
ദില്ലി: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ചേതേശ്വര്‍ പൂജാരയുടെ കരിയറിലെ നൂറാം ടെസ്റ്റായിരുന്നു. ഇന്ത്യക്കായി ടെസ്റ്റില്‍ മാത്രം കളിക്കുന്ന പൂജാരയെ സംബന്ധിച്ച് വലിയ നാഴികക്കല്ലായിരുന്നു ദില്ലി ടെസ്റ്റ്. അതുകൊണ്ടുതന്നെ നൂറാം ടെസ്റ്റില്‍ പൂജാരയില്‍ നിന്ന് മഹത്തായൊരു ഇന്നിംഗ്സ് ആരാധകര്‍ പ്രതീക്ഷിച്ചു.
എന്നാല്‍ നേഥന്‍ ലിയോണിന്‍റെ സ്പിന്നിന് മുന്നില്‍ മുട്ടുമടക്കി മടങ്ങാനായിരുന്നു പൂജാരയുടെ വിധി. നേരിട്ട രണ്ടാം പന്തില്‍ തന്നെ ലിയോണിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെങ്കിലും ഓസ്ട്രേലിയ റിവ്യു എടുക്കാന്‍ മടിച്ചതിനാല്‍ പൂജാര രക്ഷപ്പെട്ടു. എന്നാല്‍ രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ രണ്ടാംവട്ടവും വിക്കറ്റിന് മുന്നില്‍ കുടുങ്ങി പൂജാരക്കെതിരെ ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് റിവ്യു എടുത്തു. ഡിആര്‍എസില്‍ പൂജാര വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഔട്ടാവുകയും ചെയ്തു. ഏഴ് പന്ത് നേരിട്ട പൂജാര അക്കൗണ്ട് തുറക്കും മുമ്പാണ് മടങ്ങിയത്.
ഐതിഹാസികമെന്ന് രോഹിത്! പൂജാരയുടെ 100-ാം ടെസ്റ്റ് ആഘോഷമാക്കി ബിസിസിഐ, കുടുംബം സാക്ഷി- വീഡിയോ കാണാം
ഇതോടെ നൂറാം ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായവരുടെ ലിസ്റ്റിലേക്ക് പൂജാരയും എത്തി. പൂജാരക്ക് മുമ്പ് ഏഴ് പേരാണ് നൂറാം ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായവര്‍. ഓസ്ട്രേലിയന്‍ മുന്‍ നായകരായ അലന്‍ ബോര്‍ഡര്‍, മാര്‍ക് ടെയ്‌ലര്‍, ന്യൂസിലന്‍ഡ് മുന്‍നായകരായ ബ്രണ്ടന്‍ മക്കല്ലം, സ്റ്റീഫന്‍ ഫ്ലെമിംഗ്, ഇംഗ്ലണഅട് മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്ക് ഇന്ത്യന്‍ മുന്‍ നായകന്‍ ദിലീപ് വെങ്സര്‍ക്കാര്‍, വിന്‍ഡീസ് മുന്‍ നായകന്‍ കോര്‍ട്നി വാല്‍ഷ് എന്നിവരാണ് പൂജാരക്ക് മുമ്പ് നൂറാം ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായവര്‍.
100 ടെസ്റ്റുകള്‍ കളിക്കുന്ന പതിമൂന്നാമത്തെ ഇന്ത്യന്‍ ക്രിക്കറ്റാണ് പൂജാര. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, അനില്‍ കുംബ്ലെ, സുനില്‍ ഗാവസ്‌കര്‍, ദിലീപ് വെങ്സര്‍ക്കര്‍, സൗരവ് ഗാംഗുലി, വിരാട് കോലി, ഇഷാന്ത് ശര്‍മ്മ, ഹര്‍ഭജന്‍ സിംഗ്, വിരേന്ദര്‍ സെവാഗ് എന്നിവരാണ് 100 ടെസ്റ്റുകള്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍. ഇവരില്‍ 200 ടെസ്റ്റുകളുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍. രണ്ടാമതുള്ള നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് 163 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.