
പെര്‍ത്ത്: ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ സിംബാബ്‌വെയ്‌ക്കെതിരെ പാകിസ്ഥാന് 131 റണ്‍സ് വിജയലക്ഷ്യം. പെര്‍ത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്‌വെയെ മുഹമ്മദ് വസിം, ഷദാബ് ഖാന്‍ എന്നിവരാണ് എറിഞ്ഞൊതുക്കിയത്. വസിം നാലും ഷദാബ് മൂന്നും വിക്കറ്റ് നേടി. 31 റണ്‍സ് നേടിയ സീന്‍ വില്യംസാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍.
മികച്ച തുടക്കമാണ് സിംബാബ്‌വെയ്ക്ക് ലഭിച്ചിരുന്നത്. അഞ്ച് ഓവറില്‍ 42 റണ്‍സ് നേടാന്‍ സിംബാബ്‌വെ ഓപ്പണര്‍മാര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ക്രെയ്ഗ് ഇര്‍വിനെ (19) പുറത്താക്കി മുഹമ്മദ് വസിം പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. സ്‌കോര്‍ 43 ആവുമ്പോള്‍ വെസ്ലി മധെവേരെയും (17) പവലിയനില്‍ തിരിച്ചെത്തി. പിന്നീടെത്തിയവരില്‍ വില്യംസ് ഒഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.
മില്‍ട്ടണ്‍ ഷുംബ (8), സിക്കന്ദര്‍ റാസ (9), റെഗിസ് ചകബ്വാ (0) എന്നിവര്‍ക്ക് രണ്ടക്കം പോലും കാണാന്‍ സാധിച്ചില്ല. വാലറ്റത്ത് ബ്രാഡ് ഇവാന്‍സ് (19), റ്യാന്‍ ബേള്‍ (10) എന്നിവരുടെ പ്രകടനമാണ് സ്‌കോര്‍ 130ലെതതിച്ചത്. ലൂക് ജോംഗ്‌വെയാണ് (0) പുറത്തായ മറ്റൊരു താരം. റിച്ചാര്‍ഡ് ഗവാര (3) ബേളിനൊപ്പം പുറത്താവാതെ നിന്നു. ഹാരിസ് റൗഫിന് ഒരു വിക്കറ്റുണ്ട്.
'ഓറഞ്ച്' കണ്ടിട്ടും റണ്ണടിക്കാതെ രാഹുല്‍, എയറില്‍ നിര്‍ത്തി ആരാധകര്‍
നേരത്തെ, ഇന്ത്യക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങിയത്. ആസിഫ് അലിക്ക് പകരം മുഹമ്മദ് വസീം ടീമിലെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച ടീമില്‍ നിന്ന് സിംബാബ്‌വെയും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. തെഡെയ് ചടാരയ്ക്ക് പകരം ബ്രാഡ് ഇവാന്‍സിന് അവസരം നല്‍കി.
സിംബാബ്‌വെ: റെഗിസ് ചകാബ്വ, ക്രെയ്ഗ് ഇര്‍വിന്‍, സീന്‍ വില്യംസ്, സിക്കന്ദര്‍ റാസ, വെസ്ലി മധെവേരെ, മില്‍ട്ടണ്‍ ഷുംബ, ബ്രാഡ് ഇവാന്‍സ്, റ്യാന്‍ ബേള്‍, ലൂക് ജോങ്‌വെ, ബ്ലെസിംഗ് മുസറബാനി, റിച്ചാര്‍ഡ് ഗവാര.
പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, ഷാന്‍ മസൂദ്, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഹൈദര്‍ അലി, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം, നസീം ഷാ.