ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തിന് വേദിയാവുന്ന ശഹീദ് വീര്‍ നാരായന്‍ സിംഗ് സ്റ്റേഡിയത്തിന് ഒരു പ്രത്യേകതയുണ്ട്

റായ്‌പൂര്‍: ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ഏകദിനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം റായ്‌പൂരിലെത്തി. ഹൈദരാബാദിലെ ആദ്യ ഏകദിനത്തില്‍ 12 റണ്‍സിന്‍റെ ത്രില്ലര്‍ ജയം നേടിയാണ് ടീം ഇന്ത്യയുടെ വരവ്. റായ്‌പൂരിലേക്ക് യാത്ര ചെയ്യുന്നതിന്‍റെ ചിത്രം ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ശനിയാഴ്‌ചയാണ് റായ്‌പൂരിലെ രണ്ടാം ഏകദിനം. 

ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തിന് വേദിയാവുന്ന ശഹീദ് വീര്‍ നാരായന്‍ സിംഗ് സ്റ്റേഡിയത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ നടക്കുന്ന ആദ്യ രാജ്യാന്തര മത്സരമാണിത്. ഇതിന് മുമ്പ് ആറ് ഐപിഎല്‍ മത്സരങ്ങളും കുറച്ച് ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20 കളികളും മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. ശനിയാഴ്‌ച നടക്കുന്ന ഇന്ത്യ-കിവീസ് രണ്ടാം ഏകദിനത്തിന് മുന്നോടിയായി വെള്ളിയാഴ്ച ഇന്ത്യന്‍ താരങ്ങള്‍ ഇവിടെ പരിശീലനത്തിന് ഇറങ്ങും. എന്നാല്‍ താരങ്ങള്‍ക്ക് നിര്‍ബന്ധിത പരിശീലനമുണ്ടാവില്ല. ആദ്യ ഏകദിനത്തിനിടെ പരിക്കിന്‍റെ ലക്ഷണങ്ങള്‍ കാണിച്ച ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി എന്നിവരുടെ ഫിറ്റ്‌നസ് മത്സരത്തിന് മുന്നോടിയായി വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. ഹൈദരാബാദിലേതിന് സമാനമായി ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് റായ്‌പൂരില്‍ പ്രതീക്ഷിക്കുന്നത്. മത്സരത്തിന് മഴ ഭീഷണിയൊന്നുമില്ല.

ഹൈദരാബാദ് ഏകദിനം 12 റണ്‍സിന് വിജയിച്ചതിനാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. 149 പന്തില്‍ 19 ഫോറും 9 സിക്‌സറും സഹിതം 208 റണ്‍സുമായി ശുഭ്‌‌മാന്‍ ഗില്ലായിരുന്നു ഇന്ത്യയുടെ വിജയശില്‍പി. 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികളുടെ പോരാട്ടം മൈക്കല്‍ ബ്രേസ്‌വെല്ലിന്‍റെ മിന്നല്‍ സെഞ്ചുറിക്കും(78 പന്തില്‍ 140) മിച്ചല്‍ സാന്‍റ്‌നറുടെ അര്‍ധസെഞ്ചുറിക്കും(57 റണ്‍സ്) ഇടയിലും 49.2 ഓവറില്‍ 337 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 10 ഓവറില്‍ 46 റണ്ണിന് നാല് വിക്കറ്റ് സ്വന്തമാക്കി. ബ്രേസ്‌വെല്ലും സാന്‍റ്‌നറും ഏഴാം വിക്കറ്റില്‍ 162 റണ്‍സ് ചേര്‍ത്തെങ്കിലും നാല് പന്ത് അകലെ നില്‍ക്കേ ബ്രേസ്‌വെല്ലിനെ എല്‍ബിയില്‍ കുടുക്കി ഷാര്‍ദ്ദുല്‍ ഠാക്കൂര്‍ ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു.

ലോകകപ്പോടെ രോഹിത് ശര്‍മ്മ മാറും; അടുത്ത ഏകദിന, ടെസ്റ്റ് ക്യാപ്റ്റന്‍മാര്‍ ഇവര്‍- റിപ്പോര്‍ട്ട്