
മുംബൈ: ഐപിഎല്‍ മത്സരത്തിനിടെ ഡ്രസിംഗ് റൂമിലിരുന്ന് ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് ബിസിസിഐ കനത്ത പിഴ ചുമത്തി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി നല്‍കേണ്ടത്. താരത്തിന്റെ പെരുമാറ്റം കളിയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് വിലയിരുത്തിയാണ് നടപടി. 28ന് മുള്ളന്‍പൂരില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിനിടെയാണ് സംഭവം. ഡ്രസിംഗ് റൂമിലിരുന്ന് പരാഗ് വെയ്പ്പ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത് വലിയ വിവാദമായിരുന്നു.
ഈ സീസണില്‍ 14 കോടി രൂപ കരാറുള്ള പരാഗിന്റെ ഒരു മത്സരത്തിലെ പ്രതിഫലം ഏകദേശം ഒരു കോടി രൂപയാണ്. ഇതിന്റെ 25 ശതമാനം എന്ന നിലയില്‍ ഏകദേശം 25 ലക്ഷം രൂപ താരം പിഴയൊടുക്കേണ്ടി വരും. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.21 പ്രകാരമുള്ള ലെവല്‍ 1 കുറ്റമാണ് പരാഗ് ചെയ്തതെന്ന് മാച്ച് റഫറി അമിത് ശര്‍മ കണ്ടെത്തി. പ്രത്യേകമായി പെരുമാറ്റച്ചട്ടത്തില്‍ പറയാത്ത, എന്നാല്‍ കളിയുടെ സല്‍പ്പേരിനെ ബാധിക്കുന്ന പ്രവൃത്തികള്‍ക്കാണ് ഈ വകുപ്പ് ചുമത്തുന്നത്.
പിഴയ്ക്ക് പുറമെ പരാഗിന്റെ അക്കൗണ്ടില്‍ ഒരു ഡിമെറിറ്റ് പോയിന്റും ചേര്‍ത്തിട്ടുണ്ട്. താന്‍ ചെയ്ത തെറ്റ് പരാഗ് സമ്മതിച്ചതായും ശിക്ഷ അംഗീകരിച്ചതായും ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു. ആദ്യമായാണ് ഇത്തരം ഒരു ലംഘനം എന്നതിനാലാണ് ശിക്ഷ ലെവല്‍ 1ല്‍ ഒതുങ്ങിയത്. എങ്കിലും, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ടീമിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നുണ്ട്.
ഐപിഎല്ലിന്റെ അന്തസ്സ് നിലനിര്‍ത്താന്‍ കളിക്കാര്‍ പൊതുസ്ഥലങ്ങളിലും ഡ്രസിംഗ് റൂമിലും മാതൃകാപരമായി പെരുമാറണമെന്ന് ബോര്‍ഡ് കര്‍ശന നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച രാവിലെയാണ് പരാഗിന് ബിസിസിഐ ഔദ്യോഗികമായി നോട്ടീസ് നല്‍കിയത്. അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ടെങ്കിലും, പിഴയൊടുക്കി വിവാദം അവസാനിപ്പിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!