കോലിയുടെ ക്യാപ്റ്റന്‍സി ഇതിഹാസത്തിന് സമാനം; ഉദാഹരണം സഹിതം പ്രശംസിച്ച് മഞ്ജരേക്കര്‍

By Web TeamFirst Published Feb 9, 2021, 12:42 PM IST
Highlights

തന്ത്രങ്ങളുടെ കാര്യത്തില്‍ കോലിയുടെ നായകശേഷിയേ കുറിച്ച് പലര്‍ക്കും വിഭിന്ന അഭിപ്രായങ്ങള്‍ ഉണ്ടാകാമെന്നും മഞ്ജരേക്കര്‍. 

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന് സമാനമെന്ന് ഇന്ത്യന്‍ മുന്‍താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. എന്നാല്‍ തന്ത്രങ്ങളുടെ കാര്യത്തില്‍ കോലിയുടെ നായകശേഷിയേ കുറിച്ച് പലര്‍ക്കും വിഭിന്ന അഭിപ്രായങ്ങള്‍ ഉണ്ടാകാമെന്നും അദേഹം പറഞ്ഞു. ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യാന്‍ രവിചന്ദ്ര അശ്വിനെ കോലി ക്ഷണിച്ചത് പ്രശംസിച്ചാണ് മഞ്ജരേക്കറുടെ പ്രതികരണം. 

'ടീം ഇന്ത്യ എങ്ങനെ ചിന്തിക്കുന്നുവെന്ന് നാലാംദിനം ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് ഇന്ത്യ വിക്കറ്റ് നേടുമ്പോഴുള്ള കോലിയുടെ പ്രതികരണം വ്യക്തമാക്കുന്നുണ്ട്. കോലിയുടെ തന്ത്രങ്ങളെ കുറിച്ച് പലര്‍ക്കും എതിരഭിപ്രായങ്ങളുണ്ടാകും. എന്നാല്‍ ജയത്തെ കുറിച്ച് എപ്പോഴും പ്രതീക്ഷ അര്‍പ്പിക്കുന്നതില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനോട് ചേര്‍ന്നുനില്‍ക്കുന്നു കോലി. മത്സരത്തിലേക്ക് തിരിച്ചെത്താന്‍ ഇപ്പോഴും കഴിയും എന്ന് ക്യാപ്റ്റന്‍ ചിന്തിക്കുന്നു'- മഞ്ജരേക്കര്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു. 

ടീം ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ സമ്മാനിച്ച നായകനാണ് വിരാട് കോലി. ഇന്ത്യയെ 56 ടെസ്റ്റുകളില്‍ നയിച്ചപ്പോള്‍ 33 എണ്ണത്തില്‍ ജയിച്ചു. 13 കളികളില്‍ തോറ്റപ്പോള്‍ 10 എണ്ണം സമനിലയിലായി. 60 മത്സരങ്ങളില്‍ 27 ജയവുമായി എം എസ് ധോണിയാണ് ഇന്ത്യന്‍ താരങ്ങളിലെ രണ്ടാമന്‍. വിന്‍ഡീസിനെ 50 ടെസ്റ്റുകളില്‍ നയിച്ച വിവിയന്‍ റിച്ചാര്‍ഡ്‌സ് 27 മത്സരങ്ങളില്‍ അവര്‍ക്ക് ജയമൊരുക്കി. എട്ട് മത്സരങ്ങളില്‍ തോല്‍വി നേരിട്ടു. 

നടന്നുകൊണ്ടിരിക്കുന്ന ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ആദ്യ ഓവര്‍ എറിയാന്‍ കോലി പന്തേല്‍പിച്ചത് സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനേയാണ്. ആദ്യ പന്തില്‍ തന്നെ റോറി ബേണ്‍സിലെ ഗോള്‍ഡണ്‍ ഡക്കാക്കി കോലിയുടെ പ്രതീക്ഷ അശ്വിന്‍ കാത്തു. ബേണ്‍സിന്‍റെയടക്കം ആറ് വിക്കറ്റുകള്‍ അശ്വിന്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് 46.3 ഓവറില്‍ 178 റണ്‍സില്‍ പുറത്തായിരുന്നു. 

ആറ് വിക്കറ്റ് നഷ്‌ടം; ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിയര്‍ക്കുന്നു

click me!