
ചെന്നൈ: അഫ്ഗാനിസ്ഥാനെതിരായ ഏകിദന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് 219 റണ്‍സിന്‍റെ ഭേദപ്പെട്ട വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 44.2 ഓവറില്‍ 218 റണ്‍സിന് ഓള്‍ ഔട്ടായി. സെഞ്ചുറിയുമായി പൊരുതിയ ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. 126 പന്തില്‍ തന്‍റെ ആദ്യ ഏകദിന സെഞ്ചുറി കുറിച്ച ഷാഹിദി 130 പന്തില്‍ 102 റണ്‍സെടുത്തപ്പോള്‍ അസ്മത്തുള്ള ഒമര്‍സായി 56 പന്തില്‍ 50 റണ്‍സടിച്ച് മികച്ച പിന്തുണ നല്‍കി. 21 റണ്‍സെടുത്ത മുഹമ്മദ് നബിയും 11 റണ്‍സെടുത്ത ഇബ്രാഹിം സര്‍ദ്രാനും മാത്രമാണ് പിന്നീട് അഫ്ഗാനിസ്ഥാൻ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ 8.2 ഓവറില്‍ 23 റണ്‍സിന് 5 വിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റ് ചെയ്യാനുള്ള അഫ്ഗാന്‍റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു തുടക്കം. രണ്ടാം ഓവറില്‍ തന്നെ റഹ്മാനുള്ള ഗുര്‍ബാസ്(5) സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങി. ഏഴാം ഓവറില്‍ ഇബ്രാഹിം സദ്രാനേയും (11), എട്ടാം ഓവറില്‍ റഹ്മത്ത് ഷായേയും (8) പ്രസിദ്ധ് തിരിച്ചയച്ചു. ഇതോടെ അഫ്ഗാന്‍ മൂന്നിന് 28 എന്ന നിലയിലേക്ക് വീണു. മൂന്ന് ക്യാച്ചുകളും ഫസ്റ്റ് സ്ലിപ്പില്‍ രോഹിത് ശര്‍മയായിരുന്നു കൈയിലൊതുക്കിയത്. തുടര്‍ന്ന് ഡാര്‍വിഷ് റസൂലിയെ (1) കൂടി തിരിച്ചയച്ച് പ്രസിദ്ധ് നാല് വിക്കറ്റ് തികച്ചു. ശ്രേയസ് അയ്യര്‍ക്കായിരുന്നു ക്യാച്ച്. തന്‍റെ ആദ്യ സ്പെല്ലിൽ 5 ഓവറില്‍ 6 റണ്‍സിന് നാലു വിക്കറ്റെടുത്ത പ്രസിദ്ധ് തുടക്കത്തിലെ അഫ്ഗാനെ 36-4 എന്ന നിലയില്‍ കൂട്ടത്തകർച്ചയിലാക്കി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഷാഹിദിയും അസ്മത്തുള്ള ഒമര്‍ സായിയും ചേര്‍ന്ന് 105 റണ്‍സിന്‍റെ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി അഫ്ഗാനെ മാന്യമായ സ്കോറിലേക്ക് നയിച്ചു.
ROHIT × PRASIDH...!!!! 🔥
- Hattrick of Catch for Rohit Sharma & wickets for Prasidh Krishna. pic.twitter.com/lFFOj7f8LI— Tanuj (@ImTanujSingh) June 20, 2026
ഒമര്‍സായിയെ പ്രിന്‍സ് യാദവ് പുറത്താക്കിയശേഷം മുന്‍ നായകന്‍ മുഹമ്മദ് നബിക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഷാഹിദി അഫ്ഗാനെ 200ന് അടുത്തെത്തിച്ചെങ്കിലും ഗുര്‍നൂര്‍ ബ്രാര്‍ നബിയെ ബൗള്‍ഡാക്കിയതോടെ അഫ്ഗാന്‍ വീണ്ടും തകര്‍ച്ചയിലായി. ഇതിനിടെ വാലറ്റക്കാരൻ സിയാവുര്‍ റഹഹ്മാനെ കൂടെ നിര്‍ത്തി ഷാഹിദി 126 പന്തില്‍ തന്‍റെ കന്നി ഏകദിന സെഞ്ചുറി തികച്ചു. ഒടുവില്‍ ഷാഹിദിയെ പുറത്താക്കി ഏകദിനത്തിലെ ആദ്യ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ പ്രസിദ്ധ് കൃഷ്ണ അഫ്ഗാൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു. നേരത്തെ രണ്ടാം ഏകദിനം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷ് ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ കെ എല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ് എന്നിവർ പുറത്തായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!