
മുല്ലാന്‍പൂര്‍: ഐപിഎല്‍ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ 15 വയസ്സുകാരന്‍ വിസ്മയം വൈഭവ് സൂര്യവന്‍ഷിയെ തളയ്ക്കാന്‍ ഒന്നിലധികം ബൗളിംഗ് പ്ലാനുകള്‍ തയ്യാറാണെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാഹബാദ് ക്യാപ്റ്റന്‍പാറ്റ് കമ്മിന്‍സ്. ചുരുങ്ങിയ ഓവറുകള്‍ക്കുള്ളില്‍ കളി മാറ്റിമറിക്കാന്‍ ശേഷിയുള്ള വൈഭവിനെപ്പോലെയുള്ള താരങ്ങള്‍ക്കെതിരെ പ്ലാന്‍ ബിയും പ്ലാന്‍ സിയും അത്യാവശ്യമാണെന്ന് കമ്മിന്‍സ് പറഞ്ഞു. സീസണിലെ ലീഗ് ഘട്ടത്തില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും രാജസ്ഥാനെ തോല്‍പ്പിക്കാന്‍ ഹൈദരാബാദിന് സാധിച്ചിരുന്നു.
എങ്കിലും ജയ്പൂരില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദിനെതിരെ വൈഭവ് നേടിയ വെടിക്കെട്ട് സെഞ്ച്വറി ബൗളര്‍മാര്‍ക്ക് ഒരു പാഠമാണെന്ന് കമ്മിന്‍സ് ഓര്‍മ്മിപ്പിച്ചു. ''ഒരു ബൗളര്‍ എന്ന നിലയില്‍ സ്വന്തം കരുത്തില്‍ പന്തെറിയുക എന്നത് പ്രധാനമാണ്. എന്നാല്‍ എതിര്‍ ടീമിലെ ഒന്നോ രണ്ടോ താരങ്ങള്‍ കളി തട്ടിയെടുക്കാന്‍ ശേഷിയുള്ളവരാണെങ്കില്‍ അവര്‍ക്കായി പ്രത്യേക പ്ലാനുകള്‍ തയ്യാറാക്കേണ്ടി വരും. വൈഭവിനായി ഞങ്ങള്‍ കൃത്യമായ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഞങ്ങള്‍ക്ക് എതിരെ അദ്ദേഹം സെഞ്ച്വറി നേടിയെങ്കിലും, ചില സമയങ്ങളില്‍ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നു. ആ അനുഭവങ്ങളില്‍ നിന്ന് ഞങ്ങള്‍ പാഠം ഉള്‍ക്കൊള്ളും.'' കമ്മിന്‍സ് പറഞ്ഞു.
രാജസ്ഥാനെതിരെ തുടര്‍ച്ചയായ ആറ് വിജയങ്ങള്‍ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് എലിമിനേറ്ററിന് ഇറങ്ങുന്നത്. 2022 മുതല്‍ രാജസ്ഥാനെതിരെ തോല്‍വി അറിയാത്ത ഹൈദരബാദ്, ഈ സീസണിലെ ആദ്യ മത്സരത്തില്‍ 57 റണ്‍സിനാണ് ജയിച്ചത്. പ്രഫുല്‍ ഹിംഗെ, സാക്കിബ് ഹുസൈന്‍ എന്നിവരുടെ എട്ട് വിക്കറ്റ് പ്രകടനമാണ് അന്ന് കരുത്തായത്. രണ്ടാം മത്സരത്തില്‍ വൈഭവ് സൂര്യവന്‍ഷി 37 പന്തില്‍ 103 റണ്‍സ് നേടി വിറപ്പിച്ചെങ്കിലും ആ മത്സരത്തിലും വിജയം ഹൈദരാബാദിനൊപ്പമായിരുന്നു. അഭിഷേക് ശര്‍മ്മയ്ക്ക് ശേഷം ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഐപിഎല്‍ സെഞ്ച്വറിയായിരുന്നു (36 പന്തില്‍) വൈഭവിന്റേത്.
വെറും 14 ഇന്നിംഗ്‌സുകളില്‍ നിന്ന് 232-ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 583 റണ്‍സാണ് ഈ 15-കാരന്‍ അടിച്ചുകൂട്ടിയത്. ജസ്പ്രീത് ബുംറ, ജോഷ് ഹേസല്‍വുഡ് തുടങ്ങിയ ഇതിഹാസങ്ങളെപ്പോലും വൈഭവ് നിഷ്പ്രഭമാക്കിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ പാറ്റ് കമ്മിന്‍സിനെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തിക്കൊണ്ടാണ് വൈഭവ് തുടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!