
ദുബായ്: വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് മൂന്നാം സീസണിൽ നിന്ന് പാകിസ്ഥാൻ ചാമ്പ്യൻസ് ഔദ്യോഗികമായി പിന്മാറി. ടൂർണമെന്‍റിൽ കളിക്കാൻ അനുമതി നൽകുന്നതിനായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവെച്ച കർശന നിബന്ധനകൾ സംഘാടക സമിതി നിരാകരിച്ചതിനെ തുടർന്നാണ് പിന്മാറ്റം. കഴിഞ്ഞ സീസണിൽ പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരവും പിന്നീട് സെമി ഫൈനൽ മത്സരവും ഇന്ത്യ ബഹിഷ്കരിച്ചതോടെ വാക്കോവറിലൂടെ പാകിസ്ഥാൻ ഫൈനലിൽ എത്തുകയായിരുന്നു. കളിക്കാർ തമ്മിൽ ഹസ്തദാനം ചെയ്യാനും അന്ന് ഇന്ത്യ തയ്യാറായിരുന്നില്ല. കഴിഞ്ഞ വർഷത്തെ സംഭവവികാസങ്ങളിൽ ഇന്ത്യൻ താരങ്ങൾ രേഖാമൂലം മാപ്പ് പറയണമെന്നും, ഇത്തവണ ഹസ്തദാനം ചെയ്യാൻ തയ്യാറാകണമെന്നുമായിരുന്നു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ പ്രധാന ആവശ്യം. എന്നാൽ ഈ നിബന്ധനകൾ അംഗീകരിക്കാൻ വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് മാനേജ്‌മെന്റ് തയ്യാറായില്ല.
വാണിജ്യപരമായ നിബന്ധനകൾ മാത്രമാണ് സംഘാടകർ അംഗീകരിച്ചത്. മാപ്പ് പറയണമെന്ന പിസിബിയുടെ ആവശ്യം തള്ളിയതോടെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് എന്‍ ഒ സി വിസമ്മതിച്ചതും തുടർന്ന് പാകിസ്ഥാൻ ടൂർണമെന്‍റിൽ നിന്ന് പിന്‍മാറിയതും. ഒക്ടോബർ 10-നായിരുന്നു ആരാധകർ കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നിശ്ചയിച്ചിരുന്നത്. എന്നാൽ പാകിസ്താന്റെ പിന്മാറ്റത്തോടെ ഈ മത്സരം റദ്ദാക്കി. ഷാഹിദ് അഫ്രീദി നയിക്കേണ്ടിയിരുന്ന പാകിസ്താൻ ടീമിന്റെ ആദ്യ മത്സരങ്ങൾ മുൻപ് തന്നെ സാങ്കേതിക കാരണങ്ങളാൽ മാറ്റിുവെച്ചിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലും റണ്ണേഴ്സ് അപ്പായ പാകിസ്താന് ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കില്ല. എൻ.ഒ.സി ലഭിക്കാത്തതിനാലാണ് പിന്മാറുന്നതെന്നും ബോർഡിന്‍റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും പാകിസ്ഥാൻ ചാമ്പ്യൻസ് മാനേജ്‌മെന്റ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!