
മുംബൈ: ടി20 ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ(പിസിബി) ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂർണമെന്‍റിൽ നിന്ന് പുറത്താക്കിയ ഐസിസി നടപടിക്ക് പിന്നാലെ പാകിസ്ഥാൻ നടത്തുന്ന നീക്കങ്ങളെ റെയ്‌ന രൂക്ഷമായി വിമർശിച്ചു. ഐസിസി ചെയർമാൻ ജയ് ഷായുടെ നിലപാടുകൾ വ്യക്തമാണെന്നും ഐസിസിയെ വെല്ലുവിളിച്ചാൽ പാകിസ്ഥാൻ ക്രിക്കറ്റിന്‍റെ ഭാവി തന്നെ അപകടത്തിലാകുമെന്നും റെയ്‌ന മുന്നറിയിപ്പ് നൽകി.
സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് ഇന്ത്യയിൽ കളിക്കില്ലെന്ന ബംഗ്ലാദേശിന്‍റെ നിലപാട് തെറ്റാണെന്നും റെയ്ന പറഞ്ഞു. ഇന്ത്യയിൽ കളിക്കാർ സുരക്ഷിതരല്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ വാദം അടിസ്ഥാനരഹിതമാണ്. ഇന്ത്യയിൽ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നിട്ടും വരാതിരുന്നത് ബംഗ്ലാദേശിന്റെ മാത്രം തെറ്റാണ്. ലോകത്തെ മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന വേദിയിൽ കളിക്കാനാവാത്തത് ആ ടീമിന് വലിയ കായിക-സാമ്പത്തിക നഷ്ടമുണ്ടാക്കും," റെയ്‌ന വ്യക്തമാക്കി.
ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകകപ്പ് ബഹിഷ്കരിക്കാൻ നീക്കം നടത്തുന്ന പാക് ക്രിക്കറ്റ് ബോർഡ് മേധാവി മൊഹ്‌സിൻ നഖ്‌വിക്കുള്ള മുന്നറിയിപ്പും റെയ്ന നൽകി. ജയ് ഷാ നേരത്തെ വ്യക്തമാക്കിയത് പോലെ, ഇന്ത്യയിലേക്ക് വരാൻ തയ്യാറാകാത്ത ബോർഡുകൾക്കെതിരെ ഐസിസി സസ്പെൻഷൻ അടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കും. ലോകകപ്പ് ബഹിഷ്‌കരിച്ചാൽ പാകിസ്ഥാന്‍റെ ഐസിസി ഫണ്ടും പി.എസ്.എല്ലിനുള്ള (PSL) വിദേശ താരങ്ങളുടെ അനുമതിയും റദ്ദാക്കപ്പെട്ടേക്കാം. ഇത് പാക് ക്രിക്കറ്റിന്‍റെ തകർച്ചയ്ക്ക് തന്നെ കാരണമാകുമെന്ന് റെയ്ന ഓർമ്മിപ്പിച്ചു.
ബംഗ്ലാദേശിനെ മാറ്റി പകരം സ്കോട്ട്‌ലൻഡിനെ ടൂർണമെന്‍റിൽ ഉൾപ്പെടുത്തിയ ഐസിസി നടപടി, വിട്ടുവീഴ്ചയില്ലെന്ന സന്ദേശമാണ് നൽകുന്നത്. ഫെബ്രുവരി 2-ന് മുമ്പ് ലോകകപ്പില്‍ കളിക്കുന്ന കാര്യത്തില്‍ പാകിസ്ഥാൻ അന്തിമ തീരുമാനം പ്രഖ്യാപിക്കാനിരിക്കെയാണ് റെയ്നയുടെ മുന്നറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!