ഇതിന് പിന്നാലെയാണ് ഗംഭീര്‍ സഞ്ജുവുമായി ദീര്‍ഘ സംഭാഷണത്തിലേര്‍പ്പെട്ടത്. ഗംഭീര്‍ വരുമ്പോള്‍ ഗ്രൗണ്ടില്‍ നിന്ന് കയറാനൊരുങ്ങിയ സഞ്ജുവിനെ ഗംഭീര്‍ പിടിച്ചുനിര്‍ത്തി സംസാരിക്കുകയായിരുന്നു.
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തായതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണുമായി ഗ്രൗണ്ടില്‍ ദീർഘസംഭാഷണത്തില്‍ ഏര്‍പ്പെട്ട് കോച്ച ഗൗതം ഗംഭീര്‍. 15-കാരൻ വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം ഒരുക്കിയതോടെയാണ് ലോകകപ്പിലെ താരമായ സഞ്ജു ടീമില്‍ നിന്ന് പുറത്തായത്. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും നിരാശപ്പെടുത്തിയതോടെയാണ് സഞ്ജുവിനെ മാറ്റി വൈഭവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്.
ഇതിന് പിന്നാലെയാണ് ഗംഭീര്‍ സഞ്ജുവുമായി ദീര്‍ഘ സംഭാഷണത്തിലേര്‍പ്പെട്ടത്. ഗംഭീര്‍ വരുമ്പോള്‍ ഗ്രൗണ്ടില്‍ നിന്ന് കയറാനൊരുങ്ങിയ സഞ്ജുവിനെ ഗംഭീര്‍ പിടിച്ചുനിര്‍ത്തി സംസാരിക്കുകയായിരുന്നു. സഞ്ജുവിനെ ടീമിൽ നിന്ന് മാറ്റുന്ന കാര്യം കോച്ച് സഞ്ജുവിനെ നേരിട്ട് ബോധ്യപ്പെടുത്തുകയായിരുന്നു ഗംഭീര്‍ എന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ കോച്ചിന്‍റെ വാക്കുകളില്‍ സഞ്ജു പൂര്‍ണ തൃപ്തനല്ലെന്നാണ് സൂചനകള്‍.വെറും മൂന്ന് കളിയിലെ മോശം പ്രകടനങ്ങളുടെ പേരില്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ സഞ്ജുവിന് അതൃപ്തിയുണ്ടെന്നാണ് സൂചനകൾ.
മാസങ്ങൾക്ക് മുൻപ് ഇന്ത്യ ടി20 ലോകകപ്പ് കിരീടം ചൂടിയപ്പോൾ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ 97*, 89, 89 എന്നിങ്ങനെ റൺസ് അടിച്ചുകൂട്ടി സഞ്ജു തിളങ്ങിനിന്നിരുന്നു. എന്നാൽ തൊട്ടുപിന്നാലെ വന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ താരത്തിന്‍റെ ഫോമിലാവാനായില്ല.കഴിഞ്ഞ മൂന്ന് ഇന്നിങ്സുകളിൽ 5, 0, 1 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്‍റെ സ്കോറുകൾ.മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരെ സഞ്ജുവിന് പകരം ഓപ്പണറായി ഇറങ്ങിയതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ ചരിത്ര റെക്കോർഡും വൈഭവ് സൂര്യവംശി തകർത്തിരുന്നു. 15 വയസും 99 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് വൈഭവ് ഇന്ത്യക്കായി അരങ്ങേറുന്നത്. സച്ചിൻ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത് 16 വയസും 205 ദിവസവുമുള്ളപ്പോഴായിരുന്നു. ഈ റെക്കോർഡാണ് 15-കാരൻ മറികടന്നത്.
അന്താരാഷ്ട്ര ടി20 ചരിത്രത്തിൽ ഒരു ടെസ്റ്റ് പദവിയുള്ള രാജ്യത്തിന് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി.രാജസ്ഥാൻ റോയൽസിന് വേണ്ടി ഐപിഎല്ലിൽ നടത്തിയ അവിശ്വസനീയ പ്രകടനമാണ് വൈഭവിനെ ഇന്ത്യൻ ടീമിലെത്തിച്ചത്. ഐപിഎല്ലിലെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് ഉൾപ്പെടെ അഞ്ച് പുരസ്കാരങ്ങളാണ് താരം അടിച്ചെടുത്തത്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടി20 ടീമിൽ വൈഭവ് ഇടംപിടിച്ചിട്ടുണ്ട്. വൈഭവിന്‍റെ അസാധാരണ ഫോമും പ്രായവും പരിഗണിക്കുമ്പോൾ, സഞ്ജു സാംസണ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ ഇനി കാത്തിരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്.
