പ്രഭാത് ജയസൂര്യയുടെ പന്തിൽ സിക്സർ പറത്തിയ രാഹുലിനെ, അടുത്ത പന്തിൽ തന്നെ ജയസൂര്യ വിക്കറ്റിന് മുന്നിൽ കുടുക്കി. ലങ്കൻ താരങ്ങളുടെ അപ്പീലിൽ അമ്പയർ എൽ.ബി.ഡബ്ല്യു ഔട്ട് വിധിക്കുകയും ചെയ്തു.
ഗാലെ: അമ്പയര്‍ എല്‍ബിഡബ്ല്യു ഔട്ട് വിളിച്ചതിന് പിന്നാലെ ഡിആര്‍എസ് എടുക്കാന്‍ ആവശ്യപ്പെട്ട് വിക്കറ്റ് പോവാതെ കാത്തതിന് ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കലിന് കെ എല്‍ രാഹുലിന്‍റെ സ്നേഹചുംബനം. ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റിന്‍റെ നാലാം ദിനമായിരുന്നു ഗ്രൗണ്ടില്‍ രസകരമായ നിമിഷങ്ങള്‍ അരങ്ങേറിയത്. നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ യശസ്വി ജയ്‌സ്വാളിന്‍റെ വിക്കറ്റ് നഷ്ടമായിരുന്നു. അസിത ഫെര്‍ണാണ്ടോയുടെ പന്തില്‍ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് ജയ്‌സ്വാൾ മടങ്ങിയത്. തുടർന്ന് ക്രീസിലൊന്നിച്ച രാഹുൽ - പടിക്കൽ സഖ്യം മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്തി മുന്നേറുന്നതിനിടെയാണ് രസകരമായ നിമിഷങ്ങള്‍ക്ക് ഗാലെ സാക്ഷ്യം വഹിച്ചത്.
പ്രഭാത് ജയസൂര്യയുടെ പന്തിൽ സിക്സർ പറത്തിയ രാഹുലിനെ, അടുത്ത പന്തിൽ തന്നെ ജയസൂര്യ വിക്കറ്റിന് മുന്നിൽ കുടുക്കി. ലങ്കൻ താരങ്ങളുടെ അപ്പീലിൽ അമ്പയർ എൽ.ബി.ഡബ്ല്യു ഔട്ട് വിധിക്കുകയും ചെയ്തു.പന്ത് തന്‍റെ പിൻകാലിലെ തുടയിലാണ് കൊണ്ടതെന്ന് പറഞ്ഞ രാഹുല്‍ ഡിആര്‍എസ് എടുക്കണോ എന്ന സംശയത്തില്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ദേവ്ദത്തിനെ നോക്കി. എന്നാല്‍ പിന്‍കാലില്‍ കൊണ്ടതിനാലും പന്തിന്‍റെ ഉയരവും ചൂണ്ടിക്കാണിച്ച് ഡിആര്‍എസ് എടുക്കാൻ പടിക്കൽ രാഹുലിനോട് നിര്‍ദേശിച്ചു. പടിക്കലിന്‍റെ നിർദേശം സ്വീകരിച്ച് രാഹുൽ ഉടൻ തന്നെ റിവ്യൂ എടുത്തു.
ടിവി അമ്പയറുടെ പരിശോധനയിൽ, ബോൾ ട്രാക്കിങ്ങിൽ പന്ത് സ്റ്റമ്പിൽ കൊള്ളാതെ മുകളിലൂടെ പോകുന്നതായി വ്യക്തമായി. ഇതോടെ ഓണ്‍ഫീല്‍ഡ് അമ്പയർക്ക് തീരുമാനം പിൻവലിക്കേണ്ടി വന്നു. ഔട്ടല്ലെന്ന് ഉറപ്പായതോടെ സന്തോഷം അടക്കാനാവാതെ രാഹുൽ പടിക്കലിനെ കെട്ടിപ്പിടിക്കുകയും ഹെൽമെറ്റിലൂടെ ഉമ്മ നൽകുകയുമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഇരുവരും കര്‍ണാടകയുടെ താരങ്ങള്‍ കൂടിയാണ്. എന്നാല്‍ വീണുകിട്ടിയ ഭാഗ്യം മുതലാക്കി അധികനേരം ക്രീസിൽ തുടരാന്‍ രാഹുലിനായില്ല. പതിനഞ്ചാം ഓവറില്‍ പ്രഭാത് ജയസൂര്യയുടെ പന്തില്‍ വീണ്ടുമൊരു സിക്സിന് ശ്രമിച്ച രാഹുലിനെ(35)മിലന്‍ രത്നായകെ ക്യാച്ചെടുത്ത് പുറത്താക്കി.
