
ധരംശാല: രാജസ്ഥാൻ റോയൽസ് താരമായ വൈഭവ് സൂര്യവൻഷിക്കൊപ്പമുള്ള വൈറലായ ചിത്രം വ്യാജമെന്ന് ബോളിവുഡ് താരവും പഞ്ചാബ് കിംഗ്സ് സഹ-ഉടമയുമായ പ്രീതി സിന്റ. മത്സര ശേഷം 14കാരനായ വൈഭവിനെ പ്രീതി സിന്റ കെട്ടിപ്പിടിക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. എന്നാൽ, ആ ചിത്രം മോര്‍ഫ് ചെയ്തതാണെന്നും വ്യാജ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും പ്രീതി സിന്റ അറിയിച്ചു.
രാജസ്ഥാൻ റോയൽസും പഞ്ചാബ് കിംഗ്സും തമ്മിൽ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ശേഷം ഇരുടീമിലെയും താരങ്ങളുമായും പ്രീതി സിന്റ ആശയവിനിമയം നടത്തിയിരുന്നു. ഇതിനിടെ വൈഭവ് സൂര്യവൻഷിയോടും പ്രീതി സംസാരിച്ചു. ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് മോര്‍ഫ് ചെയ്തത്. പ്രീതി സിന്റ വൈഭവിനോട് സംസാരിക്കാനായി പോകുന്നതിന്റെയും ഇരുവരും ഹസ്തദാനം ചെയ്ത ശേഷം അൽപ്പനേരം സംസാരിക്കുന്നതിന്റെയും യഥാര്‍ത്ഥ ദൃശ്യങ്ങൾ രാജസ്ഥാൻ റോയൽസ് ടീം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
രാജസ്ഥാന്റെ ഓപ്പണറായ യശസ്വി ജയ്സ്വാളുമായും പഞ്ചാബ് താരം ശശാങ്ക് സിംഗുമായും പ്രീതി സിന്റ സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ഇതിന് ശേഷം വൈഭവിനോട് ഹായ് പറയാം എന്ന് പറയുന്ന പ്രീതി യുവതാരത്തിന്റെ അടുത്തെത്തി. ഹസ്തദാനം നടത്തിയ ശേഷം ഇരുവരും സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതോടെ ഇരുവരുടെയും പ്രചരിച്ച ചിത്രം വ്യാജമാണെന്ന് തെളിയുകയും ചെയ്തു.