
ദുബായ്: ഏഷ്യ കപ്പ് ഫൈനലില്‍ നാളെ ഇന്ത്യയെ നേരിടാന്‍ തയ്യാറെടുക്കുന്നതിനിടെ ബാബര്‍ അസമിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ബാബറിനെ തിരിച്ചകൊണ്ടുവരാന്‍ ശ്രമം നടത്തിയത്. എന്നാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധികൃതര്‍ ആവശ്യം തള്ളുകയായിരുന്നു. ഏതെങ്കിലും കളിക്കാരന് പരിക്കേറ്റാലല്ലാതെ ടീമില്‍ മാറ്റങ്ങള്‍ വരുത്താനാകില്ലെന്ന് സംഘാടകര്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കുകയായിരുന്നു. മുതിര്‍ന്ന താരങ്ങളായ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും ഒഴിവാക്കിയാണ് പാക് ടീം ടൂര്‍ണമെന്റിനെത്തിയത്.
ഇരുവരുമില്ലാതെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും പാകിസ്ഥാന്‍ ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു. ഇനിയൊരു തോല്‍വി കൂടി താങ്ങില്ലെന്ന ചിന്തയിലാണ് ബാബറിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ബാബര്‍ അസമിനെ യുഎഇയിലേക്ക് അയക്കാന്‍ പോലും തീരുമാനിച്ചിരുന്നു. ഒരു പാകിസ്താന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാക് ബാറ്റര്‍മാര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനാല്‍ ഒരു പരിചയസമ്പന്നനായ താരത്തിന്റെ കുറവുണ്ടെന്നായിരുന്നു സെലക്റ്റര്‍മാരുടെ വിലയിരുത്തല്‍.
ഏഷ്യാ കപ്പിന് ശേഷം നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ ബാബര്‍ അസം പാക് ടീമില്‍ തിരിച്ചെത്താനും സാധ്യതയുണ്ട്. ഏഷ്യ കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നായകന്‍ സല്‍മാന്‍ അഗയ്ക്കും പണി വന്നേക്കും.
അതേസമയം, ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ കടുത്ത ആത്മവിശ്വാസത്തിലാണ്. കളിച്ച ആറ് മത്സരങ്ങളിലും ജയിച്ചു. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ മറികടന്നത്. ഇതുതന്നെയായിരുന്നു ഇന്ത്യയുടെ കടുപ്പമേറിയ മത്സരം. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറും പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. മറുവശത്ത്, പാകിസ്ഥാനാണ് സമ്മര്‍ദ്ദം മുഴുവന്‍. ഇന്ത്യയോടേറ്റ രണ്ട് തോല്‍വികള്‍ക്ക് ഫൈനലില്‍ പകരം വീട്ടാനാണ് പാകിസ്ഥാന്‍ ശ്രമിക്കുക.
ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.