റണ്‍ വേട്ടക്കാരിലും വിക്കറ്റ് നേട്ടക്കാരിലും ഒന്നാമനായി രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍; വൈഭവ് നാലാമത്

Published : Apr 08, 2026, 03:07 PM IST
Yashasvi Jaiswal

Synopsis

റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് യശ്വസി ജയ്സ്വാളും വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് രവി ബിഷ്ണോയിയും സ്വന്തമാക്കിയതോടെ ടീമിന്റെ ആധിപത്യം സമ്പൂര്‍ണ്ണമായി.

ഗുവാഹത്തി: ഐപിഎല്‍ 2026 സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് രാജസ്ഥാന്‍ റോയല്‍സ് കുതിപ്പ് തുടരുമ്പോള്‍, വ്യക്തിഗത മികവിനുള്ള ഓറഞ്ച് ക്യാപ്പും പര്‍പ്പിള്‍ ക്യാപ്പും രാജസ്ഥാന്‍ താരങ്ങള്‍ സ്വന്തമാക്കി. റണ്‍വേട്ടക്കാരിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയിലും രാജസ്ഥാന്‍ താരങ്ങളാണ് മുന്നില്‍. ഐപിഎല്‍ പോയിന്റ് പട്ടികയിലും രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് മുന്നില്‍.

മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ 32 പന്തില്‍ പുറത്താകാതെ 77 റണ്‍സ് അടിച്ചുകൂട്ടിയ യശ്വസി ജയ്സ്വാളാണ് നിലവില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമത്. മൂന്ന് ഇന്നിംഗ്സുകളില്‍ നിന്നായി 170 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരം 160 റണ്‍സുമായി തൊട്ടുപിന്നാലെയുണ്ട്. ഈ സീസണിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 90 റണ്‍സും സമീറിന്റെ പേരിലാണ്. ഹെന്റിച്ച് ക്ലാസന്‍ (145), വൈഭവ് സൂര്യവംശി (122), രോഹിത് ശര്‍മ്മ (118) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് ബാറ്റര്‍മാര്‍. ദേവ്ദത്ത് പടിക്കല്‍ (111), ആംകൃഷ് രഘുവന്‍ഷി (110), കൂപ്പര്‍ കൊനോലി (108) എന്നിവരാണ് നൂറ് കടന്ന മറ്റുതാരങ്ങള്‍.

ബൗളിംഗില്‍ രാജസ്ഥാന്റെ ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയിയാണ് ഒന്നാം സ്ഥാനത്ത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ ബിഷ്‌ണോയ് മുംബൈക്കെതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ കൂടി നേടിയതോടെ ആകെ വിക്കറ്റ് നേട്ടം ഏഴായി. വിജയ്കുമാര്‍ വൈശാഖ് (5), അന്‍ഷുല്‍ കംബോജ് (5), നാന്ദ്രെ ബര്‍ഗര്‍ (5), ജേക്കബ് ഡഫി (5) എന്നിവരാണ് ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ട മറ്റുതാരങ്ങള്‍.

രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ചിടത്തോളം ടീം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിനൊപ്പം ബാറ്റിംഗിലും ബൗളിംഗിലും തങ്ങളുടെ താരങ്ങള്‍ തന്നെ തലപ്പത്തെത്തിയത് ഇരട്ടി ആവേശമാണ് നല്‍കുന്നത്. പോരാത്തതിന് പോയിന്റ് പട്ടികയിലും ഒന്നാമത്. മൂന്നില്‍ മൂന്നും ജയിച്ച രാജസ്ഥാന് ആറ് പോയിന്റാണുള്ളത്. +2.403 നെറ്റ് റണ്‍റേറ്റും രാജസ്ഥാനുണ്ട്. മൂന്നില്‍ രണ്ട് ജയം സ്വന്തമാക്കി അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്ത് പഞ്ചാബ് കിംഗ്‌സാണ്. അവരുടെ ഒരു മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. അങ്ങനെ ഒരു പോയിന്റ് പങ്കിടേണ്ടി വന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് മൂന്നാം സ്ഥാനത്ത്. കളിച്ച രണ്ട് മത്സരങ്ങും ജയിച്ച ആര്‍സിബിക്ക് നാല് പോയിന്റാണുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ഐപിഎല്ലില്‍ ഏറ്റവും വലിയ റണ്‍വരള്‍ച്ചയുണ്ടായ മത്സരം
ഐപിഎല്‍ 2026: ജയിച്ചു തുടങ്ങി, തോറ്റ് തുടരുന്നു; മുംബൈയെ ഇനിയും ഭയക്കണോ?