
ചെന്നൈ: സഞ്ജു സാംസണിന്റെ ട്രേഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും ധാരണയിലായതായി റിപ്പോര്‍ട്ട്. പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇക്കാര്യം അറിയിച്ചത്. രാജസ്ഥാന്‍ ക്യാപ്റ്റനായ സഞ്ജു ചെന്നൈയിലെത്തുമ്പോള്‍ രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ ചെന്നൈ വിട്ടുകൊടുക്കുമെന്നാണ് അറിയുന്നത്. ഇരു ഫ്രാഞ്ചൈസികളും ട്രേഡില്‍ ഉള്‍പ്പെടുന്ന മൂന്ന് താരങ്ങളുമായി സംസംസാരിച്ചു. എന്നാല്‍ ഔദ്യോഗികമായി ഇരു ഫ്രാഞ്ചൈസികളും പുറത്തുവിട്ടിട്ടില്ല.
ട്രേഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന മൂന്ന് കളിക്കാരുടെ പേര് രാജസ്ഥാനും സിഎസ്‌കെയും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിന് മുന്നില്‍ വെക്കണം. ട്രേഡിംഗ് നിയമങ്ങള്‍ അനുസരിച്ച്, താരങ്ങളുെട രേഖാമൂലമുള്ള സമ്മതം ലഭിച്ചുകഴിഞ്ഞാല്‍, ഫ്രാഞ്ചൈസികള്‍ക്ക് അന്തിമ കരാറിനായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താം. സഞ്ജുവും ജഡേജയും വളരെക്കാലമായി അവരവരുടെ ഫ്രാഞ്ചൈസികളില്‍ ഉണ്ട്. സഞ്ജു 11 സീസണുകളില്‍ രാജസ്ഥാന് വേണ്ടി കളിച്ചു. അതേസമയം 2012 മുതല്‍ ജഡേജ സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്. ഇതിനിടെ സിഎസ്‌കെയ്ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ 2016, 2017 സീസണില്‍ ഗുജറാത്ത് ലയണ്‍സിനും കളിച്ചു. ഇക്കാലയളവില്‍ സഞ്ജു ഡല്‍ഹി ക്യാപിറ്റല്‍സിലായിരുന്നു.
പ്രഥമ ഐപില്‍ കിരീടം നേടിയ റോയല്‍സ് ടീമില്‍ അംഗമായിരുന്നു ജഡേജ. ഒരു വര്‍ഷം കൂടി അവിടെ തുടര്‍ന്നു. തൊട്ടടുത്ത സീസണില്‍ റോയല്‍സ് ടീം അധികൃതരെ അറിയിക്കാതെ ജഡേജ, മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തു. കരാര്‍ ലംഘനം നടത്തിയ താരത്തിനെതിരെ റോയല്‍സ് ബിസിസിഐ സമീപിച്ചു. ബിസിസിഐ, ജഡേജയ്ക്ക് ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി. 2011 സീസണില്‍ കൊച്ചി ടസ്‌കേഴ്സിലെത്തി ജഡേജ. പിന്നീടായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ജേഴ്സിയില്‍ കളിക്കുന്നത്.
2019ല്‍ പഞ്ചാബ് കിംഗ്‌സില്‍ നിന്നാണ് കറന്‍ തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. 2023, 2024 സീസണിലും അവര്‍ക്കായി കളിച്ചു. 2020, 2021 സീസണിലും സിഎസ്‌കെയ്ക്കായി കളിച്ചു. 2025 സീസണില്‍ 2.4 കോടി രൂപയ്ക്ക് കറനെ സിഎസ്‌കെ തിരികെ വാങ്ങി, അഞ്ച് മത്സരങ്ങളില്‍ നിന്ന് 114 റണ്‍സും ഒരു വിക്കറ്റും മാത്രമാണ് അദ്ദേഹം നേടിയത്.