
കറാച്ചി: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം പാകിസ്ഥാന്‍ ക്രിക്കറ്റിന് തന്നെയാകും കൂടുതല്‍ ദോഷം ചെയ്യുകയെന്ന് മുന്‍ പാക് താരം ഡാനിഷ് കനേരിയ. ഇന്ത്യയെ നേരിടാന്‍ പാകിസ്ഥാന് ഭയമാണെന്ന തെറ്റായ സന്ദേശമാണ് ഈ തീരുമാനത്തിലൂടെ ലോകത്തിന് ലഭിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് സ്പിന്നര്‍മാരിലൊരാളായ കനേരിയ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയില്‍ വന്ന് കളിക്കില്ലെന്ന പാകിസ്ഥാന്റെ ആവശ്യം പരിഗണിച്ച് ശ്രീലങ്കയിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ ബഹിഷ്‌കരണത്തില്‍ യുക്തിയില്ലെന്നാണ് കനേരിയയുടെ നിലപാട്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ... ''ഇന്ത്യയെ നേരിടാന്‍ പാകിസ്ഥാന്‍ പേടിക്കുന്നു, അതുകൊണ്ടാണ് അവര്‍ കളിക്കാന്‍ വിസമ്മതിക്കുന്നത് എന്ന് ആളുകള്‍ ചിന്തിക്കാന്‍ ഇത് കാരണമാകും. ലോകകപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഈ ബഹിഷ്‌കരണം പാകിസ്ഥാന്റെ സെമി ഫൈനല്‍ സാധ്യതകളെ കൂടുതല്‍ ദുഷ്‌കരമാക്കും.'' കനേരിയ വ്യക്തമാക്കി.
അദ്ദേഹം തുടര്‍ന്നു... ''ഗ്രൂപ്പ് ഘട്ടത്തില്‍ ബഹിഷ്‌കരിക്കാം. എന്നാല്‍ നാളെ സെമി ഫൈനലിലോ ഫൈനലിലോ ആണ് ഇന്ത്യയെ നേരിടേണ്ടി വരുന്നതെങ്കില്‍, അന്നും കളിക്കില്ലെന്ന് പറഞ്ഞ് കിരീടം ഇന്ത്യയ്ക്ക് വിട്ടുനല്‍കുമോ? മൈതാനത്തിറങ്ങി പോരാടി വിജയിക്കുകയാണ് വേണ്ടത്. അതാണ് യഥാര്‍ത്ഥ പ്രതികാരം. അല്ലാതെ ബഹിഷ്‌കരിക്കുന്നത് കൊണ്ട് ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല.'' അദ്ദേഹം പറഞ്ഞു. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ബംഗ്ലാദേശിനെ പിന്തുണയ്ക്കാന്‍ വേണ്ടിയാണ് ഈ തീരുമാനമെന്ന് പാകിസ്ഥാന്‍ കരുതുന്നുണ്ടാകാം. എന്നാല്‍ മറ്റുള്ളവരെ പിന്തുണയ്ക്കുന്നതിന് പകരം സ്വന്തം ക്രിക്കറ്റിന്റെ വളര്‍ച്ചയിലാണ് അവര്‍ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വൈകാരികമായ ഇത്തരം തീരുമാനങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കനേരിയ മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്‍ ടീമിലെ പല താരങ്ങള്‍ക്കും ഈ തീരുമാനത്തില്‍ അതൃപ്തിയുണ്ടാകുമെന്നും എന്നാല്‍ അത് തുറന്നു പറയാന്‍ കഴിയാത്ത സാഹചര്യത്തിലായിരിക്കും അവരെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!