ടീം മാനേജ്മെന്റും ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സും തമ്മില്‍ യാതൊരുവിധ ആശയവിനിമയക്കുറവുമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി, പരിക്കേറ്റ കളിക്കാരെക്കുറിച്ച് നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും നിലവിലെ 15 അംഗ ടീമില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൊളംബൊ: ടീം മാനേജ്മെന്റും ബെംഗളൂരു ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സും തമ്മില്‍ ആശയവിനിമയക്കുറവില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. പരിക്കേറ്റ കളിക്കാരുടെ ഫിറ്റ്നസ് കാര്യത്തില്‍ നിരന്തരമായ ആശയവിനിമയം നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മൂന്ന് താരങ്ങള്‍ പുറത്തായതിന് പിന്നാലെ ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ ആശയവിനിമയ തടസ്സമുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗില്‍ ഇക്കാര്യം വ്യക്തമാക്കിയത്. റിഹാബിലിറ്റേഷനിലുളള കളിക്കാരുടെ പുരോഗതി ടീം മാനേജ്മെന്റും കോംപ്‌ടെന്‍സി സെന്ററും ചേര്‍ന്ന് നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ''അവരുമായി നിരന്തരമായ ആശയവിനിമയമുണ്ട്. നിര്‍ഭാഗ്യവശാല്‍ സായ് സുദര്‍ശന്‍ ഞങ്ങള്‍ പ്രതീക്ഷിച്ചത്ര വേഗത്തില്‍ സുഖം പ്രാപിച്ചില്ല. ടെസ്റ്റ് മത്സരങ്ങളില്‍ റിസ്‌ക് എടുക്കാന്‍ കഴിെേഞ്ഞന്ന് വരില്ല. എങ്കിലും ഞങ്ങളുടെ 15 അംഗ സംഘത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്.'' പ്രീ-മാച്ച് പ്രസ് കോണ്‍ഫറന്‍സില്‍ ഗില്‍ പറഞ്ഞു.

ഗില്‍ തുടര്‍ന്നു... ''ടെസ്റ്റിന്റെ ആദ്യ ദിവസം നന്നായി കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റൊരു അവസരം ലഭിക്കും. അതിനാല്‍ കളിക്കാര്‍ക്ക് തിരിച്ചുവരാന്‍ കൂടുതല്‍ അവസരങ്ങളുണ്ട്. അവര്‍ക്ക് ആദ്യ ഇലവനില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല എന്നത് ടീമിന്റെ മനോവീര്യം തകര്‍ത്തിട്ടില്ല. ഞങ്ങളുടെ 15 അംഗ സംഘത്തിലുള്ളതോ, ഏതെങ്കിലും സാഹചര്യത്തില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുന്നതോ ആയ ആര്‍ക്കും നന്നായി കളിക്കാനും വിജയം സമ്മാനിക്കാനും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാഷിംഗ്ടണ്‍ സുന്ദര്‍ പരിക്കില്‍ നിന്ന് പൂര്‍ണ്ണമുക്തനാവാത്തതിനാല്‍ രവീന്ദ്ര ജേഡജയെ മാത്രമാകും ടീം ഏക ഓള്‍റൗണ്ടറായി പരമ്പരയില്‍ പരീക്ഷിക്കുക. എങ്കിലും യുവതാരം മാനവ് സുതര്‍ അവസരം ലഭിച്ചാല്‍ മികച്ച സംഭാവന നല്‍കുമെന്ന പ്രതീക്ഷയിലാണ് ഗില്‍. ''മാനവ് സുതറിന് ബാറ്റിംഗില്‍ കഴിവുകളുണ്ട്. തീര്‍ച്ചയായും കുറച്ച് അനുഭവസമ്പത്തും ആത്മവിശ്വാസവും ആവശ്യമാണ്, അത് കളത്തിലിറങ്ങി റണ്‍സ് നേടുമ്പോള്‍ മാത്രമേ ലഭിക്കൂ. ഈ പരമ്പരയില്‍ സുതര്‍ അത് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മികച്ച ബോളിങ് വൈഭവമുള്ളവനാണ് സുതര്‍. നമ്പര്‍ 8 ബാറ്ററാകാനുള്ള പൊട്ടന്‍ഷ്യല്‍ അവനുണ്ട്.'' ഗില്‍ പറഞ്ഞു.

ടീമില്‍ മാറ്റങ്ങള്‍ വന്നെങ്കിലും പരമ്പരയ്ക്ക് മുന്നോടിയായി ആവശ്യത്തിന് തയ്യാറെടുപ്പുകള്‍ നടത്താന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഗില്‍ വിശ്വസിക്കുന്നു. കഴിഞ്ഞ മാസം ചില താരങ്ങള്‍ ഇന്ത്യ എ മത്സരങ്ങളില്‍ കളിച്ചിരുന്നു.

YouTube video player