സൈനിക തൊപ്പി ധരിച്ച ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പാക് മന്ത്രി; പാക് താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചിറങ്ങുമെന്ന് ഭീഷണി

By Web TeamFirst Published Mar 9, 2019, 6:06 PM IST
Highlights

പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരോട് ആദരമര്‍പ്പിച്ചാണ് ഇന്ത്യന്‍ കളിക്കാരും കമന്റേറ്റര്‍മാരും ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സൈനിക തൊപ്പി ധരിച്ചിറങ്ങിയത്.

കറാച്ചി: പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരോട് ആദരമര്‍പ്പിച്ച് ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സൈനിക തൊപ്പി ധരിച്ച് കളിക്കാനിറങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളുടെ നടപടി ആവശ്യപ്പെട്ട് പാക് മന്ത്രി. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ നടപടി ക്രിക്കറ്റിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതാണെന്നും ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഐസിസി നടപടിയെടുക്കണമെന്നും പാക് വാര്‍ത്താവിതരണ മന്ത്രി ഫവദ് ചൗധരി ആവശ്യപ്പെട്ടു.

പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരോട് ആദരമര്‍പ്പിച്ചാണ് ഇന്ത്യന്‍ കളിക്കാര്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സൈനിക തൊപ്പി ധരിച്ച് കളിക്കാനിറങ്ങിയത്. മത്സരത്തിലെ കളിക്കാരുടെ മാച്ച് ഫീ സൈനികരുടെ ക്ഷേമത്തിനായുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്നും ബിസിസിഐ ഇന്നലെ വ്യക്തമാക്കിയിരുന്നു. സൈനികരോട് ആദരമര്‍പ്പിക്കാനായി എല്ലാ വര്‍ഷവും ഒരു മത്സരത്തില്‍ സൈനിക തൊപ്പി ധരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കാനിറങ്ങുമെന്നും ബിസിസിഐ അറിയിച്ചിരുന്നു.

എന്നാല്‍ ഇത് ക്രിക്കറ്റല്ലെന്നും മാന്യന്‍മാരുടെ കളിയായ ക്രിക്കറ്റിനെ ഇന്ത്യന്‍ കളിക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചുവെന്നും ചൗധരി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ താരങ്ങളുടെ നടപടിക്കെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് ഔദ്യോഗികമായി പരാതി നല്‍കണമെന്നും ചൗധരി ആവശ്യപ്പെട്ടു. ഇന്ത്യന്‍ താരങ്ങള്‍ സൈനിക തൊപ്പി ധരിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ കശ്മീമിരിലെ അടിച്ചമര്‍ത്തലുകളില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ കളിക്കാര്‍ കൈയില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങുമെന്നും ചൗധരി വ്യക്തമാക്കി.

“It’s just not Cricket”, I hope ICC ll take action for politicising Gentleman’s game ... if Indian Cricket team ll not be stopped, Pak Cricket team should wear black bands to remind The World about Indian atrocities in Kashmir... I urge to lodge formal protest pic.twitter.com/GoCHM9aQqm

— Ch Fawad Hussain (@fawadchaudhry)

ചൗധരിയുടെ അഭിപ്രായം പങ്കുവെച്ച് പാക്കിസ്ഥാനിലെ നിരവധി പ്രമുഖരും രംഗത്തെത്തി. വിരാട് കോലിയെയും എംഎസ് ധോണിയെയും പോലുള്ള വലിയ കളിക്കാര്‍ യുദ്ധവെറി പരത്താന്‍ കൂട്ടുനില്‍ക്കരുതെന്ന് പാക് മാധ്യമപ്രവര്‍ത്തകരായ ഒവൈസ് ടോഹിഡും മസര്‍ അബ്ബാസും പറഞ്ഞു.

click me!