
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ജയ്പൂരില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ ആശങ്കയുടേയും ആവലാതിയുടേയും നടുവിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. എട്ട് കളിയില്‍ അഞ്ചിലും തോല്‍വി. അവസാന മൂന്ന് മത്സരത്തില്‍ തുടരെ നിരാശ. കെ എല്‍ രാഹുലും ഡേവിഡ് മില്ലറും ട്രിസ്റ്റന്‍ സ്റ്റബ്‌സും അടക്കമുള്ള ബാറ്റര്‍മാര്‍ ഉണ്ടെങ്കിലും സ്ഥിരതയില്ലായ്മയാണ് ഡല്‍ഹിയുടെ പ്രതിസന്ധി.
ബെംഗളൂരുവിനെതിരെ തകര്‍ന്നടിഞ്ഞത് വെറും 75 റണ്‍സിന്. രണ്ടക്കം കണ്ടത് മൂന്നുപേര്‍ മാത്രം. ഈ ആഘാതത്തില്‍ നിന്ന് കരകയറുകയാണ് വെല്ലുവിളി. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് സീസണില്‍ ആദ്യമായി ഇലവനിലെത്തുന്നത് ആശ്വാസം. കെയ്ല്‍ ജെയ്മിസനോ, ദുഷ്മന്ത ചമീരയ്‌ക്കോ സ്ഥാനം നഷ്ടമാവും. പരിക്ക് മാറിയ ലുംഗി എന്‍ഗിഡി പരിശീലനം തുടങ്ങിയെങ്കിലും കളിച്ചേക്കില്ല. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് സ്പിന്‍ ജോഡിക്ക് മൂര്‍ച്ച നഷ്ടമായതും പ്രതിസന്ധി. വൈഭവ് സൂര്യവന്‍ഷി, യശസ്വീ ജയ്‌സ്വാള്‍ ഓപ്പണിംഗ് ജോഡിയിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതീക്ഷ.
ഇരുവരും താളം കണ്ടെത്തിയാല്‍ ഡല്‍ഹി ബൗളര്‍മാര്‍ കാഴ്ചക്കാരാവും. മധ്യനിരയില്‍ നായകന്‍ റിയാന്‍ പരാഗിന്റെയും ഷിമ്രോണ്‍ ഹെറ്റ്‌മെയറിന്റേയും റണ്‍വരള്‍ച്ച അവസാനിച്ചിട്ടില്ല. രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവുംജോഫ്ര ആര്‍ച്ചറുടെ വേഗപ്പന്തുകളും നിര്‍ണായകം. നേര്‍ക്കുനേര്‍ പോരാട്ടക്കണക്കില്‍ ഇരുടീമും ഒപ്പത്തിനൊപ്പം. മുപ്പത് കളിയില്‍ രാജസ്ഥാനും ഡല്‍ഹിക്കും പതിനഞ്ച് ജയം വീതം.
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ്, പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിനിടെ ഡ്രസ്സിംഗ് റൂമില്‍ ഇ സിഗരറ്റ് ഉപയോഗിച്ചതിനെതിരെ നടപടി. മാച്ച് ഫീസിന്റെ 25 ശതമാനം പിഴചുമത്തിയ ബിസിസിഐ പരാഗിന് ഒരു ഡീമെറിറ്റ് പോയിന്റും നല്‍കി. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചപ്പോള്‍ അംപയമാര്‍ അച്ചടക്ക നടപടിക്ക് ശുപാര്‍ശചെയ്തു. തുടര്‍ന്നാണ് മാച്ച് റഫറി അമിത് ശര്‍മ്മ പിഴ ചുമത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!