വോണിന്റെ നൂറ്റാണ്ടിന്റെ പന്തോ! സച്ചിനെ പുറത്താക്കിയ തന്‍റെ പന്ത് അതിനേക്കാള്‍ മനോഹരമായിരുന്നു: പനേസര്‍

By Web TeamFirst Published Aug 8, 2020, 11:09 AM IST
Highlights

1993 ആഷസില്‍ ഷെയ്ന്‍ വോണ്‍ മൈക്ക് ഗാറ്റിങ്ങിനെതിരെ എറിഞ്ഞ നൂറ്റാണ്ടിന്റെ പന്തിനേക്കാള്‍ മനോഹരമായിരിന്നു താന്‍ സച്ചിന്റെ വിക്കറ്റെടുത്ത പന്തെന്നാണ് പനേസര്‍ അവകാശപ്പെടുന്നത്.

ലണ്ടന്‍: 2012-13ല്‍ ഇംഗ്ലണ്ട് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുമ്പോള്‍ നിര്‍ണായകമായിരുന്നു മോണ്ടി പനേസറുടെ പ്രകടനം. അന്ന് 2-1നാണ് ഇംഗ്ലണ്ട് പരമ്പര ജയിച്ചത്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ രണ്ടും മൂന്നും ടെസ്റ്റുകള്‍ ഇംഗ്ലണ്ട് ജയിച്ചു. അവസാന ടെസ്റ്റാവട്ടെ സമനിലയില്‍ അവസാനിച്ചു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പനേസര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. 

അതിലൊന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിക്കറ്റായിരുന്നു. പനേസറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു സച്ചിന്‍. ഇപ്പോള്‍ ആ പന്തിന്റെ മഹത്വത്തെ കുറിച്ച് സംസാരിക്കുകയാണ് പനേസര്‍. 1993 ആഷസില്‍ ഷെയ്ന്‍ വോണ്‍ മൈക്ക് ഗാറ്റിങ്ങിനെതിരെ എറിഞ്ഞ നൂറ്റാണ്ടിന്റെ പന്തിനേക്കാള്‍ മനോഹരമായിരിന്നു താന്‍ സച്ചിന്റെ വിക്കറ്റെടുത്ത പന്തെന്നാണ് പനേസര്‍ അവകാശപ്പെടുന്നത്.

അദ്ദേഹം പറയുന്നതിങ്ങനെ... ''നിങ്ങള്‍ ആ പന്തൊന്ന് പരിശോധിക്കൂ. സച്ചിന്റെ ബാലന്‍സ് കൃത്യമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഗതിയെ കുറിച്ച് ഒരറിവും ഇല്ലായിരുന്നു. അദ്ദേഹം കരുതിയത് വെറുമൊരു സാധാരണ പന്തുപോലെ ഈ ഡെലിവറിയും കുത്തിതിരിഞ്ഞ് ലെഗ് സ്റ്റംപിലേക്ക് വരുമെന്നാണ്. 

എന്നാല്‍ അങ്ങനെ സംഭവിച്ചില്ല. അവിടെയാണ് ആ പന്തിന്റെ മഹത്വം. വോണ്‍ ഗാറ്റിങ്ങിനെതിരെയെറിഞ്ഞ പന്തിനേക്കാള്‍ മനോഹരമായിരുന്നു എന്റെ ഡെലിവറി. കൃത്യമായ പരിശീലനം നടത്തിയാണ് സച്ചിനെതിരെ ആ പന്ത് ഞാനെറിഞ്ഞത്. ആ ടെസ്റ്റില്‍ ഞാന്‍ അത്രത്തോളം ആത്മവിശ്വാസത്തിലായിരുന്നു. ഞാന്‍ നന്നായി പന്തെറിയുന്നുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. പന്തെനിക്ക് നന്നായി ഫ്‌ളൈറ്റ് ചെയ്യിക്കാന്‍ കഴിയുന്നുണ്ടായിരുന്നു.'' പനേസര്‍ പറഞ്ഞുനിര്‍ത്തി. 

38കാരനായ പനേസര്‍ ഇംഗ്ലണ്ടിനായി 50 ടെസ്റ്റുകളില്‍ നിന്നായി 167 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 26 ഏകദിനങ്ങളില്‍ നിന്ന് 24 വിക്കറ്റും ഒരു ടി20 മത്സരത്തില്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

click me!