ആന്‍ഡേഴ്‌സണിന് മുന്നില്‍ വീണ്ടും കീഴടങ്ങി; രഹാനെയ്ക്ക് നാണക്കേടിന്റെ റെക്കോഡ്

By Web TeamFirst Published Feb 9, 2021, 1:21 PM IST
Highlights

ഇംഗ്ലണ്ടിനെതിരെ ചെന്നൈ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ റണ്‍സൊന്നുമെടുക്കാതേയുമാണ് താരം പുറത്തായത്. 

ചെന്നൈ: അസ്ഥിരതയാണ് ഇന്ത്യന്‍ ഉപനായകന്‍ അജിന്‍ക്യ രഹാനെ നേരിടുന്ന പ്രധാന പ്രശ്‌നം. ഒരു മികച്ച ഇന്നിങ്‌സ് പുറത്തെടുത്താല്‍ പിന്നീട് ഒന്നു കാണണമെങ്കില്‍ ദിവസങ്ങള്‍ കഴിയും. വിദേശ പിച്ചുകളില്‍ തിളങ്ങാറുള്ള രഹാനെ പലപ്പോഴും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പരാജയപ്പെടാറുണ്ട്. ഇംഗ്ലണ്ടിനെതിരെ ചെന്നൈ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ റണ്‍സൊന്നുമെടുക്കാതേയുമാണ് താരം പുറത്തായത്. 

2016-17 ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന് ശേഷം നാട്ടില്‍ നടന്ന 29 ഇന്നിങ്‌സില്‍ 32.33 മാത്രമാണ് രഹാനെയുടെ ശരാശരി. ഇതില്‍ 19 തവണയും പുറത്തായത് സ്പിന്നിനെതിരായാണ്. സ്പിന്നര്‍മാര്‍ക്കെതിരെ 25.31 മാത്രമാണ് രഹാനെയുടെ ശരാശരി. ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സ്പിന്നിനെതിരെയാണ് താരം പുറത്തായത്. രണ്ടാം ഇന്നിങ്‌സില്‍ ജയിംസ് ആന്‍ഡേഴ്‌സണില്‍ മുന്നില്‍ കീഴടങ്ങി.

നേരിട്ട മൂന്നാം പന്തില്‍ റണ്‍സൊന്നുമെടുക്കാതെയാണ് രഹാനെ മടങ്ങിയത്. ഇതോടെ ഒരു മോശം റെക്കോഡും രഹാനെയുടെ പേരിലായി. ആന്‍ഡേഴ്‌സനണിന് മുന്നില്‍ ഏറ്റവും കൂടുതല്‍ ഡക്കായ ബാറ്റ്‌സ്മാനായി രഹാനെ. നാല് തവണ ആന്‍ഡേഴ്‌സണ്‍ രഹാനെയെ റണ്‍സെടുക്കാതെ പുറത്താക്കിയിട്ടുണ്ട്. ഓവലില്‍ രണ്ട് തവണയും ലീഡ്‌സില്‍ ഒരു തവണയും രഹാനെ ആന്‍ഡേഴ്‌സണിന് മുന്നില്‍ കീഴടങ്ങി. 

വിരേന്ദര്‍ സെവാഗ്, മുരളി വിജയ് എന്നീ താരങ്ങളെയാണ് രഹാനെ പിന്നിലാക്കിയത്. ഇരുവരും മൂന്ന് തവണ വീതം ആന്‍ഡേഴ്‌സണ്‍ മുന്നില്‍ ഡക്കായിട്ടുണ്ട്.

click me!