
ചെന്നൈ: സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ഇക്കാര്യത്തില്‍ അധികം വൈകാതെ തീരുമാനമുണ്ടാകും. ഐപിഎല്‍ താരലേലത്തിന് മുമ്പ് ട്രേഡിലൂടെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈയുടെ ശ്രമം. സഞ്ജുവിനെ വിട്ടുകിട്ടണമെങ്കില്‍ പകരം റോയല്‍സ് ചെന്നൈയുടെ വിശ്വസ്ത താരമായ രവീന്ദ്ര ജഡേജയൊണ് ആവശ്യപ്പെട്ടത്. ഇരുവര്‍ക്കും 18 കോടിയാണ് പ്രതിഫലം. ജഡേജ, മാത്രം പോര കൂടെ ഡിവാള്‍ഡ് ബ്രേവിസിനെ കൂടി ആവശ്യപ്പെടുകയാണ് രാജസ്ഥാന്‍ റോയല്‍സ്.
ഇക്കാര്യത്തില്‍ സിഎസ്‌കെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇതിനിടെയാണ് മറ്റൊരു വാര്‍ത്ത പുറത്തുവരുന്നത്. ജഡേജ ട്രേഡിന് വിസമ്മതിച്ചു എന്നുള്ളതാണ് വാര്‍ത്ത. സിഎസ്‌കെ ജഡേജയെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം സമ്മതം മൂളിയിട്ടില്ല. അതുകൊണ്ടുതന്നെ സാം കറനെ വിട്ടുകൊടുക്കാനുള്ള സാധ്യതയും സിഎസ്‌കെ അന്വേഷിക്കുന്നുണ്ട്. സഞ്ജുവിനെ ട്രേഡിലൂടെ എത്തിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, താരലേലത്തിലൂടെ സ്വന്തമാക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ മറ്റു ടീമുകളും സഞ്ജുവിന് വേണ്ടി രംഗത്ത് വരും. കൂടുതല്‍ പണവും മുടക്കേണ്ടി വരും.
പ്രഥമ ഐപില്‍ കിരീടം നേടിയ റോയല്‍സ് ടീമില്‍ അംഗമായിരുന്നു ജഡേജ. ഒരു വര്‍ഷം കൂടി അവിടെ തുടര്‍ന്നു. തൊട്ടടുത്ത സീസണില്‍ റോയല്‍സ് ടീം അധികൃതരെ അറിയിക്കാതെ ജഡേജ, മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തു. കരാര്‍ ലംഘനം നടത്തിയ താരത്തിനെതിരെ റോയല്‍സ് ബിസിസിഐ സമീപിച്ചു. ബിസിസിഐ, ജഡേജയ്ക്ക് ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി. 2011 സീസണില്‍ കൊച്ചി ടസ്‌കേഴ്‌സിലെത്തി ജഡേജ. പിന്നീടായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജേഴ്‌സിയില്‍ കളിക്കുന്നത്. 2012 മുതല്‍ ചെന്നൈയുടെ താരമാണ് ജഡേജ. ഇതിനിടെ സിഎസ്കെയ്ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ 2016, 2017 സീസണില്‍ ഗുജറാത്ത് ലയണ്‍സിനും കളിച്ചു. 36കാരനായ ജഡേജ അടുത്തിടെ അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ഐപിഎല്‍ മിനി താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളെയും കൈമാറുന്ന താരങ്ങളെയും അറിയിക്കാനുള്ള അവസാന തീയതി ഈ മാസം 15 ആണ്. ഇതിന് മുമ്പ് സഞ്ജുവിന്റെ കാര്യത്തില്‍ ഇരു ടീമുകളും ധാരണയിലെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണില്‍ ഗുര്‍ജപ്നീത് സിംഗിന് പരിക്കേറ്റതോടൊണ് 2.2 കോടി രൂപക്ക് ചെന്നൈ ഡെവാള്‍ഡ് ബ്രെവിസിനെ പകരക്കാരനായി ടീമിലെത്തിച്ചത്. ഐപിഎല്‍ താരലേലത്തില്‍ ബ്രെവിസിനെ ആരും വാങ്ങിയിരുന്നില്ല. ആറ് മത്സരങ്ങള്‍ ചെന്നൈക്കായി കളിച്ച ബ്രെവിസ് 225 റണ്‍സെടുത്ത് തിളങ്ങിയിരുന്നു.