തകര്‍ത്തടിച്ച് പൃഥ്വി ഷാ; ന്യൂസിലന്‍ഡ് ഇലവനെതിരെ രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യ എയ്ക്ക് ജയം

By Web TeamFirst Published Jan 19, 2020, 4:39 PM IST
Highlights

ന്യൂസിലന്‍ഡ് ഇലവനെതിനെതിരായ രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യ എയ്ക്ക് ജയം. മൂന്ന് അനൗദ്യോഗിക ഏകദിനങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു ഇന്ത്യ എയുടെ ജയം.

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് ഇലവനെതിനെതിരായ രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യ എയ്ക്ക് ജയം. മൂന്ന് അനൗദ്യോഗിക ഏകദിനങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു ഇന്ത്യ എയുടെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 49.2 ഓവറില്‍ 372ന് എല്ലാവരും പുറത്തായി. പൃഥ്വി ഷാ (100 പന്തില്‍ 150)യുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ ആതിഥേയര്‍ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഇഷാന്‍ പോറല്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ടായിരുന്നില്ല. എന്നാല്‍ സന്ദീപ് വാര്യര്‍ പന്തെറിയാനെത്തി.

വിവാദങ്ങള്‍ക്കും പരിക്കിനും ശേഷം ടീമിലേക്ക് തിരിച്ചെത്തിയ പൃഥ്വി ന്യൂസിലന്‍ഡ് ബൗള്‍മാരെ അടിച്ചോടിച്ചു. രണ്ട് സിക്‌സും 22 ഫോറും ഉള്‍പ്പെടുന്നതായിരുന്നു പൃഥ്വിയുടെ ഇന്നിങ്‌സ്. വിജയ് ശങ്കര്‍ 41 പന്തില്‍ 58 നിര്‍ണായക പ്രകടനം പുറത്തെടുത്തു. മായങ്ക് അഗര്‍വാള്‍ (32), ശുഭ്മാന്‍ ഗില്‍ (24), സൂര്യകുമാര്‍ യാദവ് (26), ഇഷാന്‍ കിഷന്‍ (14), ക്രുനാല്‍ പാണ്ഡ്യ സ(32), അക്‌സര്‍ പട്ടേല്‍ (15), മുഹമ്മദ് സിറാജ് (1), ഇഷാന്‍ പോറല്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സന്ദീപ് വാര്യര്‍ (2) പുറത്താവാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിടെ തുടക്കത്തില്‍ തന്നെ കിവീസിന് രണ്ട് വിക്കറ്റ് നഷ്ടമായി. എന്നാല്‍ ജാക്ക് ബോയ്ല്‍ (130), ഫിന്‍ അലന്‍ (87), ഡാരില്‍ മിച്ചല്‍ (41), ഡെയ്ന്‍ ക്ലീവര്‍ (44) എന്നിവരുടെ ഇന്നിങ്‌സ് ന്യൂസിലന്‍ഡിന് പ്രതീക്ഷ നല്‍കി. എന്നാല്‍ 12 റണ്‍സ് അകലെ ആതിഥേയര്‍ക്ക് ബാറ്റ് താഴ്‌ത്തേണ്ടിവന്നു. ആദ്യ സന്നാഹ മത്സരത്തില്‍ 92 റണ്‍സിനായിരുന്നു ഇന്ത്യ യുടെ വിജയം. ആദ്യ അനൗദ്യോഗിക ഏകദിനം 22ന് നടക്കും.

click me!