ഒറ്റയാനായി മുംബൈ, പഞ്ചാബിന് വേണം ഒന്നാം സ്ഥാനം! ജയ്‌പൂരില്‍ ആവേശക്കളി

Published : May 26, 2025, 12:02 PM ISTUpdated : May 26, 2025, 12:43 PM IST
ഒറ്റയാനായി മുംബൈ, പഞ്ചാബിന് വേണം ഒന്നാം സ്ഥാനം! ജയ്‌പൂരില്‍ ആവേശക്കളി

Synopsis

മുംബൈക്കിത് കേവലം മറ്റൊരു മത്സരം മാത്രമായിരിക്കണം. അവസാനം കളിച്ച എട്ട് മത്സരങ്ങളും അവര്‍ക്ക് നോക്കൗട്ടായിരുന്നു

ഐപിഎല്‍ 18-ാം സീസണിന്റെ ഗ്രൂപ്പ് ഘട്ടത്തിന് ഒരു ആന്റി ക്ലൈമാക്‌സ് കൂടിയുണ്ട്. 68 മത്സരങ്ങള്‍ക്കിടയില്‍ ഒരുതവണ പോലും നേര്‍ക്കുനേര്‍ വരാത്ത രണ്ട് പേര്‍ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. സവായ് മാൻസിങ് സ്റ്റേഡിയത്തില്‍ നാണയം വാനിലേക്ക് ഉയരുന്നത് മുതല്‍ ആ പോരിന്റെ പ്രകടമ്പനം അലയടിക്കും. അത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റേയും ഗുജറാത്ത് ടൈറ്റൻസിന്റേയും ക്യാമ്പുകളിലുമെത്തും. അതേ, ആദ്യ രണ്ട് സ്ഥാനങ്ങളിലെ ഒരുവനെ നിര്‍ണയിക്കുന്ന പോര്, മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്‌സും തമ്മില്‍.

മുംബൈക്കിത് കേവലം മറ്റൊരു മത്സരം മാത്രമായിരിക്കണം. അവസാനം കളിച്ച എട്ട് മത്സരങ്ങളും അവര്‍ക്ക് നോക്കൗട്ടായിരുന്നു. അതില്‍ ഏഴും ജയിച്ചാണ് ഹാര്‍ദിക്കിന്റെ പട പ്ലേ ഓഫ് ഉറപ്പിച്ചത്. മറുവശത്ത് 17 വര്‍ഷത്തെ കാത്തിരിപ്പിന് അറുതികാണാനിറങ്ങിയതാണ് പഞ്ചാബ്. ഒരു പതിറ്റാണ്ടിന് ശേഷമുള്ള പ്ലേ ഓഫ് പ്രവേശനം. അതുകൊണ്ട് ആദ്യ രണ്ടിലെത്തുക എന്നത് തങ്ങളുടെ പ്രധാന ലക്ഷ്യമാണെന്ന് പഞ്ചാബ് താരങ്ങള്‍ ഉറക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ, അത് അത്ര എളുപ്പമാകില്ലെന്ന് പറയാതെ പറയുകയാണ് മുംബൈയുടെ വൻമരങ്ങള്‍ അണിനിരക്കുന്ന നിര.

ഇടവേളയ്ക്ക് ശേഷമുള്ള മത്സരങ്ങള്‍ പരിശോധിക്കുക. ആദ്യ മൂന്നിലുണ്ടായിരുന്നു ബെംഗളൂരുവിനും ഗുജറാത്തിനും പഞ്ചാബിനും കാലിടറി. പക്ഷേ, മുംബൈയെ കാത്തിരുന്നത് പ്ലേ ഓഫ് തുലാസിലാക്കുന്ന മത്സരമായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ. ബാറ്റിങ് നിരയിലെ വലിയ പേരുകള്‍ ഡല്‍ഹിയുടെ കൃത്യതയ്ക്ക് മുന്നില്‍ ഡഗൗട്ടിലേക്ക് മടങ്ങിയപ്പോള്‍ പോലും എത്ര ആധികാരികമായാണ് അവര്‍ തിരിച്ചുവന്നത്. സൂര്യകുമാറിന്റേയും നമൻ ധീറിന്റേയും വീര്യം. പിന്നാലെ സര്‍വാധിപത്യത്തിന് അടിവരയിട്ട് ബുംറയുടെ സംഘം.

സ്ക്വാഡ് ഡെപ്ത് തട്ടിച്ചുനോക്കിയാല്‍ മുംബൈക്ക് തുല്യമല്ല സീസണിലാരുമെന്ന് പറയാനാകും. ഫോമിലല്ലാത്ത താരങ്ങളെ അവരുടെ പട്ടികയില്‍ കാണാനാകില്ല. മിച്ചല്‍ സാന്റനറിന്റെ വരവ് ബൗളിംഗ് നിരയെ ഒരുപടി മേലേക്കുയര്‍ത്തി. നാല് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ്, ഒരു ട്വന്റി 20 മത്സരത്തിലാണ് ഇതെന്ന് ഓര്‍ക്കണം, ഒപ്പം പിടിക്കുകയായിരുന്നു ബുംറയും 12 റണ്‍സിന് മൂന്ന് വിക്കറ്റ്. പേസ്-സ്പിൻ വെല്‍ ബാലൻസ്‌ഡായി കാണാം. അതും അതിസമ്മര്‍ദമുള്ള മത്സരത്തിലായിരുന്നു മുംബൈയുടെ പ്രകടനം. സമ്പൂര്‍ണ ടീം ഗെയിം. 

ഹാര്‍ദിക്ക് പാണ്ഡ്യ എന്ന ലോകോത്തര ഓള്‍ റൗണ്ടര്‍ക്ക് ബാറ്റുകൊണ്ടും പന്തുകൊണ്ടും കാര്യമായ സഹായം ടീമിന് നല്‍കേണ്ടി വരുന്നില്ല എന്നിടത്ത് തന്നെ തെളിയുന്നു മുംബൈ എത്രത്തോളം അപകടകരമായ ടീമാണെന്ന്. മറുവശത്ത് പരിപൂര്‍ണമായും ബാറ്റിംഗ് നിരയെ ആശ്രയിച്ചിരിക്കുന്ന ടീമാണ് പഞ്ചാബ്. പ്രിയാൻഷ് ആര്യ മുതല്‍ മാര്‍ക്കസ് സ്റ്റോയിനിസ് വരെ. എട്ടാം നമ്പര്‍ വരെ കാര്യങ്ങള്‍ ഭദ്രമാണ്. 488 റണ്‍സുമായി നായകൻ ശ്രേയസ് അയ്യരും 486 റണ്‍സുമായി പ്രഭ്‌സിമ്രൻ സിങ്ങുമാണ് പഞ്ചാബിന്റെ ഡബിള്‍ എഞ്ജിൻ.

ശശാങ്ക് സിങ്ങും സ്റ്റോയിനിസും ഫിനിഷര്‍മാരുടെ ചുമതല കൃത്യമായി നിര്‍വഹിക്കുന്നവര്‍. ബാറ്റിങ്ങിലെ ഈ സന്തുലിത പഞ്ചാബിന്റെ ബൗളിങ്ങിലില്ലെന്ന് പറയേണ്ടി വരും. സവായ് മാൻസിങ് സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പഞ്ചാബ് ബൗളര്‍മാര്‍ 200 റണ്‍സിലധികം വഴങ്ങി. 16 വിക്കറ്റ് നേടിയ അര്‍ഷദീപ് മാത്രമാണ് പഞ്ചാബിന്റെ വിശ്വാസം കാത്ത ബൗളര്‍. മാര്‍ക്കൊ യാൻസണും യുസുവേന്ദ്ര ചഹലും 14 വിക്കറ്റ് വീതം പിഴുതിട്ടുണ്ടെങ്കിലും റണ്‍വിട്ടുകൊടുക്കുന്നതില്‍ മടിയില്ലാത്തവരാണ്. ചഹലിന്റെ അഭാവത്തില്‍ വന്ന ഹര്‍പ്രീത് ബ്രാര്‍ ശ്രേയസിന് ആത്മവിശ്വാസം നല്‍കുന്നതാണ്.

പക്ഷേ, ഇതേ മൈതാനത്ത് 200 റണ്‍സിലധികം സ്കോര്‍ ചെയ്യുകയും രാജസ്ഥാൻ റോയല്‍സിനെ 117 റണ്‍സിന് എറിഞ്ഞിടുകയും ചെയ്ത ടീമാണ് മുംബൈ. അതുകൊണ്ട്, മുംബൈയുടെ ബൗളിങ് അറ്റാക്കിനെ എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചിരിക്കും പഞ്ചാബിന്റെ ടോപ് ടു പ്രതീക്ഷകളെന്ന് പറയേണ്ടി വരും. 13 മത്സരങ്ങളില്‍ നിന്ന് എട്ട് ജയമാണ് ഇരുടീമുകള്‍ക്കുമുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കണ്ണൂ‍ർക്കാരൻ ഷറഫു മുതൽ അമേരിക്കയുടെ നേത്രാവൽക്കർ വരെ, ലോകകപ്പിൽ പട നയിക്കാൻ 40 ഇന്ത്യൻ താരങ്ങൾ, കൂടുതല്‍ കാനഡയില്‍‍
'പാകിസ്ഥാൻ ഇന്ത്യക്ക് ഒരു ഇരയേ അല്ല'; ലോകകപ്പില്‍ ഇന്ത്യ കരുതിയിരിക്കേണ്ട് ആ 3-4 ടീമുകളെയെന്ന് മഞ്ജരേക്കർ