
ലണ്ടന്‍: വരാനിരിക്കുന്ന 2026 ടി20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഉയര്‍ത്തുന്ന വെല്ലുവിളിയെ ഭയപ്പാടോടെയാണ് കാണുന്നതെന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ ഫില്‍ സാള്‍ട്ട്. അപരാജിത കുതിപ്പ് തുടരുന്ന ടീം ഇന്ത്യയെ പരാജയപ്പെടുത്തണമെങ്കില്‍ മികച്ച കളിക്ക് പുറമെ വലിയൊരു അളവ് ഭാഗ്യം കൂടി ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2023 ഓഗസ്റ്റ് മുതല്‍ ടി20 ഫോര്‍മാറ്റില്‍ തോല്‍വി അറിയാതെ മുന്നേറുകയാണ് ഇന്ത്യന്‍ ടീം. ഈ കാലയളവില്‍ കളിച്ച 63 മത്സരങ്ങളില്‍ 49 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. വെറും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് പരാജയപ്പെട്ടത്.
സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയെ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്ന് സാള്‍ട്ട് പറഞ്ഞു. ''ലോകകപ്പിലെ ഏറ്റവും കരുത്തരായ ടീം ഇന്ത്യ തന്നെയാണ്. അവരുടെ നാട്ടില്‍ അവര്‍ക്കെതിരെ കളിക്കുക എന്നത് ആവേശകരമാണ്, എങ്കിലും അവരെ തോല്‍പ്പിക്കാന്‍ എല്ലാവര്‍ക്കും അല്‍പം ഭാഗ്യം കൂടി തുണയ്‌ക്കേണ്ടി വരും.'' സാള്‍ട്ട് പറഞ്ഞു. ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ്മയെയും സാള്‍ട്ട് വാനോളം പുകഴ്ത്തി. ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിക്കാനുള്ള അഭിഷേകിന്റെ കഴിവും ബാറ്റിംഗ് ശൈലിയും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള അഭിഷേക്, 2024 ജൂലൈയിലെ അരങ്ങേറ്റത്തിന് ശേഷം 36 ഇന്നിംഗ്സുകളില്‍ നിന്നായി 1,267 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. 194.92 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്.
2026 ഫെബ്രുവരി 7 ശനിയാഴ്ച അമേരിക്കയ്ക്കെതിരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇരുവര്‍ക്കും പുറമെ ഗ്രൂപ്പില്‍ പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, നമീബിയ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യ കളിക്കേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!