
ജയ്പൂര്‍: ഇന്ത്യൻ ടീം പരിശീലകനായിരുന്നപ്പോഴും ഇപ്പോള്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായിരിക്കുമ്പോഴും രാഹുല്‍ ദ്രാവിഡില്‍ മാറ്റമില്ലാത്ത ഒരു കാര്യമുണ്ട്. ഓരോ പന്ത് കഴിയുമ്പോഴും രാഹുല്‍ ദ്രാവിഡ് തന്‍റെ മുന്നിലിരിക്കുന്ന പുസ്തകത്തില്‍ എന്തോ കുത്തിക്കുറിക്കുന്നത് കാണാം. ഒരു മത്സരത്തിനിടെ എന്താണിത്ര കുത്തിക്കുറിക്കാനെന്ന് ആരാധകര്‍ പലപ്പോഴും സംശയം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇത്തവണ ഐപിഎല്ലില്‍ ദ്രാവിഡ് എഴുതുന്നത് പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ ഹോം വര്‍ക്കാണെന്നുപോലും ട്രോളുകള്‍ വരികയും ചെയ്തിരുന്നു. ഇതിനിടെയാണ് താന്‍ എന്താണ് മത്സരങ്ങള്‍ക്കിടയില്‍ എഴുതിക്കൂട്ടിക്കൊണ്ടിരിക്കുന്നത് എന്ന് ദ്രാവിഡ് തന്നെ മറുപടി നല്‍കിയത്.
ഓരോ മത്സരത്തിലും സ്കോര്‍ എഴുതാന്‍ ഞാന്‍ ഒരു പ്രത്യേക രീതിയാണ് അവലംബിക്കാറുള്ളത്. ഈ രീതി മത്സരത്തെക്കുറിച്ചുള്ള വിശകലനത്തിനും വിലയിരുത്തലിനും എനിക്ക് ഏറെ ഉപകാരപ്രദമാണ്. സ്കോര്‍ ബോര്‍ഡ് നോക്കിയാല്‍ എളുപ്പത്തില്‍ സ്കോര്‍ മനസിലാവില്ലെ എന്ന് ചോദിക്കാമെങ്കിലും ഈ രീതിയാണ് എനിക്ക് കൂടുതല്‍ സൗകര്യപ്രദം. അതുകൊണ്ട് തന്നെ മത്സരത്തിനിടെ സ്കോര്‍ ബോര്‍ഡ് നോക്കാതെ തന്നെ എനിക്ക് സ്കോർ മനസിലാക്കാനാവും. മത്സരത്തിനുശേഷം ഓരോ കളിയിലെയും പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ആ ഓവറില്‍ എന്ത് സംഭവിച്ചു, അല്ലെങ്കില്‍ കളിയുടെ ആ ഘട്ടത്തില്‍ എന്തു സംഭംവിച്ചു എന്നൊക്കെ അറിയാന്‍ എനിക്കിത് ഏറെ ഉപകാരപ്രദമാണ്.
വളരെ ലളിതമായൊരു സ്കോറിംഗ് രീതിയാണിത്. അതിന് പിന്നില്‍ റോക്കറ്റ് സയന്‍സ് ഒന്നുമില്ല. മത്സരത്തിലെ സംഭവങ്ങളോ സാഹചര്യങ്ങളോ ഒന്നുമല്ല ഞാനവിടെ കുത്തിക്കുറിക്കുന്നത്. വലിയ സത്യങ്ങളൊന്നും കണ്ടുപിടിച്ച് എഴുതുന്നുമില്ല. കാണുന്നവര്‍ക്ക് ചിലപ്പോള്‍ ഇത് ബോറായും പാഴ്വേലയായുമൊക്കെ തോന്നാം. പക്ഷെ ഇതെന്നെ ശരിക്കും സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച് മത്സരത്തിനുശേഷമുള്ള വിശകലനത്തിലും വിലയിരുത്തലിലും. അത് തനിക്കേറെ സൗകര്യപ്രദമാണെന്നും ദ്രാവിഡ് സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.
ഇന്ത്യയെ ടി20 ലോകചാമ്പ്യൻമാരാക്കിയശേഷം രാജസ്ഥാൻ റോയൽസ് പരിശീലകനായ ദ്രാവിഡിന് പക്ഷെ ടീമിനെ ഇത്തവൻ പ്ലേ ഓഫിലെത്തിക്കാനായിരുന്നില്ല. 14 മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ നാലു ജയം മാത്രം നേടിയ രാജസ്ഥാന്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ജയിക്കാവുന്ന രണ്ടോ മൂന്നോ മത്സരങ്ങളില്‍ തോറ്റതും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പരിക്കേറ്റ് പുറത്തായതുമെല്ലാം രാജസ്ഥാന് തിരിച്ചടിയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക