സര്‍ഫ്രാസ് അഹമ്മദിനെ പുറത്താക്കി; പാക് ടീമിന് പുതിയ നായകന്‍

By Web TeamFirst Published Oct 18, 2019, 2:17 PM IST
Highlights

സര്‍ഫ്രാസിന് പകരക്കാരനായി അസ്ഹര്‍ അലിയാണ് പാക് ടെസ്റ്റ് ടീമിന്റെ പുതിയ പാക് നായകന്‍. ബാബര്‍ അസം പാക് ഏകദിന, ടി20 ടീമുകളുടെ നായകനാവും.

കറാച്ചി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തു നിന്ന് സര്‍ഫ്രാസ് അഹമ്മദിനെ നീക്കി. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതിനൊപ്പം ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള പാക് ടീമില്‍ നിന്നും സര്‍ഫ്രാസിനെ ഒഴിവാക്കിയിട്ടുണ്ട്.ടെസ്റ്റ്, ടി20 ടീമുകളുടെ നായക സ്ഥാനത്തു നിന്നാണ് സര്‍ഫ്രാസിനെ പുറത്താക്കിയത്.

അടുത്ത വര്‍ഷം ജൂലൈയില്‍ മാത്രമെ പാക്കിസ്ഥാന് ഇനി ഏകദിന മത്സരം കളിക്കേണ്ടതുള്ളൂ എന്നതിനാല്‍ ഏകദിന ടീം നായകനെ പ്രഖ്യാപിച്ചിട്ടില്ല. ഉചിതമായ സമയത്ത് ഏകദിന ടീം നായകന്റെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിച്ചാല്‍ സര്‍ഫ്രാസിന് ടീമില്‍ തിരിച്ചെത്താമെന്നും സെലക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ഫ്രാസിന് പകരക്കാരനായി അസ്ഹര്‍ അലിയാണ് പാക് ടെസ്റ്റ് ടീമിന്റെ പുതിയ പാക് നായകന്‍. ബാബര്‍ അസം പാക്  ടി20 ടീമിന്റെ നായകനാവും. മുഹമ്മദ് റിസ്‌‌വാന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാവും. അടുത്ത ടി20 ലോകകപ്പ് വരെയാണ് ബാബര്‍ അസം ടി20 ടീമിനെ നയിക്കുക.

 ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയശേഷം സര്‍ഫ്രാസിന്റെ പ്രകടനത്തില്‍ ടീമിന്റെ മുഖ്യ പരിശീലകനും മുഖ്യ സെലക്ടറുമായ മിസ്ബാ ഉള്‍ ഹഖ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

click me!