
അബുദാബി: ഐപിഎല്‍ താരലേലത്തില്‍ ആദ്യ റൗണ്ടുകളില്‍ ആരും ടീമിലെടുക്കാതിരുന്നപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട സ്റ്റാറ്റസ് നിമിഷങ്ങള്‍ക്കകം ഡീലിറ്റ് ചെയ്ത് ഇന്ത്യൻ താരം പൃഥ്വി ഷാ. 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന പൃഥ്വി ഷായെ ആദ്യ റൗണ്ട് താരലേലത്തിൽ ആരും ടീമിലെടുത്തിരുന്നില്ല. പിന്നീട് രണ്ടാം റൗണ്ടില്‍ ലേലത്തിന് എത്തിയപ്പോഴും പൃഥ്വി ഷായില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് അടക്കം ആരും താല്‍പര്യം പ്രകടിപ്പിച്ചില്ല. ഇതിന് പിന്നാലെയാണ് പൃഥ്വി ഷാ ഹൃദയം തകര്‍ന്ന ലവ് ഇമോജിയിട്ട് 'ഇറ്റ്സ് ഓകെ' എന്ന് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസ് ഇട്ടത്.
എന്നാല്‍ തൊട്ടുപിന്നാലെ നടന്ന ആക്സിലറേറ്റഡ് താരലേലത്തില്‍ മൂന്നാം വട്ടവും പൃഥ്വിയുടെ പേര് വന്നപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് അടിസ്ഥാന വിലയായ 75 ലക്ഷം രൂപക്ക് പൃഥ്വിയെ ടീമിലെടുക്കാന്‍ തയാറായി. ഇതോടെ സ്റ്റാറ്റസ് ഡീലിറ്റ് ചെയ്ത പൃഥ്വി ഷാ ഡല്‍ഹി ക്യാപ്റ്റൻ അക്സര്‍ പട്ടേലിനൊപ്പമുള്ള സെല്‍ഫി സ്റ്റാറ്റസാക്കി ബാക്ക് ടു ഫാമിലി എന്ന് കുറിച്ചു. ഈ വര്‍ഷം രഞ്ജി ട്രോഫിയില്‍ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ചുറി നേടി പൃഥ്വി ഷാ റെക്കോര്‍ഡിട്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ താരമായിരുന്ന പൃഥ്വി ഷാ കഴിഞ്ഞ സീസണൊടുവില്‍ മുംബൈ വിട്ട് മഹാരാഷ്ട്രയിലേക്ക് കൂടുമാറിയിരുന്നു.
അച്ചടക്കമില്ലായ്മയുടെയും കായികക്ഷമതയില്ലായ്മയുടെയും പേരില്‍ മുംബൈ ടീമില്‍ തുടര്‍ച്ചയായി അവഗണിക്കപ്പെട്ടതോടെയാണ് ഷാ മഹാരാഷ്ട്രയിലെത്തിയത്. 2018ല്‍ 18ാം വയസില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിൽ ഇന്ത്യക്കായി സെഞ്ചുറിയോടെ അരങ്ങേറിയെങ്കിലും കരിയറില്‍ ഇതുവരെ അഞ്ച് ടെസ്റ്റിലും ആറ് ഏകദിനങ്ങളിലും മാത്രമാണ് പൃഥ്വി ഷാക്ക് കളിക്കാനായത്. 2021ല്‍ ശ്രീലങ്കക്കെതിരായ ഏകദിനത്തിലാണ് പൃഥ്വി ഷാ അവസാനമായി ഇന്ത്യൻ കുപ്പായത്തില്‍ കളിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!