
ദുബായ്: ഏഷ്യാ കപ്പില്‍ ഫൈനലില്‍ നാളെ പാകിസ്ഥാനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. കളിച്ച എല്ലാ മത്സരത്തിലും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ആറ് മത്സരങ്ങളിലും ജയിച്ചു. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ മറികടന്നത്. ഇതുതന്നെയായിരുന്നു ഇന്ത്യയുടെ കടുപ്പമേറിയ മത്സരം. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറും പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. മറുവശത്ത്, പാകിസ്ഥാനാണ് സമ്മര്‍ദ്ദം മുഴുവന്‍. ഇന്ത്യയോടേറ്റ രണ്ട് തോല്‍വികള്‍ക്ക് ഫൈനലില്‍ പകരം വീട്ടാനാണ് പാകിസ്ഥാന്‍ ശ്രമിക്കുക.
നാളെ പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ ഇന്ത്യ രണ്ട് മാറ്റം വരുത്തുമെന്ന് ഉറപ്പാണ്. പേസര്‍ ജസ്പ്രിത് ബുമ്ര, ഓള്‍റൗണ്ടര്‍ ശിവം ദുബെ എന്നിവര്‍ ടീമില്‍ തിരിച്ചെത്തും. അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവര്‍ പുറത്തിരിക്കും. ഓപ്പണിംഗ് സ്ഥാനത്തില്‍ ഒരു മാറ്റവും ഇന്ത്യ വരുത്തില്ല. തകര്‍പ്പന്‍ ഫോമിലുള്ള ഇടങ്കയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് പരിക്കുണ്ടെങ്കിലും സാരമുള്ളതല്ല. അതുകൊണ്ടുതന്നെ ഓപ്പണ്‍ ചെയ്യാനെത്തും. കൂടെ ശുഭ്മാന്‍ ഗില്ലും. മൂന്നാമന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഏഷ്യാ കപ്പില്‍ ഇതുവരെ ഫോമിലേക്ക് ഉയരാന്‍ സൂര്യക്ക് സാധിച്ചിട്ടില്ല.
നാലാമന്‍ ഇടങ്കയ്യന്‍ തിലക് വര്‍മ. കൂടെ സഞ്ജുവും. ഇരുവരും മധ്യനിരയില്‍ തകര്‍പ്പന്‍ ഫോമിലാണ്. അതുകൊണ്ടുതന്നെ മാറി ചിന്തിക്കേണ്ട ആവശ്യവും വരുന്നില്ല. ആറാമനായി ക്രീസിലെത്തുന്ന ഹാര്‍ദിക് പാണ്ഡ്യക്കും പരിക്കുണ്ട്. എങ്കിലും സാരമുള്ളതല്ല. ബാറ്റിംഗില്‍ ഫോമിലെത്താന്‍ സാധിക്കുന്നില്ലെങ്കിലും ബൗളിംഗില്‍ ഹാര്‍ദിക്കിനെ ഒഴിച്ചുകൂടാന്‍ കഴിയില്ല. ശിവം ദുബെ പിന്നാലെ ക്രീസിലെത്തും. എന്നാല്‍ സാഹചര്യത്തിന് അനുസരിച്ച് ബാറ്റിംഗ് പൊസിഷന്‍ മാറാന്‍ സാധ്യതയുണ്ട്. അക്‌സര്‍ പട്ടേല്‍ എട്ടാമനായി ക്രീസിലെത്തു. സ്‌പെഷ്യലിസ്റ്റ് പേസറായി ജസ്പ്രിത് ബുമ്ര. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരായിരിക്കും ടീമിലെ സ്പിന്നര്‍മാര്‍.
ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.