എനിക്കുണ്ടായ ദുരനുഭവം, എന്റെ പരിശീലനത്തില്‍ കളിക്കുന്നവര്‍ക്ക് ഉണ്ടാവരുത്: രാഹുല്‍ ദ്രാവിഡ്

By Web TeamFirst Published Jun 11, 2021, 8:32 PM IST
Highlights

മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുക. ഭുവനേശ്വര്‍ കുമാര്‍ വൈസ് ക്യാപ്റ്റനാവും. മലയാളി താരങ്ങളായ സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ ടീമിനൊപ്പമുണ്ട്.

ബംഗളൂരു: ഇന്നലെയാണ് ശ്രീലങ്കന്‍ പര്യടത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുക. ഭുവനേശ്വര്‍ കുമാര്‍ വൈസ് ക്യാപ്റ്റനാവും. മലയാളി താരങ്ങളായ സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ ടീമിനൊപ്പമുണ്ട്. മറ്റൊരു മലയാളി സന്ദീപ് വാര്യര്‍ നെറ്റ് ബൗളറായും ടീമിനൊപ്പമുണ്ട്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനുമായ രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ കോച്ച്.

മുമ്പ് ഇന്ത്യ എ ടീമിനും ഐപിഎല്‍ ടീമുകളായ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി കാപിറ്റല്‍സ് എന്നിവരുടെ പരിശീലകനായും ദ്രാവിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരങ്ങളെയെല്ലാം അറിയാം. എങ്കിലും ആദ്യമായി ടീം ഇന്ത്യയെ പരിശീലിപ്പിക്കുന്നതിനെ കുറിച്ച്  സംസാരിക്കുകയാണ് ദ്രാവിഡ്. തന്റെ കീഴില്‍ കളിക്കുന്നവര്‍ക്ക് ഒരിക്കലും അവസരം ലഭിക്കാതിരിക്കില്ലെന്നാണ്് ദ്രാവിഡ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''വലിയ പ്രയത്‌നത്തിന് ശേഷമാണ് പലര്‍ക്കും എ ടീമിലേക്ക് ക്ഷണം ലഭിക്കുക. അതും ആഭ്യന്തര ക്രിക്കറ്റില്‍ 700-800 റണ്‍സ് നേടിയ ശേഷമാണ് താരങ്ങളെല്ലാം ഇന്ത്യ എ ടീമിലെത്തുന്നത്. എന്നിട്ടും താരങ്ങള്‍ അവസരം ലഭിക്കാതിരിക്കുന്നത് നീതികേടാണ്. അടുത്ത ആഭ്യന്തര സീസണിലും ഇതേ പ്രകടനം പുറത്തെടുത്താല്‍ സെലക്റ്റര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ സാധിക്കൂ. 

അതിനോട് യോജിക്കാന്‍ കഴിയില്ല. കരിയറില്‍ എനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ എന്റെ പരിശീലനത്തില്‍ കളിക്കുന്നവര്‍ക്ക് ഇത്തരം അനുഭവം ഉണ്ടാവരുത്. ഇന്ത്യന്‍ എ ടീം കോച്ചായിരുന്നപ്പോള്‍ ഇക്കാര്യം ഞാന്‍ എല്ലായ്‌പ്പോഴും സംസാരിക്കാറുണ്ട്. ശ്രീലങ്കന്‍ പര്യടനത്തിലും ഇത് ആവര്‍ത്തിക്കാനാണ് ശ്രമിക്കുക.  700-800 റണ്‍സ് സ്‌കോര്‍ ചെയ്ത് ടീമിലെത്തുന്ന താരങ്ങള്‍ മികവ് കാണിക്കാനുള്ള അവസരം ലഭിക്കണം. എല്ലാ സീസണിലും ഈ പ്രകടനം ആവര്‍ത്തിക്കാനാവില്ല. അണ്ടര്‍ 19 മത്സരങ്ങള്‍ക്കിടെ സാധ്യമെങ്കില്‍ 5-6 മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.'' ദ്രാവിഡ് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തെരുവില്‍ കളിച്ചാലും ബഞ്ചിലിരുന്നാലും വലിയ താരമാവാന്‍ സാധിക്കില്ലെന്നും ദ്രാവിഡ് പറഞ്ഞു. ''അത്തരക്കാര്‍ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവര്‍ മാത്രമെ ആവൂ. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. അവര്‍ക്ക് മികച്ച പരിശീലനവും ഗ്രൗണ്ടും ലഭിക്കണം. 1990കളിലും 2000ത്തിലും ഇത്തരം സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. പരിശീലനമോ സൗകര്യമോ ലഭിക്കാത്തതില്‍ വലിയ നിരാശയുണ്ടായിരുന്നു.'' ദ്രാവിഡ് പറഞ്ഞുനിര്‍ത്തി.

മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 13നാണ് ആദ്യ ഏകദിനം. 21ന് ടി20 മത്സരങ്ങള്‍ക്കും തുടക്കമാവും.

click me!