സഞ്ജു ഇല്ല, നയിക്കാന്‍ റിയാന്‍ പരാഗ്; പുതിയ മട്ടിലും ഭാവത്തിലും രാജസ്ഥാന്‍ റോയല്‍സ്

Published : Mar 22, 2026, 11:23 AM IST
Riyan Parag

Synopsis

സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് മാറിയതോടെ, റിയാന്‍ പരാഗിന്റെ നായകത്വത്തില്‍ പുതിയ സീസണിനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. 

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് പത്തൊന്‍പതാം സീസണ് ഇറങ്ങുമ്പോള്‍ ടീമില്‍ ഇല്ലാത്തൊരു താരത്തിന്റെ പേരിലാവും ശ്രദ്ധിക്കപ്പെടുക. ടീമിന്റെ നെടുന്തൂണും നായകനുമായിരുന്ന സഞ്ജു സാംസണ്‍. പുതിയ സീസണില്‍ സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിരയില്‍ ഇറങ്ങുമ്പോള്‍ രാജസ്ഥാന്റെ നഷ്ടം ചെറുതല്ല. സഞ്ജുവിന് പകരക്കാരില്ലെന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ നായകന്‍ റിയാന്‍ പരാഗിന്റെ വാക്കുകള്‍ മാത്രം മതി ടീമിന്റെ നഷ്ടം എത്രയെന്നറിയാന്‍. സഞ്ജുവിന്റെ അഭാവം മറികടക്കുക എന്നതുതന്നെയാവും ഈ സീസണില്‍ രാജസ്ഥാന്‍ നേരിടുന്ന പ്രധാനവെല്ലുവിളി.

സഞ്ജു പോയതോടെ കാതലായ മാറ്റങ്ങളോടെയാണ് റോയല്‍സ് രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്നത്. റിയാന്‍ പരാഗാണ് പുതിയ ക്യാപ്റ്റന്‍. കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്കേറ്റപ്പോള്‍ പരാഗാണ് ടീമിനെ നയിച്ചത്. ഇതുകൊണ്ടുതന്നെ ടീമിനെ നയിച്ച പരിചയം പരാഗിനുണ്ട്. സഞ്ജുവിന് പകരം ചെന്നൈയില്‍ നിന്ന് കിട്ടിയ രവീന്ദ്ര ജഡേജയിലും സ്പിന്നര്‍ രവി ബിഷ്‌ണോയിയിലും പ്രതീക്ഷയേറെ. ജഡേജയ്‌ക്കൊപ്പമെത്തിയ സാം കറന്റെ പരിക്ക് കനത്ത തിരിച്ചടിയാവും. മുംബൈ ഇന്ത്യന്‍സിലുടെ ഐപിഎല്ലില്‍ വരവറിയിച്ച വിഘ്‌നേഷ് പുത്തൂരാണ് ടീമിലെ മലയാളി സാന്നിധ്യം. രാഹുല്‍ ദ്രാവിഡിന് പകരം കുമാര്‍ സങ്കക്കാര പരിശീലകനായും തിരിച്ചെത്തിയിട്ടുണ്ട്.

ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് വൈഭവ് സൂര്യവംശയുടെ ബാറ്റിലേക്ക്. ആദ്യ സീസണില്‍ തന്നെ വെടിക്കെട്ട് പ്രകടനം നടത്തിയ കൗമാരതാരം ഇക്കുറി അണ്ടര്‍ 19 ലോകകപ്പ് നേടിയ തിളക്കത്തിലാണ് ക്രീസിലെത്തുക. ഒപ്പം യശസ്വീ ജയ്‌സ്വാള്‍കൂടി ചേരുമ്പോള്‍ ഓപ്പണിംഗില്‍ രാജസ്ഥാന് ആശങ്കയൊന്നുമില്ല. ട്വന്റി 20 ലോകകപ്പില്‍ വിന്‍ഡീസിനായി തകര്‍ത്തടിച്ച ഷിമ്രോണ്‍ ഹെറ്റ്‌മെയറാവും വണ്‍ഡൌണ്‍. മധ്യനിരയ്ക്ക് കരുത്തായി നായകന്‍ റിയാന്‍ പരാഗും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലും. ഓള്‍റൌണ്ട് കരുത്തുമായി പരിചയ സമ്പന്നനായ രവീന്ദ്ര ജഡേജ. ബൗളിംഗ് നിരയെ നയിക്കുക ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍.

ക്വേന മഫാക, ആദം മില്‍നെ,സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരും പേസ് സംഘത്തിലുണ്ട്. ഫിനിഷറുടെ റോള്‍ നിറവേറ്റാന്‍ ഒരാളില്ല എന്നതാണ് രാജസ്ഥാന്‍ നിരയിലെ പ്രധാന പോരായ്മ. ഹെറ്റ്‌മെയറിന് സ്ഥാനക്കയറ്റം നല്‍കുന്നതോടെ ആദ്യ മൂന്ന് ബാറ്റര്‍മാരും ഇടംകൈയന്‍മാരാവും എന്നതും പ്രതിസന്ധി. ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടംകൈയന്‍മാര്‍ വന്നതോടെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ നേരിട്ട പ്രതിസന്ധി എതിര്‍ടീമുകള്‍ മറക്കില്ലെന്ന് ഉറപ്പ്. പരാഗിന്റെ ക്യാപ്റ്റന്‍സിയിലും ആരാധകര്‍ക്ക് ആശങ്കയുണ്ട്. കാരണം കഴിഞ്ഞ സീസണില്‍ പരാഗ് നയിച്ച 8 കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് രാജസ്ഥാന് ജയിക്കാനായത്.

സാധ്യതാ ടീം: യശ്വിസി ജയസ്വാള്‍, വൈഭവ് സൂര്യവന്‍ഷി, ഷിംറോണ്‍ ഹെറ്റ്മയര്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, ഡോണോവന്‍ ഫെറെയ്‌റ, ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ, രവി ബിഷ്‌നോയ്, ആദം മില്‍നെ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇനി സര്‍വം സഞ്ജു, ഐപിഎല്‍ 2026 ധോണിയുടെ അവസാന സീസണായേക്കും; സൂചന നല്‍കി മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ
കപ്പടിക്കണം, അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ലക്‌നൗ ക്യാപ്റ്റന്‍ റിഷഭ് പന്തും ഉടമ സഞ്ജീവ് ഗോയങ്കയും