ഓവലില്‍ രഹാനെ കളിച്ചത് ഇന്ത്യക്ക് വേണ്ടിയുള്ള അവസാന ടെസ്റ്റ് ഇന്നിംഗ്‌സ്: പാര്‍ത്ഥിവ് പട്ടേല്‍

By Web TeamFirst Published Sep 12, 2021, 2:29 PM IST
Highlights

ഇംഗ്ലണ്ട് പര്യടനത്തില്‍ മോശം പ്രകടനം പുറത്തെടുത്ത ചില താരങ്ങള്‍ക്ക് സ്ഥാനം നഷ്ടമാകുമെന്നുള്ള കാര്യം ഉറപ്പാണ്. അതില്‍ ഒരാള്‍ അജിന്‍ക്യ രഹാനെ ആയിരിക്കുമെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല.

ദില്ലി: അടുത്ത ഡിസംബറിലാണ് ഇന്ത്യക്ക് ഇനി ടെസ്റ്റ് മത്സരങ്ങളുള്ളത്. ഡിസംബര്‍ 17ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കം. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയില്‍ ഉള്‍പ്പെടുന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍ മോശം പ്രകടനം പുറത്തെടുത്ത ചില താരങ്ങള്‍ക്ക് സ്ഥാനം നഷ്ടമാകുമെന്നുള്ള കാര്യം ഉറപ്പാണ്. അതില്‍ ഒരാള്‍ അജിന്‍ക്യ രഹാനെ ആയിരിക്കുമെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. ഒരിക്കല്‍കൂടി താരത്തിന് ഇന്ത്യന്‍ ജേഴ്‌സിയില്‍ അവസരം ലഭിക്കുമോ എന്നുള്ളത് സംശയമുള്ള കാര്യമാണ്.

മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേലും ഇക്കാര്യം തന്നെയാണ് പങ്കുവെക്കുന്നത്. രഹാനെയ്ക്ക് ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനാവില്ലെന്നാണ് പാര്‍ത്ഥിവ് പറഞ്ഞുവെക്കുന്നത്. ''രഹാനെ ടെക്‌നിക്കിലുണ്ടാകുന്ന പിഴവ് നമുക്ക് വ്യക്തമാണ്. പലപ്പോഴും ഫുട്ട്‌വര്‍ക്ക് അദ്ദേഹത്തിന് പിഴക്കുന്നു. 2016 വരെ 51.04 ശരാശരിയുണ്ടായിരുന്ന താരമാണ് രഹാനെ. പിന്നീട് അദ്ദേഹത്തിന്റെ ഗ്രാഫ് താഴ്ന്നും. ഫോംനഷ്ടം വന്നു. സ്ഥിരതയില്ലെന്ന് തന്നെയാണ് അതിനര്‍ത്ഥം. 

ഒരുപാട് കാലം മോശം ഫോമില്‍ കളിക്കുന്ന താരങ്ങള്‍ക്കെതിരെ ചോദ്യം ഉയരണം. ഒരുപക്ഷേ ഓവലിലേത് അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ച അവസാന ഇന്നിംഗ്‌സ് ആയിരിക്കാം. ഇനിയൊരു വലിയ സ്‌കോര്‍ നേടുമ്പോള്‍ മാത്രമാണ് നമ്മള്‍ രഹാനെയെ ഓര്‍ക്കുക. അതുവരെ താരത്തെ കുറിച്ചുള്ള സംസാരം ആളുകള്‍ നിര്‍ത്തും.''

ഇംഗ്ലണ്ടിനെതിരായ ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് 109 റണ്‍സ് മാത്രമാണ് രഹാനെയ്ക്ക് കണ്ടെത്താനായത്. ഇതില്‍ ഒരു അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. 5, 1, 18, 10, 14, 0 എന്നിങ്ങനെയാണ് താരത്തിന്റെ മറ്റുസ്‌കോറുകള്‍. മുന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണ്‍, സഹീര്‍ ഖാന്‍ എന്നിവരെല്ലാം രഹാനെയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

click me!