സിംബാബ്‌വെയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം; പാകിസ്ഥാന് പരമ്പര

By Web TeamFirst Published May 10, 2021, 4:58 PM IST
Highlights

പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 510നെതിരെ ഫോളോഓണ്‍ ചെയ്യേണ്ടി വന്ന സിംബാബ്വെ രണ്ടാം ഇന്നിങ്സില്‍ 231ന് എല്ലാവരും പുറത്താവുകയായിരുന്നു.

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന് ഇന്നിങ്‌സ് ജയം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 147 റണ്‍സിനുമാണ് പാകിസ്ഥാന്‍ ജയിച്ചത്. സ്‌കോര്‍: പാകിസ്ഥാന്‍ 510. സിംബാബ്‌വെ 132 & 231. പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 510നെതിരെ ഫോളോഓണ്‍ ചെയ്യേണ്ടി വന്ന സിംബാബ്വെ രണ്ടാം ഇന്നിങ്സില്‍ 231ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീന്‍ അഫ്രീദിയും നുമാന്‍ അലിയുമാണ് സിംബാബ്‌വെയെ തകര്‍ത്തത്. ഇതോടെ പരമ്പര സന്ദര്‍ശകര്‍ 0-2ന് സ്വന്തമാക്കി.

ഒമ്പതിന് 220 എന്ന നിലയിലാണ് നാലാം ദിനം സിംബാബ്‌വെ ബാറ്റിങ്ങിനെത്തിയത്. എന്നാല്‍ 11 റണ്‍സിനിടെ ശേഷിക്കുന്ന ഒരു വിക്കറ്റും ആതിഥേയര്‍ക്ക് നഷ്ടമായി. ലൂക് ജോംഗ്‌വെ (37)യുടെ വിക്കറ്റാണ് ഇന്ന് നഷ്ടമായത്. ബ്ലസിംഗ് മുസറബാനി (4) പുറത്താവാതെ നിന്നു. 80 റണ്‍സെടുത്ത റെഗിസ് ചകബ്വ മാത്രമാണ് പിടിച്ചുനിന്നത്. ബ്രണ്ടന്‍ ടെയ്ലര്‍ (49) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒരു ഘട്ടടത്തില്‍ മൂന്നിന് 170 എന്ന നിലയിലായിരുന്നു സിംബാബ്വെ. എന്നാല്‍ ഷഹീന്‍- നൂമാന്‍ സഖ്യത്തിന്റെ ബൗളിങ്ങിന് മുന്നില്‍ സിംബാബ്വെ തകരുകയായിരുന്നു.

ഒന്നാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേടിയ ഹാസന്‍ അലിയാണ് സിംബാബ്വെയെ തകര്‍ത്തത്. ചകബ്വ (33) തന്നെയാണ് ഒന്നാം ഇന്നിങ്സിലേയും ടോപ് സ്‌കോറര്‍. നേരത്തെ പാകിസ്ഥാന്‍ എട്ടിന് 510 എന്ന നിലയില്‍ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ ആബിദ് അലി (പുറത്താവാതെ 215), അസര്‍ അലി (126) എന്നിവരുടെ ഇന്നിങ്‌സാണ് തുണയായത്.

നാലിന് 268 എന്ന നിലയിലാണ് പാകിസ്ഥാന്‍ രണ്ടാംദിനം ആരംഭിച്ചത്. ഒരറ്റത്ത് ആബിദ് നിലയുറപ്പിച്ചെങ്കിലും മറുവശത്ത് സന്ദര്‍ശകര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. സാജിദ് ഖാനാണ് (20) ആദ്യം മടങ്ങിയത്. മുഹമ്മദ് റിസ്വാന്‍ (21), ഹാസന്‍ അലി (0) എന്നിവരും നിരാശപ്പെടുത്തി. വാലറ്റക്കാരന്‍ നൂമാന്‍ അലി (97)യോടൊപ്പം നടത്തിയ പോരാട്ടമാണ് പാകിസ്ഥാന്‍ സ്‌കോര്‍ 500 കടത്തിയത്.

29 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ആബിദിന്റെ ഇന്നിങ്‌സ്. 104 പന്തുകള്‍ നേരിട്ട നൂമാന്‍ അഞ്ച് സിക്‌സും ഒമ്പത് ഫോറും നേടി. ആദ്യദിനം ഇമ്രാന്‍ ബട്ട് (2), അസര്‍ അലി (126), ബാബര്‍ അസം (2), ഫവാദ് ആലം (5) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായിരുന്നത്.

click me!