
തിരുവനന്തപുരം: താനൊരു ഫുട്ബോള്‍ ടീമിന്‍റെ ഉടമയാണെങ്കിലും കടുത്ത ക്രിക്കറ്റ് ഭ്രാന്തനാണെന്ന് നടന്‍ പൃഥ്വിരാജ്. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയില്‍ കാര്യവടത്ത് നടക്കുന്ന അഞ്ചാം ടി20 മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പന തിരുവന്തപുരത്ത് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
കെസിഎ സെക്രട്ടറി ഇവിടെ പറഞ്ഞത് ചെറുപ്പത്തില്‍ നാനയും വെള്ളിനക്ഷത്രവുമൊക്കെ വായിച്ചാണ് അദ്ദേഹം വളര്‍ന്നത് എന്നാണ്. എന്നാല്‍ ഞാന്‍ വിസ്‌ഡനൊക്കെ വായിച്ചാണ് വളര്‍ന്നത്. ഞാന്‍ കുട്ടിക്കാലം മുതലൊരു ഭയങ്കര ക്രിക്കറ്റ് ഭ്രാന്തനാണ്. ഞാനൊരു ഫുട്ബോള്‍ ടീമിന്‍റെ ഉടമസ്ഥനായിട്ടും കേരള സൂപ്പര്‍ ലീഗിന്‍റെ ലോഞ്ചിന് ക്രിക്കറ്റാണ് എന്‍റെ പ്രധാന പാഷനെന്ന് വേദിയില്‍ പറഞ്ഞ ആളാണ് ഞാന്‍. ഞാനുമെന്‍റെ ഭാര്യയും പ്രേമിക്കുന്ന സമയത്ത് അവളാദ്യമായി എനിക്കുവാങ്ങിച്ചു തന്ന സമ്മാനങ്ങളിലൊന്ന് ഒരു ഗ്രേ നിക്കോള്‍സ് ബാറ്റാണ്. അതിപ്പോഴും വീട്ടിലുണ്ട്. അത്രയും പാഷനേറ്റ് ആയി ക്രിക്കറ്റിനെ ഫോളോ ചെയ്യുന്ന ആളാണ് ഞാൻ.
ഗ്രീന്‍ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയം എല്ലാ രീതിയിലും രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമെന്ന രീതിയില്‍ അംഗീകരിക്കപ്പെടേണ്ട വേദി തന്നെയാണ്. വാങ്കഡെയും ഫിറോസ് ഷാ കോട്‌ലയും ഈഡന്‍ ഗാര്‍ഡന്‍സും ചെപ്പോക്കു പോലെയുമൊക്കെ ഐക്കോണിക് ക്രിക്കറ്റ് വേദിയാവാനുള്ള എല്ലാ സാധ്യതകളുമുള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. 2017ല്‍ മഴ മുടക്കിയ ടി20 മത്സരത്തെക്കുറിച്ച് എനിക്കിപ്പോഴും ഓര്‍മയുണ്ട്. അന്ന് ക്രിക്കറ്റിനെക്കുറിച്ച് ടെക്നിക്കലായി അറിയാവുന്ന, ഞാനടക്കമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഗ്രീന്‍ഫീല്‍ഡിലെ ഡ്രെയിനേജ് സംവിധാനത്തെക്കുറിച്ച് വളരെ അഭിമാനപൂര്‍വം സംസാരിച്ചത് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. ഞാനവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. എന്‍റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിര്‍ ഒരു ക്രിക്കറ്റ് മത്സരം അവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. അന്നും സെന്‍റര്‍ വിക്കറ്റില്‍ പോയി കുറച്ചുനേരം ബാറ്റ് ചെയ്തപ്പോള്‍ എനിക്ക് തോന്നിയത് ഇനിയും ഒരുപാട് മത്സരങ്ങള്‍ക്ക് വേദിയാവേണ്ടതാണ് ഈ വേദിയെന്നത്.
അതിനി വരുംകാലങ്ങളില്‍ ബിസിസിഐയും ഐസസിയും മനസിലാക്കുമെന്നും വല്ലപ്പോഴും ഒരു രാജ്യാന്തര മത്സരമെന്നതിലുപരി ഇന്ത്യയില്‍ ഏത് വിദേശ ടീം വന്നാലും ഒരു മത്സരമെങ്കിലും തിരുവനന്തപുരത്തിന് കിട്ടട്ടെ എന്നും പ്രതീക്ഷിക്കുന്നു. വളരെ നിര്‍ണായകമായൊരു പരമ്പരയാണ് വരാനിരിക്കുന്നത്. നമ്മുടെ വൈറ്റ് ബോള്‍ ടീമും റെഡ് ബോള്‍ ടീമും കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാതിരിക്കുമ്പോള്‍ എന്നെപ്പോലെ ഒരു സാധാരണ ക്രിക്കറ്റ് ആസ്വാദകന് ശരിയായ വഴിയിലൂടെയാണോ ടീം മുന്നോട്ടു പോവുന്നത് എന്ന് തോന്നുന്നത് സ്വാഭാവികമാണ്.അങ്ങനെയിരിക്കെ ലോകകപ്പിന് തൊട്ടു മുമ്പായി ന്യൂസിലന്‍ഡിനെപ്പോലെ മികച്ചൊരു ടീമുമായി നമ്മുടെ താരങ്ങളുടെ മികവ് പരീക്ഷിക്കാന്‍ ലഭിക്കുന്ന അവസാന അവസരം തിരുവനന്തപുരത്ത് നടക്കുന്നുവെന്ന് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നതാണ്.
ഷൂട്ടിംഗ് ഇല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഒരു 5 ടിക്കറ്റ് ഞാന്‍ ചോദിച്ചേനെ. ചോദിക്കുന്നില്ല, എനിക്ക് ഷൂട്ടിംഗുണ്ട്. പക്ഷെ എനിക്ക് കിട്ടാത്ത ടിക്കറ്റ് സനലേട്ടന് കൊടുത്ത് ലോഞ്ച് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. കാര്യവട്ടത്ത് നിറഞ്ഞ ഗ്യാലറിക്ക് മുമ്പില്‍ മത്സരം നടക്കുന്നത് കാണാനാണ് കാത്തിരിക്കുന്നത്. കേരളത്തിന്‍റെയും തിരുവനന്തപുരത്തിന്‍റെയും ക്രിക്കറ്റ് ആവേശം ജനുവരി 31ന് ലോകമറിയട്ടെയെന്നും പൃഥ്വി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!