
പ്രിൻസ് യാദവ് എറിഞ്ഞ 17-ാം ഓവറിലെ അഞ്ചാം പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ ബൗണ്ടറി വര കടക്കുന്നു. കെ എല്‍ രാഹുല്‍ ഫിനിഷസ് ഓഫ് ഇൻ സ്റ്റൈല്‍, കമന്ററി ബോക്സില്‍ നിന്ന് ശബ്ദമുയര്‍ന്നു. ഗ്യാലറിയില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സ് ഉടമ സഞ്ജീവ് യോഗങ്ക സാക്ഷി. ഇതുപോലൊരു നിമിഷം രാഹുല്‍ ആഗ്രഹിച്ചിട്ടുണ്ടോയെന്ന് അറിയില്ല. പക്ഷേ, കളിദൈവങ്ങള്‍ കാത്തുവെച്ചൊരു ഫ്രെയിമായിരുന്നു അത്. ഇൻസള്‍ട്ടാണ് രാഹുലേ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്, ഇതിവിടെ പറയാതെ വയ്യ.
ഒരു വര്‍ഷത്തെ പഴക്കമില്ല ആ നിമിഷത്തിന്, റണ്ണൊഴുക്ക് ശീലമാക്കിയ ഹൈദരാബാദാണ് മൈതാനം. ലക്നൗ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം സണ്‍റൈസേഴ്സ് ഹൈദരാബാദ് പിന്തുടരുകയാണ്. ട്രാവിസ് ഹെഡിന്റേയും അഭിഷേക് ശര്‍മയുടേയും ബാറ്റുകള്‍ ലക്നൗ ബൗളര്‍മാരെ വിഴുങ്ങിയ ദിവസം. 9.4 ഓവറില്‍ കഥ കഴിഞ്ഞു. ഹൈദരാബാദിന് പത്ത് വിക്കറ്റിന്റെ ജയം. ഹൈലൈറ്റ്സ് പോലൊരു മത്സരം. അന്ന് ട്രാവിഷേകിനെ പിടിച്ചുകെട്ടാൻ ഏതെങ്കിലും ബൗളിംഗ് നിരയക്ക് കഴിയുമായിരുന്നോയെന്ന് സംശയമുണ്ട്.
മത്സരശേഷം വിക്കറ്റ് കീപ്പിങ് ഗ്ലൗവും ഹെല്‍മെറ്റുമായി ലക്നൗ നായകൻ രാഹുല്‍ മൈതാനത്ത്. തോല്‍വിയുടെ ആഘാതം രാഹുലിന്റെ മുഖത്തുണ്ടായിരുന്നു. രാഹുലിന്റെ പക്കലേക്ക് എത്തിയ ഗോയങ്ക തന്റെ നിരാശ മറച്ചുവെച്ചില്ല. വളരെ ക്ഷുഭിതനായാണ് രാഹുലിനോട് ഗോയങ്ക അന്ന് സംസാരിക്കുന്നത് കണ്ടത്. ഗോയങ്കയുടെ ശാസനകേട്ട് നിശബ്ദനായി തലതാഴ്ത്തി നില്‍ക്കുന്ന രാഹുലിനെയായിരുന്നു ഹൈദരാബാദില്‍ അന്ന് കണ്ടത്.
ഗോയങ്കയുടെ പെരുമാറ്റത്തെ സോഷ്യല്‍ ലോകം അന്ന് കീറിമുറിച്ചു. മൈതാനത്ത് വെച്ചുതന്നെ വേണമായിരുന്നോ ശകാരമെന്ന ചോദ്യമുയര്‍ന്നു. ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമായ ഒരു സീനിയര്‍ താരം ആ ബഹുമാനം അര്‍ഹിക്കുന്നില്ലെയെന്ന ചര്‍ച്ചകള്‍ സജീവമായി. ഇതോടെ രാഹുലും ടീം മാനേജ്മെന്റും തമ്മിലുള്ള അകലം വര്‍ധിച്ചുവെന്ന് പറയാം. കളിക്കളത്തില്‍ ഒരിക്കലും കണാനോ ഭാഗാമാകാനോ ആഗ്രഹിക്കുന്ന ഒന്നായിരുന്നില്ല ഗോയങ്കയുമായുള്ള നിമിഷമെന്ന് രാഹുല്‍ പിന്നീട് പ്രതികരിക്കുകയും ചെയ്തു.
താരലേലത്തിന് മുന്നോടിയായി രാഹുലിനെ ലക്നൗ നിലനിര്‍ത്തിയില്ല. നയിച്ച മൂന്ന് സീസണുകളില്‍ രണ്ടിലും ടീമിനെ പ്ലെ ഓഫിലെത്തിച്ച നായകനെ കൈവിട്ടു. വ്യക്തിഗത നേട്ടങ്ങള്‍ക്ക് മുകളില്‍ ടീമിന് പ്രധാന്യം നല്‍കുന്നവരെ മാത്രമാണ് നിലനിര്‍ത്തിയതെന്ന് ഗോയങ്ക തുറന്നടിച്ചു. പകരം റിഷഭ് പന്തിനെ 27 കോടി മൂടക്കി എത്തിച്ചു. ടീം വിജയക്കുതിപ്പുണ്ടാക്കുന്നുണ്ടെങ്കലും പന്തിന്റെ ബാറ്റ് പേരിനൊത്ത് ഉയര്‍ന്നിട്ടില്ല.
മറുവശത്ത് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് ചേക്കേറിയ രാഹുലിന്റെ പുതിയൊരു വേര്‍ഷനാണ് ഈ ഐപിഎല്‍ സാക്ഷ്യം വഹിക്കുന്നത്. മത്സരത്തിന്റെ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് വീശുന്ന രാഹുല്‍. അത് മറുവശത്ത് നിന്ന് ആസ്വദിക്കാൻ ഗോയങ്കയ്ക്കും കഴിഞ്ഞു. അത്ര മധുരമുള്ള ആസ്വാദനമായിരുന്നില്ല ഗോയങ്കയ്ക്ക് അത്. രാഹുല്‍ പായിച്ച മൂന്ന് ഫോറുകളും സിക്സറുകളും ലക്നൗവിന്റെ പോയിന്റ് പട്ടികയുടെ തലപ്പത്തേക്കുള്ള കുതിപ്പിന് വെല്ലുവിളിയായി.
മത്സരശേഷം ഹൈദരാബാദിലെ ആ നിമിഷത്തിന്റെ ബാക്കിപത്രവും സംഭവിച്ചു. പുതിയ സീസണില്‍ ആദ്യമായി ഗോയങ്കയും രാഹുലും മൈതാനത്ത് നേര്‍ക്കുനേര്‍. മത്സരശേഷം പതിവുള്ള ഹസ്തദാനത്തില്‍ ഗോയങ്കയോടുള്ള രാഹുലിന്റെ പ്രതികരണം സാധാരണമായിരുന്നില്ല. ഹസ്തദാനത്തിന് ശേഷം രാഹുലിനോട് സംസാരിക്കാനൊരുങ്ങി ഗോയങ്ക. രാഹുലിനെ ഒരുനിമിഷം പിടിച്ചുനിര്‍ത്താൻ പോലും ഗോയങ്ക തയാറായി. പക്ഷേ, രാഹുല്‍ അതിന് തയാറാകാതെ ഉടൻ തന്നെ അടുത്തയാള്‍ക്ക് ഹസ്തദാനം നല്‍കി. ഗോയങ്ക ഒരു ചിരിയോടെ സന്ദര്‍ഭത്തെ സ്വീകരിച്ചു.
ആഗ്രഹിച്ച സ്വതന്ത്ര്യത്തോടെ കളിമെനയുകയാണ് രാഹുലിന്ന്. ഇന്ത്യൻ ടീമിന്റെ മാത്രമല്ല ഡല്‍ഹിയുടേയും മിസ്റ്റര്‍ ഫിക്സിറ്റാണ് രാഹുലിന്ന്. ചാമ്പ്യൻസ് ട്രോഫിയിലും ഈ ഐപിഎല്ലിലുമെല്ലാം അത് വീണ്ടും തെളിയിക്കപ്പെട്ടു. ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാനും സ്ഥിരതയോടെ തിളങ്ങാനും കഴിയുന്ന താരമായി. ചിന്നസ്വാമിയില്‍ കളം വരച്ച് തന്റെ മൈതാനംകൂടിയാണെന്ന് പറഞ്ഞുവെച്ചു, ജയത്തിന് ശേഷം ജഴ്സിയിലെ ഹീറോയിലേക്ക് ചൂണ്ടി, ജഴ്സിയിലെ ഒന്നാം നമ്പറിലേക്ക് ബാറ്റ് ചേര്‍ത്തുവെച്ചു...തിരിച്ചടികള്‍ക്കും ശാസനയ്ക്കും തന്റെ മൂല്യം ഇല്ലാതാക്കാനാകില്ലെന്ന് അയാള്‍ പറയുകയാണ്...