
ലാഹോര്‍: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഉദ്ഘാടന മത്സരത്തിനിടെ നടത്തിയ വിവാദ സോഷ്യല്‍ മീഡിയ പരാമര്‍ശത്തെത്തുടര്‍ന്ന് പാക് പേസര്‍ നസീം ഷായ്ക്കെതിരെ കടുത്ത അച്ചടക്ക നടപടി. പാകിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനെതിരെയുള്ള പരാമര്‍ശത്തിന് 20 മില്യണ്‍ പാകിസ്ഥാനി രൂപയാണ് (ഏകദേശം 2 കോടി രൂപ) പിസിബി പിഴയായി വിധിച്ചത്.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് വിശിഷ്ടാതിഥിയായി എത്തിയിരുന്നു. ഇതിനെതിരെ 'എന്തുകൊണ്ടാണ് അവര്‍ ലോര്‍ഡ്സിലെ രാജ്ഞിയെപ്പോലെ പരിഗണിക്കപ്പെടുന്നത്' എന്നായിരുന്നു നസീമിന്റെ പോസ്റ്റ്. പോസ്റ്റ് ഉടന്‍ തന്നെ ഡിലീറ്റ് ചെയ്ത താരം തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് അവകാശപ്പെട്ടെങ്കിലും പിസിബി അച്ചടക്ക നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു.
സെന്‍ട്രല്‍ കോണ്‍ട്രാക്റ്റിലെ വ്യവസ്ഥകളും ബോര്‍ഡിന്റെ മീഡിയ പോളിസിയും നസീം ലംഘിച്ചതായി മൂന്നംഗ അച്ചടക്ക സമിതി കണ്ടെത്തി. തിങ്കളാഴ്ച സമിതിക്ക് മുന്‍പാകെ ഹാജരായ നസീം ഷാ നിരുപാധികം മാപ്പ് പറയുകയും തന്റെ സോഷ്യല്‍ മീഡിയ അഡൈ്വസറെ മാറ്റുകയും ചെയ്തു. ഈ അഡൈ്വസറെ പാക് ക്രിക്കറ്റ് താരങ്ങളുമായി സഹകരിക്കുന്നതില്‍ നിന്നും ബോര്‍ഡ് വിലക്കിയിട്ടുണ്ട്.
ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുള്ള പ്രാദേശിക പ്രശ്‌നങ്ങള്‍ കാരണം കാണികളില്ലാതെയാണ് ഇത്തവണത്തെ പിഎസ്എല്‍ നടക്കുന്നത്. ഇന്ധനവില വര്‍ദ്ധനവും സര്‍ക്കാര്‍ നിയന്ത്രണങ്ങളും കാരണം ആറ് വേദികളില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് ലാഹോറിലും കറാച്ചിയിലുമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ മുന്‍പും പാക് താരങ്ങള്‍ക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. 2025ല്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്തുണ പ്രഖ്യാപിച്ചതിന് ആമിര്‍ ജമാലിനും പിഴ ചുമത്തിയിരുന്നു.
വിവാദങ്ങള്‍ക്കിടയിലും കളിക്കളത്തില്‍ നസീമിന് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. തന്റെ പുതിയ ഫ്രാഞ്ചൈസിയായ റാവല്‍പിണ്ടി പിണ്ടിസിനായി പെഷവാര്‍ സാല്‍മിക്കെതിരെ എറിഞ്ഞ നാലോവറില്‍ 51 റണ്‍സ് വഴങ്ങിയ താരത്തിന് വിക്കറ്റൊന്നും നേടാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!