'കോലി സുഹൃത്തല്ല, സഹതാരം മാത്രം'; വെട്ടിലായി ഫില്‍ സാള്‍ട്ട്, വിവാദമാകും മുൻപ് യുടേണ്‍

Published : Apr 30, 2025, 06:31 PM ISTUpdated : Apr 30, 2025, 06:55 PM IST
'കോലി സുഹൃത്തല്ല, സഹതാരം മാത്രം'; വെട്ടിലായി ഫില്‍ സാള്‍ട്ട്, വിവാദമാകും മുൻപ് യുടേണ്‍

Synopsis

ബെംഗളൂരുവിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് കോലിയും സാള്‍ട്ടും

വിരാട് കോലിയെ ഒരു സുഹൃത്തായി കാണുന്നില്ലെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം ഫില്‍ സാള്‍ട്ട്.  തന്റെ സഹപ്രവ‍ര്‍ത്തകനാണ് കോലിയെന്നും സാള്‍ട്ട് കൂട്ടിച്ചേര്‍ത്തു. ആര്‍സിബി ഇൻസൈ‍ഡര്‍ എന്ന പ്രത്യേക പരിപാടിയിലാണ് സാള്‍ട്ടിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പരാമര്‍ശം ഉണ്ടായത്. തങ്ങളുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ആര്‍സിബി ടീം വീഡിയോ പങ്കുവെക്കുകയും ചെയ്തു.

അവതാരകൻ സാള്‍ട്ടിനോട് ചോദിച്ച ചോദ്യം ഇതായിരുന്നു. ഒരു അഭിമുഖത്തില്‍ ഐപിഎല്ലില്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. വിരാട് കോലിയ്ക്കൊപ്പമാണ് നിങ്ങളിപ്പോള്‍ കളിക്കാനിറങ്ങുന്നത്. കോലിയുമായി സൗഹൃദത്തിലാണോ നിങ്ങള്‍? 

സഹപ്രവർത്തകൻ എന്ന ഒറ്റ വാക്കില്‍ സാള്‍ട്ട് ഉത്തരം അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍, പിന്നീട് സാള്‍ട്ട് കളം മാറ്റി ചവിട്ടി. തനിക്ക് ഒപ്പം കളിച്ച എല്ലാവരും സുഹൃത്തുക്കളാണെന്ന് പറഞ്ഞു ഇംഗ്ലണ്ട് താരം. 

"ഞാൻ ക്രിക്കറ്റ് ഒപ്പം കളിച്ചവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. ഈ അഭിമുഖത്തിന് കൂടുതല്‍ ഇന്ധനം പകരാൻ ഞാൻ ആഗ്രഹിക്കുന്നില്ല," സാള്‍ട്ട് വ്യക്തമാക്കി.

മറുവശത്ത് ബെംഗളൂരുവിനായി ഗംഭീര ഫോം തുടരുകയാണ് വിരാട് കോലി. സീസണില്‍ കളിച്ച പത്ത് ഇന്നിങ്സുകളില്‍ നിന്ന് ഇതിനോടകം തന്നെ ആറ് അർദ്ധ സെഞ്ച്വറി താരം നേടി. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തും തുടരുകയാണ് കോലി. ഡല്‍ഹിക്കെതിരായ വിജയത്തില്‍ നിർണായകമായത് ക്രുണാല്‍ പാണ്ഡ്യ-കോലി കൂട്ടുകെട്ടായിരുന്നു. മത്സരശേഷം തന്റെ ഇന്നിങ്സിനെക്കുറിച്ചും കോലി വ്യക്തമാക്കി.

"കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുന്നതിന്റേയും വിജയത്തിനായി ഇന്നിങ്സിന്റെ അവസാനം വരെ ചെറുത്തുനില്‍ക്കുന്നതിന്റേയും പ്രാധാന്യം ആളുകള്‍ മറക്കുന്നുവെന്നാണ് തോന്നുന്നത്. നേരിടുന്ന ആദ്യ പന്തുമുതല്‍ കൂറ്റനടികള്‍ക്ക് സാധ്യതയില്ലെന്ന് തെളിയിക്കുന്ന ഒരു സീസണാണിത്. അതുകൊണ്ട് പ്രൊഫഷണലിസം അത്യാവശ്യമാണ്. സാഹചര്യം മനസിലാക്കി വേണം ബൗളര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാൻ. വേഗതകുറഞ്ഞ വിക്കറ്റുകളില്‍ കാര്യങ്ങള്‍ എളുപ്പമല്ല, അതുകൊണ്ട് സ്ട്രൈക്ക് കൈമാറിക്കളിക്കുന്ന പ്രധാനമാണ്," കോലി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി