നിര്‍ണാക മത്സരത്തില്‍ തോല്‍വി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര പാകിസ്ഥാന്

By Web TeamFirst Published Apr 7, 2021, 10:20 PM IST
Highlights

മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സെടുത്തു.

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര പാകിസ്ഥാന്. അവസാന മത്സരത്തില്‍ 28 റണ്‍സിനാണ് പാകിസ്ഥാന്‍ ജയിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 49.3 ഓവറില്‍ 292ന് എല്ലാവരും പുറത്തായി.

മൂന്ന് വിക്കറ്റ് വീതം നേടിയ ഷഹീന്‍ അഫ്രീദി, മുഹമ്മദ് നവാസ് എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്ത്. 70 റണ്‍സ് നേടിയ ജന്നേമന്‍ മലാനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. കെയ്ല്‍ വെറെയ്‌നെ (62), ആന്‍ഡിലെ ഫെഹ്ലുക്വായോ (54) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. എയ്ഡന്‍ മാര്‍ക്രം (18), സ്മട്ട്‌സ് (17), തെംബ ബവൂമ (20) ഹെന്റീച്ച് ക്ലാസന്‍ (4) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. രണ്ട് വിക്കറ്റ് നേടിയ ഹാരിസ് റൗഫ്, ഒരോ വിക്കറ്റ് വീതം നേടിയ ഹാസന്‍ അലി, ഉസ്മാന്‍ ഖാദിര്‍ എന്നിവരും വിജയത്തില്‍ നിര്‍ണായക പങ്കാളിയായി.

നേരത്തെ ഫഖര്‍ സമാന്‍ (101) ബാബര്‍ അസം (94) എന്നിവരുടെ ഇന്നിങ്‌സാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മികച്ച തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഫഖര്‍- ഇമാം ഉല്‍ ഹഖ് (57) സഖ്യം 112 റണ്‍സെടുത്തു. പിന്നാലെയെത്തിയ അസം, ഫഖറിന് മികച്ച പിന്തുണ നല്‍കി. മൂന്നാം വിക്കറ്റില്‍ 94 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഫഖറിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. ഒമ്പത് ഫോറും മുന്ന് സിക്‌സും ഇതില്‍ ഉള്‍പ്പെടും.

എന്നാല്‍ ഇരുവരും പെട്ടന്ന് മടങ്ങിയതോടെ പാക് നിരയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. മുഹമ്മദ് റിസ്‌വാന്‍ (2), സര്‍ഫറാസ് അഹമ്മദ് (13), ഫഹീം അഷ്‌റഫ് (1), മുഹമ്മദ് നവാസ് (4) എന്നിവര്‍ നിരാശപ്പെടുത്തി. ഹാസന്‍ അലിയാണ് (32) പാകിസ്ഥാനെ 300 കടത്തിയത്. കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയ്ക്കായ മൂന്ന് വിക്കറ്റ് വീഴ്ത്തി. എയ്ഡന്‍ മാര്‍ക്രമിന് രണ്ട് വിക്കറ്റുണ്ട്. 

അവസാന മത്സരത്തില്‍ പ്രധാന താരങ്ങളൊന്നും ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. ക്വിന്റണ്‍ ഡി കോക്ക്, ലുംഗി എന്‍ഗിഡി, കഗിസോ റബാദ എന്നിവരെല്ലാം ഐപിഎല്ലിനായി ഇന്ത്യയിലേക്ക് തിരിച്ചിരുന്നു.

click me!