തെടുത്ത ഡസ്സന്‍ 37 പന്തില്‍ നിന്നാണ് 60 റണ്‍സ് നേടിയത്. ഡസ്സണ് ശേഷം ക്രീസിലെത്തിയ ഡേവിഡ് മില്ലര്‍ 27 പന്തില്‍ നിന്ന് പുറത്താവാതെ 50 റണ്‍സെടുത്തു. മൂന്ന് വീതം സിക്‌സും ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. 47-ാം ഓവറിലാണ് ബവൂമ മടങ്ങിയത്. ഇതിനിടെ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലെത്തിയിരുന്നു. 

മില്ലര്‍ക്കൊപ്പം കഗിസോ റബാദ പുറത്താവാതെ നിന്നു. ഹെന്റീച്ച് ക്ലാസന്‍ (11), ഫെഹ്ലുക്വായോ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മൂന്ന് വിക്കറ്റ് നേടിയ ഹാരിസ് റൗഫ് മാത്രമാണ് പാക് ബൗളര്‍മാരില്‍ തിളങ്ങിയത്. റൗഫിന് പുറമെ ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, മുഹമ്മദ് ഹസ്‌നൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

click me!