Latest Videos

ടി20 ലോകകപ്പ്: ഓറഞ്ച് പടയെയും വീഴ്ത്തി; രണ്ടാം ജയവുമായി ഇന്ത്യ ഒന്നാമത്

By Gopala krishnanFirst Published Oct 27, 2022, 3:56 PM IST
Highlights

ഇന്ത്യന്‍ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ നെതര്‍ലന്‍ഡ്സിന് അത്ഭുതങ്ങള്‍ ഒന്നും കാട്ടാനായില്ല. ആദ്യ രണ്ടോവര്‍ മെയ്ഡിനാക്കി തുടങ്ങിയ ഭുവനേശ്വര്‍ കുമാര്‍ തന്‍റെ രണ്ടാം ഓവറില്‍ നെതര്‍ലന്‍ഡ്സ് ഓപ്പണര്‍ വിക്രംജീത് സിംഗിനെ(1) ബൗള്‍ഡാക്കി നെതര്‍ലന്‍ഡ്സിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.

സിഡ്നി: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ രണ്ടാം പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് 56 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം.  180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങി നെതര്‍ലന്‍ഡ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 15 പന്തില്‍ 20 റണ്‍സെടുത്ത ടിം പ്രിംഗിളാണ് നെതര്‍ലന്‍ഡ്സിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും അക്സര്‍ പട്ടേലും ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ രണ്ട് കളികളില്‍ രണ്ട് ജയത്തോടെ നാലു പോയന്‍റുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 179-2, നെതര്‍ലന്‍ഡ്സ് 20 ഓവറില്‍ 123-9.

അത്ഭുതങ്ങളില്ലാതെ നെതര്‍ലന്‍ഡ്സ്

ഇന്ത്യന്‍ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ നെതര്‍ലന്‍ഡ്സിന് അത്ഭുതങ്ങള്‍ ഒന്നും കാട്ടാനായില്ല. ആദ്യ രണ്ടോവര്‍ മെയ്ഡിനാക്കി തുടങ്ങിയ ഭുവനേശ്വര്‍ കുമാര്‍ തന്‍റെ രണ്ടാം ഓവറില്‍ നെതര്‍ലന്‍ഡ്സ് ഓപ്പണര്‍ വിക്രംജീത് സിംഗിനെ(1) ബൗള്‍ഡാക്കി നെതര്‍ലന്‍ഡ്സിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. മാക്സ് ഒഡോഡും(16) ബാസ് ഡി ലീഡും(16) ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും നെതര്‍ലന്‍ഡ്സ് ഇന്നിംഗ്സിന് വേഗമില്ലായിരുന്നു. ഒടോഡിനെയും ബാസ് ഡി ലീഡിനെയും മടക്കി അക്സറും പൊരുതി നില്‍ക്കാന്‍ ശ്രമിച്ച കോളിന്‍ അക്കര്‍മാനെ അശ്വിനും വീഴ്ത്തിയതോടെ നെതര്‍ലന്‍ഡ്സിന്‍റെ നടുവൊടിഞ്ഞു.

ടി20യില്‍ മറ്റാറ്റൊരു ബാറ്റര്‍ക്കും സ്വന്തമാക്കാനാവാത്ത അപൂര്‍വ റെക്കോര്‍ഡ് അടിച്ചെടുത്ത് സൂര്യകുമാര്‍ യാദവ്

വാലറ്റത്ത് ടിം പ്രിംഗിള്‍ നടത്തിയ ചെറുത്തുനില്‍പ്പ് നെതര്‍ലന്‍ഡ്സിന്‍റെ തോല്‍വിഭാരം കുറച്ചുവെന്ന് മാത്രം. ഇന്ത്യക്കായിഭുവനേശ്വര്‍ കുമാര്‍ മൂന്നോവറില്‍ ഒമ്പത് റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് നാലോവറില്‍ 37 റണ്‍സിനും അക്സര്‍ നാലോവറില്‍ 18 റണ്‍സിനും അശ്വിന്‍ നാലോവറില്‍ 21 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സൂപ്പര്‍ 12വിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ നാലു വിക്കറ്റിന് വീഴ്ത്തിയ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

'ഓറഞ്ച്' കണ്ടിട്ടും റണ്ണടിക്കാതെ രാഹുല്‍, എയറില്‍ നിര്‍ത്തി ആരാധകര്‍

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും സൂര്യകുമാര്‍ യാദവിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തത്. രോഹിത് 39 പന്തില്‍ 53 റണ്‍സെടുത്തപ്പോള്‍ വിരാട് കോലി 44 പന്തില്‍ പുറത്താകാതെ 62 റണ്‍സും സൂര്യകുമാര്‍ യാദവ് 25 പന്തില്‍ പുറത്താകാതെ 51 റണ്‍സും നേടി ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് നിര്‍ണായക സംഭാവന നല്‍കി. അവസാന പന്തില്‍ സിക്സ് അടിച്ചാണ് സൂര്യകുമാര്‍ അര്‍ധസെഞ്ചുറി തികച്ചത്.

പാക്കിസ്ഥാനെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. 30ന് ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.

click me!