'അയാള്‍ ഇപ്പോഴെന്താണ് ചെയ്തത്'; ശാസ്ത്രിയെ വെട്ടിലാക്കി ഗാംഗുലിയുടെ മറുപടി

By Web TeamFirst Published Oct 18, 2019, 1:21 PM IST
Highlights

 ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയശേഷം കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയ ഗാംഗുലിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

കൊല്‍ക്കത്ത: അനില്‍ കുംബ്ലെയെ മാറ്റി രവി ശാസ്ത്രിയെ ഇന്ത്യന്‍ പരിശീലകനാക്കണമെന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ നിര്‍ബന്ധത്തെ ആദ്യം എതിര്‍ത്തയാള്‍ ഉപദേശക സമിതിയില്‍ അംഗമായിരുന്ന സൗരവ് ഗാംഗുലിയായിരുന്നു. ഒടുവില്‍ സച്ചിനും ഗാംഗുലിയും വിവിഎസ് ലക്ഷ്മണും അടങ്ങുന്ന ഉപദേശക സമിതി ശാസ്ത്രിയെ തന്നെ പരിശീലകനാക്കിയ നിയമിച്ചു. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയാകട്ടെ പരിശീലക സ്ഥാനത്ത് ശാസ്ത്രിക്ക് രണ്ടാമൂഴവും നല്‍കി.

ബിസിസിഐയുടെ പ്രസിഡന്റായി ഗാംഗുലി വരുന്നതോടെ ശാസ്ത്രിയുടെ സ്ഥാനത്തിനും ഭീഷണിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയശേഷം കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയ ഗാംഗുലിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

താങ്കള്‍ രവി ശാസ്ത്രിയുമായി സംസാരിച്ചോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എന്തിന്, അയാള്‍ ഇപ്പോഴെന്താണ് ചെയ്തത് എന്നായിരുന്നു കള്ളച്ചിരിയോടെ ഗാംഗുലിയുടെ മറുചോദ്യം. ഇന്ത്യന്‍ പരിശീലകകനെന്ന നിലയില്‍ വലിയ നേട്ടങ്ങളൊന്നും ശാസ്ത്രിയുടെ ക്രെഡിറ്റിലില്ലെന്നാണ് ഗാംഗുലിയുടെ മറുപടിയുടെ അര്‍ത്ഥമെന്ന് ആരാധകര്‍ ഇതിനെ വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്.

ഐസിസി ടൂര്‍ണമെന്റുകളിലും വലിയ ടൂര്‍ണമെന്റുകളിലും കിരീടം നേടാനാണ് ക്യാപ്റ്റന്‍ വിരാട് കോലി ഇനി ശ്രദ്ധിക്കേണ്ടതെന്ന് ഗാംഗുലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വലിയ ടൂര്‍ണമെന്റുകളില്‍ സെമിയിലോ ഫൈനലിലോ വീണുപോവുന്ന പതിവ് ഇന്ത്യ മാറ്റണമെന്നും ഗാംഗുലി ആവശ്യപ്പെട്ടിരുന്നു.

ഗാംഗുലിയും ശാസ്ത്രിയും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ലെന്നത് പരസ്യമായ രഹസ്യമാണ്. ഗാംഗുലി ബിസിസിഐ പ്രസിഡന്റായി നാമനിര്‍ദേശ പത്രിക നല്‍കിയതിന് പിന്നാലെ ശാസ്ത്രിയെ ട്രോളി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

click me!