
ഗുവാഹത്തി: ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ സഞ്ജു സാംസണ് ഇന്ന് അരങ്ങേറ്റം. ചെന്നൈ, സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഗുവാഹത്തിയില്‍ വൈകീട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സി എസ് കെയുടെ മഞ്ഞ ജഴ്‌സിയില്‍ സഞ്ജുവിന്റെ അരങ്ങേറ്റം മലയാളിതാരത്തെ റോയല്‍ ആക്കിയ രാജസ്ഥാനെതിരെ എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. രാജസ്ഥാന്റെ ബദല്‍ ആവട്ടെ ചെന്നൈയുടെ അടിയും തടയുമെല്ലാം നന്നായി അറിയുന്ന രവീന്ദ്ര ജഡേജ.
സഞ്ജുവും ജഡേജയും കൂടുമാറി നേര്‍ക്കുനേര്‍ പോരിനിറങ്ങുന്‌പോള്‍ ആരാധകര്‍ക്ക് ആകാംക്ഷയേറെ. തലമുറ മാറ്റത്തിന്റെ വിളംബരവുമായി സഞ്ജു എത്തിയ ആവേശമുണ്ടെങ്കിലും ചെന്നൈ ക്യാമ്പ് പരിക്കിന്റെ പിടിയില്‍. സി എസ് കെ ആദ്യ മത്സരത്തിനിറങ്ങുക എം എസ് ധോണിയും ഡെവാള്‍ഡ് ബ്രേവിസും സ്‌പെന്‍സര്‍ ജോണ്‍സനും ഇല്ലാതെ. റണ്‍സ് പ്രതീക്ഷ സഞ്ജു, ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ്, ആയുഷ് മാത്രേ, ശിവം ദുബേ എന്നിവരുടെ ബാറ്റുകളില്‍. ബ്രേവിസിന് പകരം സര്‍ഫറാസ് ഖാന്‍ ടീമിലെത്താന്‍ സാധ്യത.
യുവതാരങ്ങളായ പ്രശാന്ത് വീറിലും കാര്‍ത്തിക് ശര്‍മ്മയിലും പ്രതീക്ഷയേറെ. ധോണിയുടെ അഭാവത്തില്‍ സഞ്ജു വിക്കറ്റിന് പിന്നിലെത്തുമെന്ന് ഉറപ്പ്. ജെയ്മി ഒവര്‍ട്ടന്‍, ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ് എന്നിവര്‍ ഉള്‍പ്പെട്ട പേസ് നിരയുടെ പ്രകടനം എങ്ങനെയെന്ന് കണ്ടറിയണം. നൂര്‍ അഹമ്മദ്, രാഹുല്‍ ചഹര്‍ സ്പിന്‍ ജോഡിയുടെ പ്രകടനം നിര്‍ണായകം. രാജസ്ഥാന്‍ ഇറങ്ങുന്നത് റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍. റണ്‍സ് പ്രതീക്ഷ ഇടംകൈയന്‍ ബാറ്റര്‍മാരായ യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരില്‍.
മധ്യനിരയില്‍ പരാഗും ധ്രുവ് ജുറലും. ജഡേജയും ദസുന്‍ ഷനകയും ഓള്‍ റൗണ്ട് റോളിലെത്തുമ്പോള്‍ വിക്കറ്റ് വീഴ്ത്താന്‍ ജോഫ്ര ആര്‍ച്ചറും സന്ദീപ് ശര്‍മ്മയും ആഡം മില്‍നേയും രവി ബിഷ്‌ണോയിയും. ചെന്നൈയും രാജസ്ഥാനും ഇതുവരെ ഏറ്റുമുട്ടിയത് 31 മത്സരങ്ങളില്‍. ചെന്നൈ പതിനാറിനും രാജസ്ഥാന്‍ പതിനഞ്ചിലും ജയിച്ചു. ഗുവാഹത്തിയില്‍ ജയസാധ്യത കൂടുതല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന്. മഞ്ഞുവീഴ്ച ഉള്ളതിനാല്‍ ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിച്ചേക്കില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!