
മുംബൈ: ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനായി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച 15-കാരൻ വൈഭവ് സൂര്യവംശിയെ പ്രശംസകൊണ്ട് മൂടി ഓസ്‌ട്രേലിയൻ ക്യാപ്റ്റനും സൺറൈസേഴ്സ് ഹൈദരാബാദ് നായകനുമായ പാറ്റ് കമ്മിൻസ്. വിശ്വസിക്കാൻ കഴിയാത്ത പ്രകടനമാണ് ഈ പ്രായത്തിൽ വൈഭവ് പുറത്തെടുത്തതെന്നും അവൻ വെറുമൊരു പ്രതിഭയല്ല പ്രതിഭാസമാണെന്നും കമ്മിൻസ് വ്യക്തമാക്കി.
ഐപിഎല്‍ പ്ലേ ഓഫില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വൈഭവ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. പാറ്റ് കമിന്‍സിനെ ഹാട്രിക് സിക്സ് പറത്തിയ വൈഭവ് 29 പന്തില്‍ 97 റണ്‍സടിച്ചാണ് പുറത്തായത്. ഐപിഎല്ലിന് ശേഷം ഓസ്ട്രേലിയയില്‍ തിരിച്ചെത്തിയ കമിന്‍സ് സിഡ്നി മോണിംഗ് ഹെറാൾഡിന് നൽകിയ അഭിമുഖത്തിലാണ് വൈഭവിനെ നേരിട്ടതിനെക്കുറിച്ചുള്ള തന്‍റെ അനുഭവം പങ്കുവെച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് ലോകം ഇപ്പോഴും ആ അവിശ്വസനീയതയിൽ നിന്ന് മുക്തരായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. അവൻ പ്രതിഭയുടെ മിന്നലാട്ടമല്ല, ഒരു യഥാർത്ഥ പ്രതിഭാസമാണ്. പന്ത് വളരെ മനോഹരമായി ഹിറ്റ് ചെയ്യുന്ന താരമാണവൻ. അവൻ അടിക്കുന്ന പന്തുകൾ ബൗണ്ടറിയില്‍ നിന്നും-20-30 മീറ്റർ ദൂരെയാണ് പോയി വീഴുന്നത്. അത്രയും കരുത്തനായ, ഒരുപാട് ഷോട്ടുകളുള്ള ഒരു ബാറ്റർക്കെതിരെ പന്തെറിയുമ്പോൾ ബൗളർമാർക്ക് പിഴവുകൾ വരുത്താനുള്ള സാധ്യത വളരെ കുറവാണ്. വൈഭവ് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി- കമിൻസ് പറഞ്ഞു.
സൺറൈസേഴ്സിനെതിരായ ലീഗ് മത്സരത്തിൽ ഗോൾഡൻ ഡക്കിന് പുറത്തായ ശേഷമാണ് അടുത്ത രണ്ട് മത്സരങ്ങളിൽ ഹൈദരാബാദ് ബൗളിംഗ് നിരയെ വൈഭവ് കശാപ്പ് ചെയ്തത്. ലീഗ് ഘട്ടത്തില്‍ ഹൈദരാബാദിനെതിരായ ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിൽ 36 പന്തിൽ വൈഭവ് സെഞ്ച്വറി അടിച്ചിരുന്നു. പ്ലേ ഓഫില്‍ 29 പന്തിൽ 97 റൺസും താരം അടിച്ചുകൂട്ടി. ഈ രണ്ട് ഇന്നിംഗ്സുകളിലും 12 സിക്സറുകൾ വീതമാണ് വൈഭവ് പറത്തിയത്!
റണ്‍സിലും സിക്സറുകളുടെ എണ്ണത്തിലും റെക്കോർഡ് വേട്ടയാണ് വൈഭവ് ഈ സീസണിൽ നടത്തിയത്. 16 മത്സരങ്ങളിൽ നിന്ന് 776 റൺസെടുത്ത വൈഭവ് റണ്‍വട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി.സീസണിൽ ആകെ 72 സിക്സറുകൾ പറത്തി. ഒരു ഐപിഎൽ സീസണിലും ലോകത്തെ ഏതൊരു ടി20 ടൂർണമെന്‍റിലും ഒരു ബാറ്റർ നേടുന്ന ഏറ്റവും കൂടുതൽ സിക്സറുകളെന്ന റെക്കോര്‍ഡും വൈഭവ് സ്വന്തം പേരിലാക്കി. 237.30 എന്ന അമ്പരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിലാണ് വൈഭവ് റൺസ് അടിച്ചുകൂട്ടിയത്.
ഐപിഎല്ലിലെ ഈ അവിശ്വസനീയ പ്രകടനത്തിന് പിന്നാലെ വൈഭവിനെ ഇന്ത്യൻ ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. വരാനിരിക്കുന്ന ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിലെ ടി20 പരമ്പരയിലോ, ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലോ ഈ 15-കാരൻ ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!