റിസ്‌വാന്‍ തുണയായി; സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ടി20യില്‍ പാകിസ്ഥാന് ജയം

By Web TeamFirst Published Apr 21, 2021, 6:19 PM IST
Highlights

ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ആതിഥേയര്‍ക്ക് 138 റണ്‍സെടുക്കാനാണ് സാധിച്ചത്.

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ടി20യില്‍ പാകിസ്ഥാന് 11 റണ്‍സ് ജയം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ആതിഥേയര്‍ക്ക് 138 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ഉമര്‍ ഖാദിറാണ് സിംബാബ്‌വെയുടെ നടുവൊടിച്ചത്. നേരത്തെ മുഹമ്മദ് റിസ്‌വാന്‍ നേടിയ 82 റണ്‍സാണ് പാകിസ്ഥാനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്.

ഏഴ് വിക്കറ്റുകളാണ് സിംബാബ്‌വെയ്ക്കും നഷ്ടമായത്. 34 റണ്‍സ് നേടിയ ക്രെയ്ഗ് ഇര്‍വിനാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. ലൂക് ജോങ്‌വെ (30), തിനാഷെ കമുന്‍ഹുകാംവെ (29) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.    വെസ്ലി മധേവേരെ (14), റ്യാന്‍ ബേള്‍ (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഖാദിറിന് പുറമെ മുഹമ്മദ് ഹസ്‌നൈന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാരിസ് റൗഫ്, മുഹമ്മദ് ഹഫീസ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

നേരത്ത ഓപ്പണറായി ഇറങ്ങി പുറത്താവാതെ നിന്ന റിസ്‌വാന്റെ ഇന്നിങ്‌സാണ് പാകിസ്ഥാന് തുണയായത്. ഒരു ഘട്ടത്തില്‍ 15.3 ഓവറില്‍ അഞ്ചിന് 95 എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ റിസ്‌വാന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം സന്ദര്‍ശകരെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു.

ഡാനിഷ് അസീസ് (15), ഫഖര്‍ സമാന്‍ (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്‌സ്മാന്മാര്‍. ബാബര്‍ അസം (2), മുഹമ്മദ് ഹഫീസ് (5), ഹൈദര്‍ അലി (5), ഫഹീം അഷ്‌റഫ് (1), മുഹമ്മദ് നവാസ് (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഉസ്മാന്‍ ഖാദിര്‍ (2) പുറത്താവാതെ നിന്നു. ലൂക് ജോങ്‌വെ, വെസ്‌ലി മധേവേരെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി20യാണിത്.

click me!