സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, അനില്‍ കുംബ്ലെ, സുനില്‍ ഗാവസ്‌കര്‍, ദിലീപ് വെങ്സര്‍ക്കര്‍, സൗരവ് ഗാംഗുലി, വിരാട് കോലി, ഇഷാന്ത് ശര്‍മ്മ, ഹര്‍ഭജന്‍ സിംഗ്, വിരേന്ദര്‍ സെവാഗ് എന്നിവരാണ് 100 ടെസ്റ്റുകള്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍.
ദില്ലി: ചേതേശ്വര്‍ പൂജാരയുടെ നൂറാം ടെസ്റ്റ് ആഘോഷമാക്കി ബിസിസിഐ. ടോസിന് ശേഷം ബിസിസിഐ താരത്തിന് ആശംസകള്‍ നേര്‍ന്നു. നൂറാം ടെസ്റ്റ് കളിക്കന്ന 35കാരന് സുനില്‍ ഗവാസ്‌കര്‍ തൊപ്പ് കൈമാറി. അദ്ദേഹത്തിന്റെ ഭാര്യ, അച്ഛന്‍ എന്നിവര്‍ ഗ്രൗണ്ടിലുണ്ടായിരുന്നു. സഹതാരങ്ങള്‍ പൂജാരയ്ക്ക് പിന്നില്‍ അണിനിരന്നു. 100 ടെസ്റ്റുകള്‍ കളിക്കുന്ന പതിമൂന്നാമത്തെ ഇന്ത്യന്‍ ക്രിക്കറ്റാണ് പൂജാര.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, അനില്‍ കുംബ്ലെ, സുനില്‍ ഗാവസ്‌കര്‍, ദിലീപ് വെങ്സര്‍ക്കര്‍, സൗരവ് ഗാംഗുലി, വിരാട് കോലി, ഇഷാന്ത് ശര്‍മ്മ, ഹര്‍ഭജന്‍ സിംഗ്, വിരേന്ദര്‍ സെവാഗ് എന്നിവരാണ് 100 ടെസ്റ്റുകള്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍. ഇവരില്‍ 200 ടെസ്റ്റുകളുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍. രണ്ടാമതുള്ള നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് 163 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ഇന്ത്യക്ക് വേണ്ടി 100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുമെന്ന് ഒരിക്കല്‍ പോലും കരുതിയില്ലെന്ന് പൂജാര പറഞ്ഞു. ''ഇന്ത്യക്ക് വേണ്ടി കളിക്കുകയെന്നത് സ്വപ്‌നമായിരുന്നു. എന്നാല്‍ 100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുമെന്ന് കരുതിയില്ല. ടെസ്റ്റ് ക്രിക്കറ്റ് എന്നെ പലപ്പോഴും വെല്ലുവിളിക്കാറുണ്ട്. എന്റെ ഭാര്യയോട്, കുടുംബത്തോട്, ബിസിസിഐയോട്, എന്റെ യാത്രയില്‍ കൂടെ നിന്ന എല്ലാവരോടും ഞാന്‍ കടപ്പെട്ടവനായിരിക്കും.'' പൂജാര വ്യക്തമാക്കി. ബിസിസിഐ പുറത്തുവിട്ട പ്രത്യേക വീഡിയോ കാണാം...
ടോസ് സമയത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പൂജാരയെ പ്രകീര്‍ത്തിച്ചിരുന്നു. രോഹിത്തിന്റെ വാക്കുകള്‍... ''പൂജാരയുടെ 100-ാം ടെസ്റ്റില്‍ ടീം മുഴുവന്‍ ആവേശത്തിലാണ്. അദ്ദേഹത്തിന്റെ കുടുംബം സ്റ്റേഡിയത്തിലുണ്ട്. 100 ടെസ്റ്റ് മത്സരങ്ങള്‍ എന്നുള്ളത് അനായാസമായ കാര്യമല്ല. ഒരുപാട് കയറ്റിറക്കങ്ങള്‍ക്ക് സാക്ഷ്യം ഐതിഹാസിക കരിയറാണ് പൂജാരയുടേത്.'' രോഹിത് പൂജാരയെ കുറിച്ച് പറഞ്ഞു.
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റാണ് ദില്ലിയില്‍ നടക്കുന്നത്. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ദില്ലിയില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. മാറ്റങ്ങളുമായിട്ടാണ് ഇരുവരും ഇറങ്ങുന്നത്. ഓസീസ് ടീമില്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ മാത്യു കുനെമാന്‍ അരങ്ങേറ്റം നടത്തും. സ്‌കോട്ട് ബോളണ്ട് വഴിമാറി കൊടുത്തു. മാറ്റ് റെന്‍ഷ്വൊക്ക് പകരം ട്രാവിസ് ഹെഡ് ടീമിലെത്തി.
അതേസമയം, ദില്ലിയില്‍ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് തിരിച്ചുവരാനായില്ല. ഇന്ത്യന്‍ ടീം ഒരു മാറ്റമാണ് വരുത്തിയത്. അരങ്ങേറ്റ ടെസ്റ്റില്‍ മോശം പ്രകടനം നടത്തിയ സൂര്യകുമാര്‍ യാദവ് പുറത്തായി. പരിക്ക് മാറിയ ശ്രേയസ് അയ്യര്‍ തിരിച്ചെത്തി.
ഇന്ത്യ: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, കെ എസ് ഭരത്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, പീറ്റര്‍ ഹാന്‍ഡ്‌കോംപ്, അലക്‌സ് ക്യാരി, മാത്യു പാറ്റ് കമ്മിന്‍സ്, മാത്യു കുനെമാന്‍, ടോഡ് മര്‍ഫി, നതാന്‍ ലിയോണ്‍.
