സച്ചിനെ പിന്തള്ളുന്ന പ്രകടനം പലപ്പോഴും ദ്രാവിഡ് പുറത്തെടുത്തിട്ടുണ്ട്; പാക് മുന്‍ താരം

By Web TeamFirst Published Aug 6, 2020, 2:22 PM IST
Highlights

പല സമയങ്ങളിലും സച്ചിനെ പിറകിലാക്കുന്ന പ്രകടനം ദ്രാവിഡ് പുറത്തെടുത്തിട്ടുണ്ട്. ബുദ്ധിമുട്ടേറിയ പിച്ചില്‍ പോലും ദ്രാവിഡിന്റെ പ്രതിരോധം പിളര്‍ന്നിരുന്നില്ല.
 

കറാച്ചി: ക്രിക്കറ്റിലെ ഇതിഹാസമാണെന്ന് തെളിയിക്കുന്ന വിധത്തിലുള്ള റെക്കോഡുകളാണ് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിന്റേത്. 2001ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓസ്ട്രേലിയക്കെതിരായ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ എക്കാലത്തേയും മികച്ച ഒന്നാണ്. 1999 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ നേടിയ 153 റണ്‍സും ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാവില്ല. കടുത്ത പ്രതിരോധവും സാങ്കേതിക തികവും അദ്ദേഹത്തിന് 'ഗ്രേറ്റ് വാള്‍ ഓള്‍ ഓഫ് ഇന്ത്യ' എന്ന പേരും സമ്മാനിച്ചു.

എങ്കില്‍ പോലും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നിഴലിലായി പോയ കരിയറായിരുന്നു ദ്രാവിഡിന്റേതെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ പറയാറുണ്ട്. അതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ റമീസ് രാജ. പ്രമുഖ സ്പോര്‍ട്സ് വൈബ്സൈറ്റായ സ്പോര്‍ട്സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റമീസ് രാജയുടെ വാക്കുകള്‍... ''സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലെ ജന്മസിദ്ധിയുള്ള ക്രിക്കറ്റായിരുന്നില്ല രാഹുല്‍ ദ്രാവിഡ്. അയാല്‍ കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതാണ് എല്ലാം. അതും സച്ചിനെ പോലെ ഒരു മഹാപര്‍വതം ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന കാലയളവില്‍ തന്നെ. അങ്ങനെ ഒരു താരം കളിക്കുന്ന സമയത്ത് കഴിവിന്റെ പരമാവധി പുറത്തെടുത്താല്‍ പോലും അത് പോരാതെ വരും.

എന്നാല്‍ ദ്രാവിഡ് അങ്ങനെയായിരുന്നില്ല. പല സമയങ്ങളിലും സച്ചിനെ പിറകിലാക്കുന്ന പ്രകടനം ദ്രാവിഡ് പുറത്തെടുത്തിട്ടുണ്ട്. ബുദ്ധിമുട്ടേറിയ പിച്ചില്‍ പോലും ദ്രാവിഡിന്റെ പ്രതിരോധം പിളര്‍ന്നിരുന്നില്ല. അതിനുമാത്രം സാങ്കേതികതികവ് ദ്രാവിഡിനുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിലെ മൂന്നാം സ്ഥാത്തോട് നീതി പുലര്‍ത്തുന്ന പ്രകടനമായിരുന്നു ദ്രാവിഡിന്റേത്. എപ്പോഴും ഏതൊരാള്‍ക്കും ബഹുമാനം തോന്നുന്ന വ്യക്തിത്വമാണ് ദ്രാവിഡിന്റേത്. അത് ഗ്രൗണ്ടിലായാലും ഡ്രസിങ് റൂമിലായാലും പുറത്തായാലും. താരത്തിന്റെ മഹത്വം അളക്കുന്നതും ഇത്തരം പെരുമാറ്റത്തിലൂടെയാണ്.'' റമീസ് രാജ പറഞ്ഞുനിര്‍ത്തി. 

ഇന്ത്യക്ക് വേണ്ടി 164 ടെസ്റ്റുകള്‍ കളിച്ച ദ്രാവിഡ് 52.31 ശരാശരിയില്‍ 13288 റണ്‍സുകള്‍ നേടിയിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി 344 ഏകദിനങ്ങള്‍ കളിച്ച മുന്‍ ക്യാപ്റ്റന്‍ 10,889 റണ്‍സും അക്കൗണ്ടില്‍ എഴുതിച്ചേര്‍ത്തു. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെത തലവനാണ് അദ്ദേഹം.

click me!